ഗായകൻ യേശുദാസ് അത്യാസന്ന നിലയിൽ! ആ പ്രചാരണം വ്യാജം | Fact Check
Mail This Article
ആറ് പതിറ്റാണ്ടും പിന്നിട്ട് സംഗീതലോകത്തെ ശ്രുതിസാന്നിധ്യമായി നിറഞ്ഞ് ഇടതടവില്ലാതെ ഒഴുകുന്ന വ്യക്തിത്വമാണ് മലയാളികളുടെ സ്വന്തം ദാസേട്ടൻ അഥവാ കെ.ജെ.യേശുദാസ്. എന്നാൽ ഇപ്പോൾ യേശുദാസ് അതീവഗുരുതരാവസ്ഥയിലെന്ന അവകാശവാദത്തോടെയുള്ള പ്രചാരണം സമൂഹമാധ്യമങ്ങളിൽ നടക്കുന്നുണ്ട്. പ്രചാരണത്തിന്റെ വസ്തുതാ പരിശോധനയ്ക്കായി മനോരമ ഓൺലൈൻ ഫാക്ട് ചെക്ക് നമ്പറിൽ ഞങ്ങൾക്ക് സന്ദേശം ലഭിച്ചു. വസ്തുതയറിയാം
∙ അന്വേഷണം
യേശുദാസിന് ഡയാലിസിസ്...... അത്യന്തം ഗുരുതരാവസ്ഥയിൽ പ്രിയഗായകൻ......എന്ന കുറിപ്പിനൊപ്പം അദ്ദേഹത്തിന്റെ ഒരു ചിത്രവുമുൾപ്പെട്ട പോസ്റ്റാണ് വസ്തുതാ പരിശോധനയ്ക്കായി ഞങ്ങൾക്ക് ലഭിച്ചത്.സന്ദേശം കാണാം.
കീവേഡുകളുടെ പരിശോധനയിൽ കഴിഞ്ഞ വർഷവും ഇതേ വാർത്ത സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നതാണെന്ന് വ്യക്തമായി. അന്ന് വാട്‌സാപ്പിലും ചില ഓൺലൈൻ വെബ്സൈറ്റുകളിലുമാണ് ഈ വാർത്ത വ്യാപകമായി പ്രചരിച്ചത്. പ്രചരിച്ച വാർത്തകൾ കാണാം.
യേശുദാസിന് ഡയാലിസിസ്..!! പിറന്നാള്‍ ആഘോഷത്തിലും പങ്കെടുത്തില്ല..!!പ്രാര്‍ത്ഥനയോടെ ആരാധകര്‍..!! എന്ന തലക്കെട്ടോടെയാണ് വാർത്തകൾ പ്രചരിച്ചത്.
കൂടുതൽ അന്വേഷണത്തിൽ ഈ പ്രചാരണം വ്യാജമാണെന്ന് വ്യക്തമാക്കുന്ന വാർത്താ റിപ്പോർട്ടുകളും ഞങ്ങൾക്ക് ലഭിച്ചു
അമേരിക്കയിലെ ടെക്‌സസിലെ നഗരമായ ഡാലസിലുള്ള മകന്‍ വിശാലിന്റെ വീട്ടിലാണ് യേശുദാസ് കഴിഞ്ഞ ഏതാനും നാളുകളായിട്ടുള്ളത്. യേശുദാസിന്റെ പിറന്നാള്‍ ദിനത്തില്‍ മകന്‍ വിജയ് യേശുദാസ് കേരളത്തില്‍ സംഘടിപ്പിച്ച പരിപാടിക്ക് അദ്ദേഹത്തിന് എത്താന്‍ കഴിഞ്ഞിരുന്നില്ല. ഈ പരിപാടിക്കിടെ നടത്തിയ അനൗൺസ്മെന്റില്‍ യേശുദാസ് ഡാലസിലായതിനാല്‍ പരിപാടിക്ക് വരാന്‍ കഴിഞ്ഞില്ല എന്ന അറിയിച്ചിരുന്നു.
ഇത് പലരും തെറ്റിദ്ധരിച്ച് യേശുദാസ് ഡയാലിസിസിലായതിനാല്‍ ചടങ്ങിന് വരാന്‍ കഴിഞ്ഞില്ല എന്ന് വാട്‌സാപ്പിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും പ്രചരിപ്പിക്കുകയായിരുന്നു എന്ന് ഈ റിപ്പോർട്ടുകളിൽ വ്യക്തമാക്കുന്നുണ്ട്. അന്നത്തെ പരിപാടിയിൽ യേശുദാസ് ഡാലസില്‍ നിന്നും ഓണ്‍ലൈനായി വേദിയിലെ സ്ക്രീനിലെത്തി കാണികളെ അഭിസംബോധന ചെയ്തിരുന്നു.‘ദാസേട്ടൻ ഡാലസിലായതിനാൽ പരിപാടിക്ക് എത്താനായില്ല’ എന്ന് മൈക്കിൽ പറഞ്ഞത് ചിലർ ‘ഡയാലിസിസിലായതിനാൽ’ എന്ന് തെറ്റിദ്ധരിച്ചതാണ് പിന്നീട് ഇത്തരത്തിൽ പ്രചരിച്ചതെന്ന് വാർത്താ റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാണ്.
മറ്റൊരു റിപ്പോർട്ടിൽ പ്രചരിക്കുന്ന വാർത്ത തെറ്റാണെന്നും യേശുദാസ് പൂർണ ആരോഗ്യവാനാണെന്നും ഗാനരചയിതാവും അടുത്ത സുഹൃത്തുമായ ആർ.കെ. ദാമോദരൻ പറയുന്നുണ്ട്. ഈ വ്യാജവാർത്ത അറിഞ്ഞപ്പോൾത്തന്നെ ദാസേട്ടന്റെ ആത്മമിത്രവും സംഗീതജ്ഞനുമായ ചേർത്തല ഗോവിന്ദൻകുട്ടി മാഷ് അന്വേഷിച്ച് വാർത്ത വ്യാജമാണെന്ന് സ്ഥിരീകരിച്ചെന്ന് ആർ.കെ. ദാമോദരൻ പറഞ്ഞു.
യേശുദാസുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വാർത്താ റിപ്പോർട്ടുകളാണ് പിന്നീട് ഞങ്ങൾ പരിശോധിച്ചത്. ഗന്ധർവസൗഹൃദം; സംഗീതപഠനകാലം മുതൽ യേശുദാസിന്റെ ആത്മസുഹൃത്തായ ഡോ.ചേർത്തല ഗോവിന്ദൻകുട്ടിയുടെ വിശേഷങ്ങൾ എന്ന തലക്കെട്ടോടെ മനോരമ ഓൺലൈനിൽ വന്ന വാർത്തയിലും യേശുദാസ് അമേരിക്കയിൽ തന്നെയാണെന്ന് വ്യക്തമാക്കുന്നുണ്ട്.
സ്ഥിരീകരണത്തിനായി അദ്ദേഹത്തിന്റെ ചില അടുത്ത വൃത്തങ്ങളുമായും ഞങ്ങൾ സംസാരിച്ചു. എന്നാൽ പ്രചാരണം തീർത്തും വ്യാജമാണെന്ന് അവർ വ്യക്തമാക്കി. ലഭ്യമായ വിവരങ്ങളിൽ നിന്ന് ഗായകൻ കെ.ജെ.യേശുദാസ് ഗുരുതരാവസ്ഥയിലെന്ന വൈറൽ പ്രചാരണം വ്യാജമാണെന്ന് വ്യക്തമായി.
∙ വസ്തുത
ഗായകൻ കെ.ജെ.യേശുദാസ് ഗുരുതരാവസ്ഥയിലെന്ന വൈറൽ പ്രചാരണം വ്യാജമാണ്.
English Summary :The viral campaign that singer KJ Yesudas is in critical condition is fake