നടൻ പ്രേം നസീറിനെ പള്ളിയിൽ കബറടക്കാൻ അനുവദിച്ചില്ലേ? പ്രചാരണത്തിന്റെ സത്യമിതാണ് | Fact Check
Mail This Article
മലയാള സിനിമയിലെ ഇതിഹാസതാരം പ്രേംനസീർ അന്തരിച്ചിട്ട് മൂന്നര പതിറ്റാണ്ടു പിന്നിട്ടിട്ടും അദ്ദേഹത്തിന്റെ ഓർമകൾ മലയാളിമനസിലൂടെ എക്കാലവും മിന്നിമറയുന്നുണ്ട്. എന്നാൽ ഇപ്പോൾ ക്ഷേത്രത്തിലേക്ക് ആനയെ സമ്മാനിച്ചതിന്റെ പേരിൽ പ്രേം നസീറിന്റെ മൃതദേഹം മുസ്‌ലിം പള്ളിയിൽ അടക്കാൻ സമ്മതിച്ചില്ലെന്ന അവകാശവാദവുമായി ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. വാസ്തവമറിയാം.
∙ അന്വേഷണം
കാടുപിടിച്ചു കിടക്കുന്ന ഈ കബർസ്ഥാനിലുറങ്ങുന്നത് മലയാള സിനിമയിൽ ജ്വലിച്ചു നിന്ന ഒരു താരമാണ് അതിനു കാരണം അദ്ദേഹം ഒരു ആനയെ ക്ഷേത്രത്തിനു സംഭാവന നൽകി എന്നതാണ്.ഒരു ആനയെ ഹിന്ദുവിന് നൽകിയ വ്യക്തിയുടെ മയ്യത്ത് പോലും പള്ളിയിൽ അടക്കാൻ അവർ സമ്മതിച്ചില്ല. ഇങ്ങനെ ഉള്ളവരാണ് നമ്മളോട് മതേതരത്വത്തെ പറ്റി സംസാരിക്കുന്നത് .ഹിന്ദു ഇല്ലാതാകുന്നതോടുകൂടി ഈ നാട്ടിലെ മതേതരത്വം അവസാനിക്കും എന്നതിന് ഉദാഹരണമാണ് ഇത്തരം സംഭവങ്ങൾ എന്ന കുറിപ്പിനൊപ്പമാണ് ട്വിറ്ററിൽ പോസ്റ്റുകൾ പ്രചരിക്കുന്നത്. പോസ്റ്റ് കാണാം.
പോസ്റ്റുകൾക്കൊപ്പമുള്ള വൈറൽ ചിത്രം റിവേഴ്‌സ് ഇമേജ് സെർച്ചിന്റെ സഹായത്തോടെ പരിശോധിച്ചപ്പോൾ 2018ലെ ഒരു ഫെയ്‌സ്ബുക് പോസ്റ്റ് ഞങ്ങൾക്ക് ലഭിച്ചു. കഴിഞ്ഞ ആഴ്ച കാട്ടുമുറാക്കൽ ജുമാ മസ്‌ജിദ് സന്ദർശിച്ചപ്പോൾ, ശ്രീ. പ്രേം നസീറിന്റെ കബറിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ട് ഞെട്ടി പോയി. അടുത്തുള്ള ചായക്കടയിൽ കണ്ട ഒരാളോട് അന്വേഷിച്ചപ്പോൾ, പള്ളിയും കുടുംബവുമായിട്ടുള്ള എന്തോ ചില പ്രശ്നങ്ങളുടെ പേരിൽ ആരും തിരിഞ്ഞുനോക്കാതെ കിടക്കുന്നതാണെന്നാണ് പറഞ്ഞത്. മലയാള സിനിമാ പ്രേമികൾ ഒരുകാലത്ത് നെഞ്ചിലേറ്റി നടന്ന നിത്യഹരിത നടനും, ചിറയിൻകീഴുകാർക്ക് ഉൾപ്പെടെ പലർക്കും ഒരുപാട് നന്മകൾ ചെയ്ത വ്യക്തിയുമായ നസീർ സാറിനെ പോലെയുള്ള ഒരാളിന്റെ ഖബർ കാടുപിടിച്ചു തീർത്തും അവഗണിക്കപ്പെട്ട് കിടക്കുന്നതു കാണുമ്പോൾ ആശ്ചര്യവും അതോടൊപ്പം സങ്കടവും അമർഷവുമെല്ലാം തോന്നുന്നു. പോസ്റ്റ്കടപ്പാട് #movietracker എന്ന കുറിപ്പിനൊപ്പമാണ് ഈ പോസ്റ്റ് .
ഇത്തരത്തിൽ പ്രേം നസീറിന്റെ മൃതദേഹം മുസ്‌ലിം പള്ളിയിൽ അടക്കാൻ സമ്മതിച്ചില്ലെന്ന തരത്തിൽ എന്തെങ്കിലും വാർത്തകൾ പുറത്തു വന്നിട്ടുണ്ടോ എന്ന് ഞങ്ങൾ പരിശോധിച്ചു. അത്തരത്തിലുള്ള റിപ്പോർട്ടുകളൊന്നും തന്നെ ലഭിച്ചില്ല.
പ്രേം നസീറിന്റെ മുപ്പത്തിയഞ്ചാം ചരമ വാർഷികവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ അന്ത്യയാത്രയെക്കുറിച്ച് മനോരമ ഓൺലൈൻ 'മഞ്ചലുമായി ബസിൽ നിന്നിറങ്ങിയത് മമ്മൂട്ടിയും മോഹൻലാലും: ഇന്നും ഓർമയിൽ നിൽക്കുന്നു ആ കബറടക്കം' എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ച ഒരു ലേഖനം ലഭിച്ചു. പ്രേം നസീറിന്റെ മരണവും കബറടക്കവും ഓർമിക്കുകയാണ് അന്ന് മലയാള മനോരമ കൊല്ലം ലേഖകനായിരുന്ന ബോബി തോമസ് എന്ന് വാർത്തയിൽ വ്യക്തമാക്കുന്നുണ്ട്. ഇതിലെ പ്രസക്തഭാഗങ്ങൾ പരിശോധിച്ചപ്പോൾ ചിറയിൻകീഴിനടുത്തുള്ള കാട്ടുമുറാക്കൽ ജുമാ മസ്‌ജിദിലാണ് ഖബറടക്കം നടന്നതെന്ന് വ്യക്തമാക്കുന്നുണ്ട്.
വീട്ടിലെ ചടങ്ങുകൾക്ക് ശേഷം അടുത്തുള്ള കാട്ടുമുറാക്കൽ ജുമാ മസ്‌ജിദിലായിരുന്നു കബറടക്കം. ആ പള്ളിയുടെ നിർമാണം പൂർത്തിയായിരുന്നില്ല. നസീറിന്റെ പ്രത്യേക ഉത്സാഹത്തിലാണ് നിർമാണം നടന്നിരുന്നത്. അതു പൂർത്തിയായി കാണാൻ അദ്ദേഹത്തിനു കഴിഞ്ഞില്ലെന്നും ഈ റിപ്പോർട്ടിൽ പറയുന്നുണ്ട്.
2016 നവംബർ 24ന് മനോരമ ന്യൂസ് പ്രസിദ്ധീകരിച്ച അന്നൊരിക്കൽ; Memories of Prem Nazir എന്ന വിഡിയോയിൽ നടനും നസീറിന്റെ ആത്മ സുഹൃത്തുമായ ജി.കെ.പിള്ള പ്രേം നസീർ ചിറയിൻകീഴ് ശാർക്കര ദേവീക്ഷേത്രത്തിലേയ്ക്ക് ആനയെ സംഭാവന ചെയ്‌തതുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവയ്ക്കുന്നുണ്ട്. നസീറിന്റെ മകൻ നടൻ ഷാനവാസിനോടാണ് ജി.കെ പിള്ള ഇക്കാര്യങ്ങൾ സംസാരിക്കുന്നത്. ശാർക്കര ദേവീക്ഷേത്രത്തിലേയ്ക്ക് ആനയെ സംഭാവന ചെയ്‌തതുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ മരണശേഷം പിന്നീട് പള്ളിക്കമ്മിറ്റിയുമായി ചില അസ്വാരസ്യങ്ങളുണ്ടായതായി ജി.കെ.പിള്ള പറയുമ്പോൾ മകൻ ഷാനവാസ് അക്കാര്യം ശരിവയ്ക്കുന്നുണ്ട്.എന്നാൽ നസീറിന്റെ മരണശേഷമാണ് ഇത്തരമൊരു അഭിപ്രായ വ്യത്യാസം ഉടലെടുത്തതെന്നും അദ്ദേഹം വിഡിയോയിൽ വ്യക്തമാക്കുന്നുണ്ട്.ഈ വിഡിയോ കാണാം
കാട്ടുമുറാക്കൽ പള്ളിയുടെ വിശദാംശങ്ങൾ പരിശോധിച്ചപ്പോൾ പള്ളിയുടെ മുറ്റത്തോട് ചേർന്ന് സ്ഥിതി ചെയ്യുന്ന പ്രേംനസീറിന്റെ കബറിന്റെ ചിത്രം ലഭിച്ചു.
ഞങ്ങൾക്ക് ലഭ്യമായ വിവരങ്ങളിൽ നിന്ന് ക്ഷേത്രത്തിലേക്ക് ആനയെ സമ്മാനിച്ചതുകൊണ്ട് പ്രേം നസീറിന്റെ മൃതദേഹം മുസ്‌ലിം പള്ളിയിൽ അടക്കാൻ സമ്മതിച്ചില്ല എന്ന രീതിയിലുള്ള പ്രചാരണം തീർത്തും തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തമായി. ചിറയിൻകീഴിലെ കാട്ടുമുറാക്കൽ ജുമാ മസ്ജിദിൽ തന്നെയാണ് പ്രേം നസീറിന്റെ മൃതദേഹം ഖബറടക്കിയത്.
∙ വസ്തുത
ക്ഷേത്രത്തിലേക്ക് ആനയെ സമ്മാനിച്ചതുകൊണ്ട് പ്രേം നസീറിന്റെ മൃതദേഹം മുസ്‌ലിം പള്ളിയിൽ അടക്കാൻ സമ്മതിച്ചില്ല എന്ന രീതിയിലുള്ള പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. ചിറയിൻകീഴിലെ കാട്ടുമുറാക്കൽ ജുമാ മസ്ജിദിൽ തന്നെയാണ് പ്രേം നസീറിന്റെ മൃതദേഹം കബറടക്കിയിരിക്കുന്നത്.
English Summary : The propaganda that authorities did not agree to bury Prem Nazir's body in the mosque because he gifted an elephant to the temple is misleading