ADVERTISEMENT

മണ്ഡലകാലം ആരംഭിച്ചതോടെ ശബരിമലയിൽ എത്തുന്നവർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതു സംബന്ധിച്ച ചർച്ചകളാണ് നടന്നുവരുന്നത്. ശബരിമലയിലേക്ക് പോകാനെത്തിയ അയ്യപ്പന്‍മാരെ തടഞ്ഞുവച്ചിരിക്കുന്നുവെന്ന അവകാശവാദത്തോടെ ഒരു വിഡിയോ  സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ക്ഷേത്രത്തിലേക്ക് പോകാന്‍ ബസുകളില്‍ കാത്തിരിക്കുന്നവരോട് കെഎസ്ആര്‍ടിസി ജീവനക്കാരന്‍ സംസാരിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. നിങ്ങളെ തടഞ്ഞുവച്ചിരിക്കുന്നത് ഞങ്ങളെല്ലെന്നും പൊലീസാണെന്നും ഇയാള്‍ പറയുന്നത് കേള്‍ക്കാം. തൃശൂര്‍ പൂരം കലക്കിയതിനുശേഷം പിണറായി സര്‍ക്കാര്‍ ശബരിമല തീര്‍ഥാടനവും കലക്കി ഹിന്ദുക്കളെ ദ്രോഹിക്കുന്നു എന്ന രീതിയിലാണ് ഈ വിഡിയോ ഷെയര്‍ ചെയ്യുന്നത്. എന്നാല്‍, പ്രചരിക്കുന്ന പോസ്റ്റുകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. വൈറല്‍ വിഡിയോ ഈ വര്‍ഷത്തെ തീര്‍ഥാടനത്തില്‍ നിന്നുള്ളതല്ല, പഴയതാണ്.വാസ്ത‌വമറിയാം.

∙ അന്വേഷണം

"*തൃശൂര്‍ പൂരം കലക്കിയതിനു ശേഷം.... പിണറായി വക ' ശബരി മല ദര്‍ശനം കലക്കല്‍ '... ഹിന്ദു അനുഭവിച്ചോ...* " എന്ന കുറിപ്പിനൊപ്പമുള്ള ഫെയ്‌സ്ബുക് പോസ്റ്റ് കാണാം.

sabari1

നിറയെ തീര്‍ഥാടകരുമായി യാത്ര തുടങ്ങുന്ന ബസുകളും കാത്തു നില്‍ക്കുന്ന ബസുകളും വൈറല്‍ ദൃശ്യങ്ങളിലുണ്ട്. വിഡിയോ സൂക്ഷ്മമായി പരിശോധിച്ചപ്പോള്‍ 'village vartha' എന്ന ലോഗോ കാണാന്‍ സാധിച്ചു. ഈ സൂചന ഉപയോഗിച്ച് തിരഞ്ഞപ്പോള്‍ വില്ലേജ് വാര്‍ത്ത എന്ന ഫെയ്‌സ്ബുക് പേജ് ലഭ്യമായി. പ്രദേശികമായ വിഡിയോകളും റിപ്പോര്‍ട്ടുകളും പങ്കുവയ്ക്കുന്ന ഒരു സോഷ്യല്‍ മീഡിയ/ യുട്യൂബ് ചാനലാണിതെന്ന് പ്രൊഫൈല്‍ ബയോ സൂചിപ്പിക്കുന്നു. ഈ പേജില്‍ 2023 ഡിസംബര്‍ 13ന് സമാനമായ വിഡിയോ പങ്കുവച്ചിട്ടുള്ളതായി കണ്ടെത്തി.

"അയ്യപ്പാ... പൊലീസുകാരാണ് ഈ പണി കാണിക്കുന്നത്. ഞങ്ങളോട് ക്ഷമിക്കണം. തുറന്ന് പറഞ്ഞ് KSRTC ജീവനക്കാരന്‍. " എന്ന വിവരണത്തോടെയാണ് വിഡിയോ പങ്കുവച്ചിട്ടുള്ളത്. പൊലീസാണ് വാഹനങ്ങള്‍ പിടിച്ചിട്ടിരിക്കുന്നത് അവര്‍ പറയുമ്പോള്‍ വാഹനം എടുക്കാന്‍ ഞങ്ങള്‍ തയാറാണെന്ന് സംസാരിക്കുന്ന ജീവനക്കാരനും പറയുന്നുണ്ട്. ഈ പേജില്‍ റീല്‍സായി പങ്കുവച്ച വിഡിയോയാണ് ഇപ്പോള്‍ വൈറലായിട്ടുള്ളത്. വിഡിയോയുടെ പൂര്‍ണരൂപം  കാണാം.

വൈറല്‍ വിഡിയോ കഴിഞ്ഞ വര്‍ഷം മുതല്‍ പ്രചാരത്തിലുള്ളതാണെന്ന് വ്യക്തമായെങ്കിലും ഈ വര്‍ഷം ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ എന്നും ഞങ്ങള്‍ പരിശോധിച്ചു. ഇത്തവണത്തെ ശബരിമല തീര്‍ഥാടനത്തിനായി നവംബര്‍ 15ന് നട തുറന്ന ശേഷം ഇതുവരെ വാഹന ഗതാഗതം സംബന്ധിച്ചുള്ള പരാതികളൊന്നും വന്നതായി വാര്‍ത്തകളില്ല. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് നവംബര്‍ 25ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ശബരിമല തീര്‍ഥാടനം സുഗമമായി മുന്നോട്ടു പോകുന്നതായാണ് വ്യക്തമാക്കിയിട്ടുള്ളത്. ശബരിമലയില്‍ ഇത്തവണ ഏര്‍പ്പെടുത്തിയ സംവിധാനങ്ങള്‍ വിലയിരുത്താന്‍ വിവിധ വകുപ്പുകള്‍ സംയുക്തമായി നടത്തിയ അവലോകന യോഗത്തിന്  ശേഷമായിരുന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് മാധ്യമങ്ങളോട് പ്രതികരിച്ചത്.

ഇത്തവണത്തെ തീര്‍ഥാടനം പത്ത് ദിവസം പിന്നിട്ടപ്പോള്‍ തിരക്ക് വര്‍ധിക്കുന്നുണ്ടെങ്കിലും ക്രമീകരണങ്ങള്‍ മികച്ചതായതിനാല്‍ ഇതുവരെ പരാതികളൊന്നുമില്ലെന്ന റിപ്പോര്‍ട്ട് മാതൃഭൂമി ന്യൂസ് നല്‍കിയിട്ടുണ്ട്. 'പരാതികളില്ലാതെ ശബരിമല തീര്‍ഥാടനം മുന്നോട്ട്; കൃത്യമായ ക്രമീകരണങ്ങള്‍ ഒരുക്കി ദേവസ്വം ബോര്‍ഡ്' എന്ന തലക്കെട്ടില്‍ 2024 നവംബര്‍ 26ന് മാതൃഭൂമി നല്‍കിയ വിഡിയോ റിപ്പോര്‍ട്ട് കാണാം.

നിലയ്ക്കല്‍ നിന്ന് പമ്പയിലേക്ക് ചെയിന്‍ സര്‍വീസ് നടത്താന്‍ ഇത്തവണ ആദ്യ ഘട്ടത്തില്‍ 383 ബസുകളും രണ്ടാം ഘട്ടത്തില്‍ 550 ബസുകളും കെഎസ്ആര്‍ടിസി ക്രമീകരിച്ചതായി റിപ്പോര്‍ട്ടുണ്ട്. നിലയ്ക്കല്‍ നിന്ന് വിവിധ പാര്‍ക്കിങ് കേന്ദ്രങ്ങളിലേക്കും ബസ് സര്‍വീസ് നടത്തുന്നുണ്ട്. അതേസമയം, നിലയ്ക്കല്‍ നിന്ന് പമ്പയിലേക്കുള്ള ബസുകളില്‍ ആളുകളെ കുത്തി നിറച്ച് കയറ്റുന്നതായി ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സാധാരണയായി തീര്‍ഥാടനം അവസാന നാളുകളിലേക്ക് കടക്കുമ്പോള്‍ വലിയ രീതിയില്‍ തിരക്കുണ്ടാകാറുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ബസ് സര്‍വീസുകള്‍ നിയന്ത്രിച്ച് തിരക്ക് കുറയുന്നതനുസരിച്ച് കയറ്റിവിടുകയാണ് പതിവെന്ന് പൊലീസും കെഎസ്ആര്‍ടിസി അധികൃതരും പറയുന്നു.

ലഭ്യമായ വിവരങ്ങളില്‍ നിന്ന് തൃശൂര്‍ പൂരത്തിന് ശേഷം ശബരിമല തീര്‍ഥാടനവും സര്‍ക്കാര്‍ കലക്കാന്‍ ശ്രമിക്കുന്നുവെന്ന രീതിയിലുള്ള വിഡിയോ 2023 മുതല്‍ പ്രചാരത്തിലുള്ളതാണെന്ന് വ്യക്തമായി.

∙ വസ്തുത

വൈറല്‍ വിഡിയോ പഴയതാണ്. തിരക്ക് അധികമായപ്പോള്‍ ബസുകള്‍ കയറ്റിവിടുന്നതിന് പൊലീസ് നിയന്ത്രണമേര്‍പ്പെടുത്തിയ സംഭവമാണിത്.ഈ വര്‍ഷം ഇതുവരെ ഭക്തരെ തടഞ്ഞതായി റിപ്പോര്‍ട്ടുകളില്ല.

( രാജ്യത്തെ തിരഞ്ഞെടുപ്പുകളിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി ഇന്ത്യാ ടുഡേ  പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന്)

English Summary: There have been no reports of Sabarimala devotees being stopped so far this year

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com