പ്രിയങ്കയുടെ റോഡ് ഷോയിൽ ലീഗിന്റെ കൊടി വീശിയവരെ പുറത്താക്കിയോ? | Fact Check
Mail This Article
വയനാട് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോയിൽ നിന്നുള്ള ഒരു വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്. റോഡ് ഷോയിൽ പച്ച കൊടി വീശിയ മുസ്‌ലിം ലീഗ് പ്രവർത്തകരെ റാലിയിൽ നിന്ന് തള്ളി പുറത്താക്കി എന്ന അവകാശവാദത്തോടെയാണ് വിഡിയോ പ്രചരിക്കുന്നത്. വാസ്തവമറിയാം
∙ അന്വേഷണം
പ്രിയങ്കയുടെ റോഡ് ഷോയിൽ ലീഗിന്റെ കൊടി വീശിയപ്പോൾ സംഘർഷം. കൊടി വീശിയ ലീഗുകാരെ റോഡ് ഷോയിൽ നിന്ന് തള്ളി പുറത്താക്കി. ലീഗിന്റെ ഒരു വിധി എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റ് പ്രചരിക്കുന്നത്. വിഡിയോ കാണാം
പ്രചരിക്കുന്ന വിഡിയോ കൂടുതൽ വ്യക്തമായി പരിശോധിച്ചപ്പോൾ പ്രിയങ്ക ഗാന്ധിക്ക് പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് വഴിയൊരുക്കുന്നതിനാണ് ആളുകളെ തള്ളിമാറ്റുന്നതെന്ന് ശ്രദ്ധയിൽപ്പെട്ടു.തിക്കിത്തിരക്കുന്ന ആൾക്കൂട്ടത്തിനിടയ്ക്ക് നിന്ന് പ്രിയങ്ക ഗാന്ധിയെ പോലീസും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് ഏറെ പണിപ്പെട്ടാണ് പുറത്തേക്കിറക്കുന്നതെന്ന് വിഡിയോയിൽ കാണാം.
കൂടുതൽ കീവേഡുകളുടെ പരിശോധനയിൽ വൈറൽ വിഡിയോ നിരവധി പേർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതായി കണ്ടു. വയനാട് റോഡിലെ ഇങ്ങാമ്പുഴ കെടാവൂർ എന്ന സ്ഥലത്ത് നിന്നുള്ളതാണ് വിഡിയോയെന്നും പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോയില്‍ വച്ച് ആൾക്കൂട്ടത്തിനിടയിൽ നിന്ന് അവരെ പുറത്തിറക്കാൻ വേണ്ടി സുരക്ഷാ ഉദ്യോഗസ്ഥർ ആൾക്കൂട്ടത്തെ തള്ളി മാറ്റുന്നതാണ് ദൃശ്യങ്ങളിലുള്ളതെന്ന് റാലിയിൽ പങ്കെടുത്തവരെന്ന തരത്തിൽ ഈ വിഡിയോകളിലെ കമന്റുകളിൽ ചിലർ വ്യക്തമാക്കുന്നുണ്ട്.
സ്ഥിരികരിക്കാനായി വൈറൽ വിഡിയോയിലെ ദൃശ്യങ്ങളുപയോഗിച്ചുള്ള സൂചനകളിൽ നിന്ന് ഗൂഗിൾ മാപിലെ സ്ട്രീറ്റ് വ്യൂവിൽ നടത്തിയ പരിശോധനയിലും വൈറൽ വിഡിയോയിലെ കെട്ടിടങ്ങളും പരസ്യ ബോർഡുകളും വിഡിയോ വയനാട് റോഡിലെ കെടാവൂരിൽ നിന്നുള്ളതാണെന്ന് വ്യക്തമായി.
പ്രിയങ്ക ഗാന്ധിയോടൊപ്പം വയനാട്ടിലെ റോഡ് ഷോകളിൽ പങ്കെടുത്ത ചില ലീഗ് പ്രവർത്തകരുമായും ഞങ്ങൾ സംസാരിച്ചു. കോഴിക്കോട്–വയനാട് റോഡിലെ ഇങ്ങാമ്പുഴയിലാണ് ഈ റോഡ് ഷോ നടന്നത്. റോഡ് ഷോയിൽ പങ്കെടുത്ത ആൾക്കൂട്ടത്തിനിടയിൽ നിന്ന് ചടങ്ങിനായി സജ്ജീകരിച്ച വേദിയിലേക്ക് പോകാനായി പുറത്തേക്ക് നടന്ന പ്രിയങ്ക ഗാന്ധിക്ക് സുരക്ഷാ ഉദ്യോഗസ്ഥരും പൊലീസ് ഉദ്യോഗസ്ഥരും ചേർന്ന് സുരക്ഷയുടെ ഭാഗമായി വഴിയൊരുക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ലീഗ് കൊടി പിടിച്ചവരെ മാത്രമല്ല, വഴിയിൽ തടസം സൃഷ്ടിക്കാതിരിക്കാൻ അവിടെ നിന്ന ആളുകളെയെല്ലാം തള്ളിമാറ്റിയിരുന്നു. വൈറൽ പോസ്റ്റുകളിൽ ഉന്നയിക്കുന്ന ആരോപണങ്ങൾ തീർത്തും അടിസ്ഥാനരഹിതമാണ്.
കൂടുതൽ പരിശോധനയിൽ Priyanka Gandhi addresses a corner meeting in Eengapuzha, Wayanad എന്ന തലക്കെട്ടോടെ ഒരു യൂട്യൂബ് ചാനലിൽ പ്രസിദ്ധീകരിച്ച വിഡിയോ ലഭിച്ചു. 2024 ഒക്ടോബർ 29നാണ് വിഡിയോ പ്രസിദ്ധീകരിച്ചിരിക്കുന്നത്. വിഡിയോ കാണാം
ലഭ്യമായ വിവരങ്ങളിൽ നിന്ന് പ്രിയങ്ക ഗാന്ധിയുടെ റാലിക്കിടെ പച്ചക്കൊടി വീശിയതിന് ലീഗ് പ്രവർത്തകരെ തള്ളിമാറ്റി എന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന പോസ്റ്റുകൾ തെറ്റിദ്ധരിപ്പിക്കുന്നതാണ്. റോഡ് ഷോയ്ക്കിടെ വേദിയിലേക്ക് കയറാൻ പോകുന്ന പ്രിയങ്കയ്ക്ക് വഴിയൊരുക്കുന്ന ദൃശ്യമാണിത്.
∙ വസ്തുത
പ്രിയങ്ക ഗാന്ധിയുടെ റാലിക്കിടെ പച്ചക്കൊടി വീശിയതിന് ലീഗ് പ്രവർത്തകരെ തള്ളിമാറ്റി എന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന പോസ്റ്റുകൾ തെറ്റിദ്ധരിപ്പിക്കുന്നതാണ്.
English Summary :The posts circulating claiming that League workers were pushed out for waving the green flag during Priyanka Gandhi's rally are misleading