ADVERTISEMENT

അഭിമന്യുവിന്റെ രക്തസാക്ഷി ദിനം നൃത്തം ചെയ്ത് ആഘോഷിക്കുന്ന എസ്എഫ്ഐക്കാർ എന്ന അവകാശവാദത്തോടെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ  പ്രചരിക്കുന്നുണ്ട്. വിഡിയോയുടെ വസ്തുത പരിശോധനയ്ക്കായി മനോരമ ഓൺലൈൻ ഫാക്ട് ചെക്ക് നമ്പറിൽ ഞങ്ങൾക്ക് സന്ദേശം ലഭിച്ചു.വാസ്തവമറിയാം.

∙ അന്വേഷണം

വൈറൽ വിഡിയോ സമൂഹമാധ്യമങ്ങളിൽ പരിശോധിച്ചപ്പോൾ അഭിമന്യുവിന്‍റെ രക്തസാക്ഷി ദിനാചരണത്തിൽ  അഭിമന്യുവിനെ അപമാനിക്കുകയാണെന്ന വിമർശനത്തിനൊപ്പമാണ് വിഡിയോ പ്രചരിക്കുന്നത്. വൈറൽ വിഡിയോ ദൃശ്യങ്ങളിൽ വിദ്യാര്‍ത്ഥികള്‍ നൃത്തം ചെയ്യുന്ന വേദിയുടെ പുറകിലായി അഭിമന്യുവിന്റെ ചിത്രവും വർഗീയത തുലയട്ടെ എന്ന മുദ്രാവാക്യവും ഉൾപ്പെടുന്ന ബാനറും കാണാം. 

abhi1

മറ്റൊരു പോസ്റ്റിൽ, സഖാവ് അഭിമന്യൂവിന്റെ രക്തസാക്ഷി ദിനം ആചരിക്കുകയാണ്. മഹാരാജാസ് കോളേജ്. എല്ലാവരും full MDMA യിൽ ആണെന്ന് തോന്നുന്നു. ഇവന്റെയൊക്കെ വീട്ടിൽ ആരെങ്കിലും മരിച്ചാൽ ഇങ്ങനെ ആണോ ആചരിക്കുന്നത് ? എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റ് പ്രചരിക്കുന്നത്. പോസ്റ്റ് കാണാം.

വൈറൽ വിഡിയോ പരിശോധിച്ചപ്പോൾ മഹാരാജാസ് കോളേജ് യൂണിയന്‍ 2022-23 മാഗസിന്‍ പ്രകാശനം എന്നെഴുതിയ ഒരു ബാനർ വേദിയിൽ സ്ഥാപിച്ചതായി കാണാം. ഇതിൽ നിന്ന് ചടങ്ങ് അഭിമന്യു രക്തസാക്ഷി ദിനാചരണവുമായി ബന്ധപ്പെട്ടതായിരിക്കില്ല എന്ന സൂചന ലഭിച്ചു.

സ്ഥിരീകരണത്തിനായി ഞങ്ങൾ കോളേജിലെ ചില എസ്എഫ്ഐ പ്രവർത്തകരുമായി സംസാരിച്ചു. വിഡിയോയ്ക്കൊപ്പം തെറ്റിദ്ധാരണാപരമായ പ്രചാരണമാണ് നടക്കുന്നത്. മാസങ്ങൾക്ക് മുന്‍പ് കോളജ് യൂണിയന്‍ മാഗസിന്‍ പ്രകാശനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിലെ വിദ്യാര്‍ത്ഥികളുടെ ആഘോഷങ്ങളുടെ വിഡിയോയാണിതെന്നും അഭിമന്യു രക്തസാക്ഷി ദിനാചരണവുമായി വൈറൽ വിഡിയോയ്ക്ക് ബന്ധമില്ലെന്നും അവർ വ്യക്തമാക്കി. വിഡിയോയുടെ പശ്ചാത്തലത്തിലുള്ള അഭിമന്യുവിന്റെ ചിത്രം കോളേജ് ചുമരിൽ നേരത്തെ തന്നെ ഉണ്ടായിരുന്നതാണെന്നും അവർ വ്യക്തമാക്കി.

2022–23ലെ അഭിമന്യു അനുസ്മരണ വിഡിയോ ഫെയ്‌സ്ബുക്കിലെ SFI MAHARAJAS എന്ന ഔദ്യോഗിക പേജിൽ പോസ്റ്റ് ചെയ്തതും ഞങ്ങൾക്ക് ലഭിച്ചു. ഈ വിഡിയോ കാണാം.

ലഭ്യമായ വിവരങ്ങളിൽ നിന്ന് അഭിമന്യുവിന്റെ രക്തസാക്ഷി ദിനം നൃത്തം ചെയ്ത് ആഘോഷിക്കുന്ന എസ്എഫ്ഐക്കാർ എന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന വിഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തമായി.

∙ വസ്തുത

അഭിമന്യുവിന്റെ രക്തസാക്ഷി ദിനം നൃത്തം ചെയ്ത് ആഘോഷിക്കുന്ന എസ്എഫ്ഐക്കാർ എന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന വിഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണ്. കോളേജിലെ മാഗസിൻ പ്രകാശന ദിവസത്തിലെ വിദ്യാർത്ഥികളുടെ നൃത്തമാണ് വിഡിയോയിലുള്ളത്.

English Summary :Video circulating claiming that SFIs celebrate Abhimanyu's Martyr's Day with dance is misleading

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com