എഡിജിപിയെ മാറ്റാന്‍ ആര്‍എസ്എസ് മുഖ്യമന്ത്രിക്ക് അനുമതി നല്കി! ആ പ്രചാരണം വ്യാജം | Fact Check
Mail This Article
ആർഎസ്എസ് കൂടിക്കാഴ്‌ച, തൃശൂർ പൂരം കലക്കൽ വിവാദങ്ങളിൽപ്പെട്ട് സർക്കാരിന് തലവേദനയായ എഡിജിപി അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റിയിരുന്നു .ഇന്റലിജൻസ് എഡിജിപി മനോജ് ഏബ്രഹാമിനാണ് നിലവിൽ ക്രമസമാധാനച്ചുമതല.
അജിത് കുമാറിനെതിരായ പരാതികളിലെ ഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറിക്ക് കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. എഡിജിപി- ആർഎസ്എസ് കൂടിക്കാഴ്ചയെ കുറിച്ചടക്കം റിപ്പോർട്ടിൽ പരാമർശമുണ്ടായിരുന്നു. ആർഎസ്എസ് നേതാക്കളെ കണ്ടതിനെ കുറിച്ചുളള എഡിജിപിയുടെ വിശദീകരണവും ഡിജിപി തള്ളിയിരുന്നു.
എഡിജിപിക്കെതിരെ നടപടി വേണമെന്ന് നേരത്തെ സിപിഐയും ശക്തമായി ആവശ്യപ്പെട്ടിരുന്നു. നടപടി സ്വീകരിക്കണമെങ്കിൽ അന്വേഷണ റിപ്പോർട്ട് വേണമെന്ന സാങ്കേതിക വാദമാണ് ഇതുവരെ മുഖ്യമന്ത്രി ഉയർത്തിയത്. എഡിജിപിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് മുപ്പത്തി രണ്ടാം ദിവസമാണ് നടപടി.
ഇപ്പോൾ എഡിജിപിയെ മാറ്റാന്‍ ആര്‍എസ്എസ് മുഖ്യമന്ത്രിക്ക് അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് തൽസ്ഥാനത്ത് നിന്നും നീക്കം ചെയ്തതെന്ന തരത്തിൽ ഒരു പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വസ്തുതയറിയാം
∙ അന്വേഷണം
ഒന്നര വർഷം വൈകിയ നീതി നിർവഹണം. ആർഎസ്‌എസ് പ്രോക്സിയെ സംരക്ഷിക്കാനുള്ള എല്ലാ നീക്കങ്ങളും പരാജയപ്പെട്ടതോടെ പിണറായി വിജയൻ ഒടുവിൽ കേരളത്തിന് കീഴടങ്ങിയിരിക്കുന്നു. നാളെ നിയമ സഭ നടക്കുന്നതിനാൽ മാറ്റുക അല്ലാതെ നിവർത്തിയില്ല. മാറ്റുക അല്ല വേണ്ടത് സസ്പെൻഷൻ ആണ് വേണ്ടത് V D Satheesan എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റ് പ്രചരിപ്പിക്കുന്നത്.
പ്രചരിക്കുന്ന ന്യൂസ് കാർഡിൽ എഡിജിപിയെ മാറ്റാൻ ആർഎസ്എസ് മുഖ്യമന്ത്രിക്ക് അനുമതി നൽകി എന്ന് നൽകിയിട്ടുണ്ട്. എഡിജിപിയുടെയും മുഖ്യമന്ത്രിയുടെയും ചിത്രവും T21 മീഡിയ എന്നും കാർഡിൽ നൽകിയിട്ടുണ്ട്. ഇത്തരമൊരു ന്യൂസ് കാര്‍ഡോ വാര്‍ത്തയോ ടി21 മീഡിയയുടെ സമൂഹമാധ്യമ പേജുകളിൽ പോസ്റ്റ് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിച്ചെങ്കിലും ഇത്തരമൊരു ന്യൂസ് കാർഡ് കണ്ടെത്താൻ കഴിഞ്ഞില്ല.
എന്നാൽ കൂടുതൽ പരിശോധനയിൽ പ്രചരിക്കുന്ന ന്യൂസ് കാര്‍ഡ് വ്യാജമാണെന്ന് വ്യക്തമാക്കുന്ന ഒരു പോസ്റ്റ് അവർ നൽകിയതായി കണ്ടെത്തി.
എഡിജിപിയെ മാറ്റാൻ ആർഎസ്എസ് മുഖ്യമന്ത്രിക്ക് അനുമതി നൽകി എന്ന T21 ന്റെ പേരിൽ പ്രചരിക്കുന്ന പോസ്റ്റർ വ്യാജമെന്നാണ് ഈ പോസ്റ്റിൽ വ്യക്തമാക്കിയിരിക്കുന്നത്.
ലഭ്യമായ വിവരങ്ങളിൽ നിന്ന് പ്രചരിക്കുന്നത് വ്യാജ ന്യൂസ് കാര്‍ഡാണെന്ന് വ്യക്തമായി.
∙ വസ്തുത
എഡിജിപിയെ മാറ്റാൻ ആർഎസ്എസ് മുഖ്യമന്ത്രിക്ക് അനുമതി നൽകി എന്ന് പ്രചരിക്കുന്ന പോസ്റ്റർ വ്യാജമാണ്.
English Summary:The poster circulating that RSS has given permission to CM to replace ADGP is fake