മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് പണം നല്‍കരുതെന്ന് വി.ഡി.സതീശന്‍ പറഞ്ഞിട്ടില്ല | Fact Check
Mail This Article
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട് നിരവധി വാദപ്രതിവാദങ്ങൾ സമൂഹമാധ്യമങ്ങളിലടക്കം നടക്കുന്നുണ്ട്. ഇപ്പോൾ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റേതെന്ന പേരില്‍ ഒരു പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് പണം നല്‍കരുതെന്ന തരത്തിലാണ് പോസ്റ്റ് പ്രചരിക്കുന്നത്. ഇതിന്റെ വസ്തുതാ പരിശോധനയ്ക്കായി മനോരമ ഓൺലൈൻ ഫാക്ട് ചെക്ക് ഹെൽപ്പ്ലൈൻ നമ്പറിൽ ഞങ്ങൾക്ക് സന്ദേശം ലഭിച്ചു.വസ്തുതയറിയാം.
∙ അന്വേഷണം
പ്രതിപക്ഷ നേതാവിന്റെ മുന്നറിയിപ്പ്,
വയനാട് ഉരുള്‍ പൊട്ടലില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് സഹായം ചെയ്യാന്‍ ആഗ്രഹിക്കുന്ന വിദേശത്തും നാട്ടിലുള്ളവര്‍ക്കും നേരിട്ട് സഹായം ചെയ്യാവുന്നതാണ്. അതിന് ഒരു നിയമതടസവുമില്ല. അര്‍ഹതപ്പെട്ടവരിലേക്ക് നിങ്ങള്‍ കൊടുക്കുന്ന സഹായം മുഴുവന്‍ കിട്ടാന്‍ നല്ല മാര്‍ഗം അതായിരികിക്കും. മുന്‍കാല അനുഭവങ്ങള്‍ നിങ്ങള്‍ മറക്കാതിരിക്കുക. എന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റ്.
വയനാട് ദുരന്തവുമായി ബന്ധപ്പെട്ട വി.ഡി.സതീശന്റെ പ്രസ്തവനകൾ സംബന്ധിച്ച വ്യക്തതയ്ക്കായി ഞങ്ങൾ നടത്തിയ കീവേഡ് പരിശോധനയിൽ യുഡിഎഫിലെ എല്ലാ എംഎൽഎമാരും ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നൽകുമെന്നാണ് വി.ഡി സതീശൻ പറഞ്ഞതെന്ന മാധ്യമ വാർത്തകൾ ഞങ്ങൾക്ക് ലഭിച്ചു.
പുനരധിവാസ പ്രവർത്തനങ്ങൾക്ക് സര്‍ക്കാരിന് എല്ലാവിധ പിന്തുണയും നൽകുമെന്നാണ് വി.ഡി.സതീശൻ മാധ്യമങ്ങളോട് പറഞ്ഞത്.
കൂടുതൽ പരിശോധനയിൽ മറ്റൊരു റിപ്പോർട്ടിൽ വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് രാഹുല്‍ ഗാന്ധിയും കെ.സി.വേണുഗോപാലും ലോക്സഭയിലും ജെബി മേത്തര്‍ ഉള്‍പ്പെടെയുള്ള പ്രതിപക്ഷാംഗങ്ങള്‍ രാജ്യസഭയിലും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നിട്ടും എന്തുകൊണ്ടാണ് ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതെന്ന് മനസിലാകുന്നില്ല. സഹായം നല്‍കാന്‍ സമയമായില്ലെന്ന് കേന്ദ്ര മന്ത്രി പറഞ്ഞതിനോട് യോജിക്കാനാകില്ല. അവര്‍ രാഷ്ട്രീയം കലര്‍ത്താനാണ് ശ്രമിക്കുന്നത്. അവരേക്കാള്‍ രാഷ്ട്രീയമായി ഈ സര്‍ക്കാരുമായും ഇടതു മുന്നണിയുമായും ഏറ്റുമുട്ടുന്നത് ഞങ്ങളല്ലേ. ഇപ്പോള്‍ രാഷ്ട്രീയ ഏറ്റുമുട്ടലിനുള്ള സമയമല്ല. അതേക്കുറിച്ച് ആലോചിക്കാന്‍ പോലും പറ്റുന്ന സമയമല്ല. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ സംവിധാനത്തെ എങ്ങനെ സഹായിക്കാമെന്നതിനെ കുറിച്ചാണ് ഞങ്ങള്‍ ഇപ്പോള്‍ ആലോചിക്കുന്നത്. രാഷ്ട്രീയ വിരോധം പറഞ്ഞു തീര്‍ക്കാനുള്ള സമയമല്ലിത്. സര്‍ക്കാരിന്റെ ഭാഗത്തെ എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ അതേക്കുറിച്ച് പിന്നീട് പറയാം.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കരുതെന്ന് ഞാന്‍ ആഹ്വാനം ചെയ്തതായി സി.പി.എം ഹാന്‍ഡിലുകളില്‍ പ്രചരണമുണ്ടായി. അതിനെതിരെ ഡി.ജി.പിക്ക് പരാതി നല്‍കിയിട്ടുണ്ട്. 2018ലെ പ്രളയത്തിലുണ്ടായ ദുരനുഭവമാണ് ദുരിതാശ്വാസ നിധിക്കെതിരെ പറയാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നത്. അങ്ങനെ പറയുന്നവരെ അറസ്റ്റു ചെയ്തിട്ട് കാര്യമില്ല. ദുരാതാശ്വാസ നിധി സംബന്ധിച്ച് സര്‍ക്കാര്‍ കുറച്ചു കൂടി വ്യക്തത വരുത്തുകയാണ് വേണ്ടത്. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്ന പണം പ്രത്യേക അക്കൗണ്ടിലായിരിക്കുമെന്നും എത്ര തുക കിട്ടിയെന്നും എത്ര തുക ചിലവഴിച്ചെന്നും വെളിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞാല്‍ മതി. ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കരുതെന്ന് ഞങ്ങള്‍ ആരും പറഞ്ഞിട്ടില്ല. രമേശ് ചെന്നിത്തലയും വി.എം സുധീരനും ഉള്‍പ്പെടെ ഞങ്ങളുടെ പാര്‍ട്ടിയിലെ എത്രയോ പേരാണ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയത്. യു.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടിയില്‍ ആലോചിച്ച് എല്ലാവരും ഒന്നിച്ച് പണം നല്‍കുന്നതിനെ കുറിച്ചാണ് ആലോചിക്കുന്നത്. ശമ്പളം നല്‍കുന്നത് പ്രതീകാത്മകമാണ്. അത് മറ്റുള്ളവരെ കൊടുക്കാന്‍ പ്രേരിപ്പിക്കലാണ്. എന്തുതരത്തിലുള്ള സഹായവും നല്‍കാന്‍ തയാറാണ്. ഭക്ഷണം, മരുന്ന് ഉള്‍പ്പെടെ എന്ത് സഹായവും എത്തിക്കാമെന്ന് കല്‍പറ്റ എം.എല്‍.എ ടി. സിദ്ധിഖിന് ഉറപ്പ് നല്‍കിയിട്ടുണ്ട് എന്നാണ് വി.ഡി.സതീശൻ വ്യക്തമാക്കിയിട്ടുള്ളത്. റിപ്പോർട്ടിനൊപ്പമുള്ള വിഡിയോയിലും അദ്ദേഹം ഇത് വ്യക്തമാക്കുന്നുണ്ട്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കരുതെന്ന് തന്റെ പേരിൽ നടക്കുന്ന പ്രചാരണങ്ങള്‍ക്കെതിരെ ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ടെന്ന് വി.ഡി.സതീശന്‍ വ്യക്തമായി പറയുന്നുണ്ട്.
ലഭ്യമായ വിവരങ്ങളിൽ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് പണം നല്‍കരുതെന്ന് വി.ഡി.സതീശന്‍ എവിടെയും പറഞ്ഞിട്ടില്ലെന്ന് വ്യക്തമായി.
∙ വസ്തുത
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് പണം നല്‍കരുതെന്ന് വി.ഡി.സതീശന്‍ പറഞ്ഞിട്ടില്ല. പ്രചാരണം വ്യാജമാണ്.
English Summary :VD Satheesan did not say that money should not be given to the Chief Minister's relief fund