പേരിൽ "ശ്രീറാം" ; ശ്രീറാം വെങ്കിട്ടരാമന്റെ കലക്ടർ നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുസ്ലിംകളുടെ പ്രതിഷേധമോ? | Fact Check
Mail This Article
കേരളത്തിൽ ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലയിൽ ജില്ലാ കലക്ടറായി നിയമിച്ചുവെന്നും എന്നാൽ "ശ്രീറാം" എന്ന പേരുള്ളതിനാൽ നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിന് മുസ്‌ലിംകൾ പ്രതിഷേധ മാർച്ച് നടത്തിയെന്നുമുള്ള അവകാശവാദത്തോടെയൊരു പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ ഈ പ്രചാരണം അടിസ്ഥാനരഹിതമാണന്ന് അന്വേഷണത്തില്‍ വ്യക്തമായി.വസ്തുതയറിയാം
∙ അന്വേഷണം
In Kerala, when an IAS officer Dr "Sriram Venkataraman" was appointed as DM in Alappuzha district, thousands of Muslims took out a march and demanded cancellation of the appointment because of Sriram in the name.
This means that now Hindus in India will have to change their names also... because even by mentioning names like Shri Ram, Krishna, Lakshmi, Durga, the religion of the people of a community starts coming in danger എന്നാണ് ഹിന്ദിയിലുള്ള വൈറൽ പോസ്റ്റിന്റെ ഇംഗ്ലീഷ് പരിഭാഷ. പോസ്റ്റ് കാണാം
ഞങ്ങൾ നടത്തിയ കീവേഡ് പരിശോധനയിൽ ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടറായി നിയമിച്ചതിനെതിരെ രാഷ്ട്രീയ പാർട്ടികൾ, മുസ്‌ലിം ഗ്രൂപ്പുകൾ, പത്രപ്രവർത്തക സംഘടനകളടക്കം വിവിധ സംഘടനകൾ പ്രതിഷേധിച്ചതായുള്ള റിപ്പോർട്ടുകൾ ലഭിച്ചു.
മറ്റൊരു റിപ്പോർട്ടിലെ വിവരങ്ങളനുസരിച്ച്, 2022 ജൂലൈ 31ന് മലബാർ മേഖലയുടെ പല ഭാഗങ്ങളിലും കാന്തപുരം എ.പി.അബൂബക്കർ മുസലിയാരുടെ നേതൃത്വത്തിൽ സുന്നി വിഭാഗവുമായി ബന്ധമുള്ള മുസ്‌ലിം സംഘടനകളുടെ നേതൃത്വത്തിൽ നടന്ന മാർച്ചുകളിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തു എന്ന് വ്യക്തമാക്കുന്നുണ്ട്.
2019ൽ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ സംഭവം മാധ്യമപ്രവർത്തകൻ കെ.എം.ബഷീറിന്റെ മരണത്തിന് കാരണമായെന്നാരോപിച്ചുള്ള കേസിൽ വെങ്കിട്ടരാമൻ ഉൾപ്പെട്ടതിനെ തുടർന്നാണ് വെങ്കിട്ടരാമന്റെ നിയമനത്തിനെതിരെ അന്ന് ഒന്നിലധികം കലക്‌ട്രേറ്റ് ഓഫീസുകളിൽ പ്രതിഷേധ പ്രകടനങ്ങൾ നടന്നത്. ഇത്തരമൊരു കേസിൽ പ്രതിയെന്നാരോപിക്കപ്പെടുന്ന ശ്രീറാം വെങ്കിട്ടരാമൻ പൊതുരംഗത്തെ ഉയർന്ന പോസ്റ്റിന് അനുയോജ്യനല്ലെന്ന് ആരോപിച്ചാണ് പ്രതിഷേധക്കാർ രംഗത്തെത്തിയത്.
2022 ജൂലൈ 26 നാണ് ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ ആലപ്പുഴ ജില്ലാ കലക്ടറായി ചുമതലയേറ്റത്. എന്നാൽ 2019-ലെ റോഡപകടത്തിൽ ഉൾപ്പെട്ടതിനെത്തുടർന്ന് അദ്ദേഹത്തിന്റെ നിയമനം വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കി. അക്കാലയളവിലെ റിപ്പോർട്ടുകൾ പരിശോധിച്ചപ്പോൾ അന്ന് കേരളത്തിൽ സർവേ ഡയറക്ടറായി സേവനമനുഷ്ഠിച്ചിരുന്ന ശ്രീറാം വെങ്കിട്ടരാമൻ മദ്യലഹരിയിലോടിച്ച വാഹനമിടിച്ചാണ് ഇരുചക്രവാഹനത്തിൽ സഞ്ചരിച്ച മുതിർന്ന മാധ്യമപ്രവർത്തകനും സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫുമായ കെ.എം.ബഷീർ കൊല്ലപ്പെട്ടത്.
തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷൻ പരിധിയിൽ 2019 ഓഗസ്റ്റ് 03 ന് പുലർച്ചെയായിരുന്നു സംഭവം. അപകടത്തെത്തുടർന്ന് വെങ്കിട്ടരാമൻ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചുവെന്ന ആരോപണത്തെ തുടർന്ന് കേരള സർക്കാർ അദ്ദേഹത്തെ തൽസ്ഥാനത്ത് നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.
ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ ഉൾപ്പെട്ട 2019 ലെ അപകടവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിൽ സമർപ്പിച്ച എഫ്ഐആറിന്റെ പകർപ്പ് റഫറൻസിനായി ലഭിച്ചു. കൂടാതെ ഈ കേസിൽ കേരള ഹൈക്കോടതി പുറപ്പെടുവിച്ച 2019 ലെ ജാമ്യ ഉത്തരവും ഇവിടെ കാണാം . മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിന്റെ മരണത്തിനിടയാക്കിയ അപകടം ഇപ്പോഴും അന്വേഷണ പരിധിയിലാണ്. തിരുവനന്തപുരം ജില്ലാ കോടതിയിലാണ് കേസിന്റെ നടപടിക്രമങ്ങൾ.
വെങ്കിട്ടരാമനെതിരെയുള്ള കേസ് തീർപ്പാകാതെ തുടരുന്ന സാഹചര്യത്തിലും അദ്ദേഹത്തിന്റെ ആരോഗ്യ മേഖലയിലെ ഭരണപരമായ വൈദഗ്ദ്ധ്യം ചൂണ്ടിക്കാട്ടി, കൊവിഡ്-19 പാൻഡമിക് സമയത്ത് വെങ്കിട്ടരാമനെ ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറിയായി കേരള സർക്കാർ വീണ്ടും നിയമിച്ചിരുന്നു
ആലപ്പുഴ ജില്ലാ കലക്ടറായി ശ്രീറാം വെങ്കിട്ടരാമനെ നിയമിച്ചതിനെതിരെയുള്ള ശക്തമായ പ്രതിഷേധത്തെ തുടർന്ന് കേരള സർക്കാർ അദ്ദേഹത്തെ തൽസ്ഥാനത്ത് നിന്ന് നീക്കി കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡിന്റെ ജനറൽ മാനേജരായി നിയമിച്ചു. അടുത്തിടെ നടന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റത്തിൽ , ധനകാര്യ വകുപ്പിലെ റിസോഴ്‌സ് ജോയിന്റ് സെക്രട്ടറിയുടെ ചുമതലയും കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ മാനേജിങ് ഡയറക്ടറുടെ അധിക ചുമതല നൽകുകയും ചെയ്‌തിരുന്നു.
ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, വൈറൽ പോസ്റ്റിൽ അവകാശപ്പെടുന്ന തരത്തിൽ പ്രതിഷേധിച്ച മുസ്‌ലിംകൾ വെങ്കിട്ടരാമന്റെ നിയമനത്തെ എതിർത്തത് അദ്ദേഹത്തിന്റെ ശ്രീറാം എന്ന പേര് കാരണമല്ലെന്ന് വ്യക്തമാണ്. 2019-ൽ മാധ്യമപ്രവർത്തകൻ കെ.എം.ബഷീറിന്റെ മരണത്തിലേക്ക് നയിച്ച അപകടത്തിൽ അദ്ദേഹം ഉൾപ്പെട്ടതാണ് പ്രതിഷേധത്തിന് കാരണം.
∙ വസ്‌തുത
മദ്യലഹരിയിലോടിച്ച വാഹനമിടിച്ച് മാധ്യമപ്രവർത്തകൻ മരിക്കാനിടയായ സംഭവത്തിൽ കുറ്റാരോപിതനായ വിഷയവുമായി ബന്ധപ്പെട്ടാണ് ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസിനെതിരെ പ്രതിഷേധം നടന്നത്. ഇതല്ലാതെ പ്രതിഷേധത്തിന് മതപരമായ യാതൊരു ബന്ധങ്ങളുമില്ല.
( രാജ്യത്തെ തിരഞ്ഞെടുപ്പുകളിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി ഫാക്‌ട്‌ലി പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന് )
English Summary :The protest was held against Sriram Venkitaraman IAS in connection with the case where a journalist was killed in a drunken car crash