കരിക്ക് വിൽക്കുന്ന അമ്മയെ സല്യൂട്ട് ചെയ്ത സൈനികനായ മകൻ; ആ വിഡിയോയുടെ സത്യമിതാണ് | Fact Check
Mail This Article
കരിക്ക് വിൽക്കുന്ന അമ്മയെ കാണാൻ വന്ന സൈനികനായ മകന്റെ ദൃശ്യങ്ങളെന്ന അവകാശവാദത്തോടെയുള്ള ഒരു വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങൾ എന്ന തരത്തിലാണ് വിഡിയോ പ്രചരിക്കുന്നത്.എന്നാൽ ഈ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തിൽ വ്യക്തമായി വാസ്തവമറിയാം.
∙ അന്വേഷണം
ഇന്ത്യൻ സൈന്യത്തോട് സ്നേഹമുണ്ടെങ്കിൽ ഷെയർ ചെയ്യണമെന്ന അടിക്കുറിപ്പോടെ പ്രചരിക്കുന്ന വിഡിയോയിൽ സല്യൂട്ട് ചെയ്യുന്ന യുവാവിനെയും അത് കണ്ട് അദ്ദേഹത്തെ വൈകാരികമായി കെട്ടിപിടിച്ച് കരയുന്ന ഒരു വയോധികയെയും കാണാം. കരിക്ക് വാങ്ങാനായി വന്ന രണ്ട് ചെറുപ്പക്കാർക്ക് സൈനിക യൂണിഫോം ധരിച്ച യുവാവ് പിന്നീട് കരിക്ക് വെട്ടി നൽകുന്നതും ദൃശ്യങ്ങളിൽ കാണാം.
3:37 മിനുറ്റ് ദൈർഘ്യമുള്ള വിഡിയോയുടെ അവസാനത്തിൽ ഒരു ഡിസ്ക്ലൈമര്‍ കാണാൻ സാധിച്ചു. പൊതുജനങ്ങളുടെ വിജ്ഞാന വിനോദത്തിനായി ചിത്രീകരിച്ച വിഡിയോയാണിതെന്ന് കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്. പ്രചരിക്കുന്ന വിഡിയോയിലെ കീഫ്രെയിമുകള്‍ ഉപയോഗിച്ച് നടത്തിയ റിവേഴ്‌സ് ഇമേജ് പരിശോധനയില്‍ പ്രസ്തുത വിഡിയോ സഞ്ജന ഗള്‍റാണി എന്ന ഫെയ്‌സ്ബുക് പേജില്‍ നവംബർ പന്ത്രണ്ടാം തീയതി പങ്കുവച്ചതായി കണ്ടെത്തി.
വിഡിയോയുടെ അടിക്കുറിപ്പിനു താഴെയും ബോധവൽക്കരണത്തിനു വേണ്ടി ചിത്രീകരിച്ചതാണെന്നും വിഡിയോയില്‍ ഉള്ളവര്‍ എല്ലാം അഭിനയിക്കുന്നതാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. പേജിന്റെ മറ്റ് ഉള്ളടക്കങ്ങൾ പരിശോധിച്ചതോടെ ഇത്തരത്തില്‍ എഴുതിത്തയ്യാറാക്കിയ സ്ക്രിപ്റ്റ് അടിസ്ഥാനമാക്കി നിര്‍മിച്ച നിരവധി വിഡിയോകള്‍ അവർ പങ്കുവച്ചതായി കണ്ടെത്തി. പേജിൽ പങ്കുവച്ച മറ്റൊരു വിഡിയോ മുൻപ് സമാന രീതിയിൽ ചിത്രീകരിച്ചതാണെന്ന് ഞങ്ങൾ കണ്ടെത്തിയിരുന്നു. ലഭ്യമായ വിവരങ്ങളിൽ നിന്ന് പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തമായി.
∙ വസ്‌തുത
കരിക്ക് വിൽക്കുന്ന അമ്മയെ സല്യൂട്ട് ചെയ്യുന്ന ഇന്ത്യൻ ആർമിയിൽ ജോലി ചെയ്യുന്ന മകന്റെ ദൃശ്യങ്ങളെന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന വിഡിയോ യഥാര്‍ത്ഥ സംഭവമല്ലെന്നും വിനോദത്തിനായി എഴുതിത്തയ്യാറാക്കി ചിത്രീകരിച്ചതാണെന്നും അന്വേഷണത്തിൽ വ്യക്തമായി.
( രാജ്യത്തെ തിരഞ്ഞെടുപ്പുകളിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി ന്യൂസ്‌മീറ്റർ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന് )
English Summary : A video circulating claiming to be of a soldier son saluting his mother is not a genuine incident