എല്ലാ വിദ്യാർഥികൾക്കും സൗജന്യ ലാപ്ടോപ്, പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പേരിൽ തട്ടിപ്പ് | Fact Check
Mail This Article
എല്ലാ വിദ്യാർഥികൾക്കും സൗജന്യ ലാപ്ടോപ് എന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ വ്യാജ ലിങ്കുകൾ പ്രചരിക്കുകയാണ്. ക്ലിക്ക് ചെയ്യുമ്പോൾ ഔദ്യോഗിക സൈറ്റെന്ന് തോന്നിക്കുന്ന ഒരു വെബ് പേജിലേക്കു പോകുന്നതിനാൽ സ്കൂൾ ഗ്രൂപ്പുകളിലുൾപ്പെടെ വ്യാപകമായി ഷെയർ ചെയ്യപ്പെട്ട ഈ സന്ദേശത്തിന്റെ യാഥാർഥ്യം പരിശോധിക്കാം..
∙ അന്വേഷണം
പ്രചരിക്കുന്ന mainlap.33.pages എന്ന ലിങ്ക് പൊതുവിദ്യാഭ്യാസ വകുപ്പിന്റേതെന്ന് തോന്നിക്കുന്ന ഒരു പേജിലേക്കാണ് നയിക്കുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഡിസൈൻ ചെയ്തതും പരിപാലിക്കുന്നതും കൈറ്റ് ആണ്, മാത്രമല്ല മറ്റ് നിരവധി അനുബന്ധ പേജുകളിലേക്കും പോകാൻ കഴിയും. ഡിസൈൻ ആൻഡ് ഡെവലപ്ഡ് എന്ന പേരിൽ പേജുകളുടെ താഴെ വിവരം കാണാനാകും. ഒപ്പം എല്ലാ പേജുകളിലും മറ്റുള്ള പേജുകളിലേക്കും പോകാനും തിരികെ വരാനും കഴിയുന്ന തരത്തിൽ ക്ലിക്ക് ചെയ്യാനുമാകും.
സ്കാം അഡ്വൈസര്‍ ടൂളുപയോഗിച്ച് വെബ്സൈറ്റ് യുആര്‍എൽ പരിശോധിച്ചതിൽ നിന്നും ഈ വെബ്സൈറ്റ് ഉടമ തന്റെ ഐഡന്റിറ്റി പെയ്ഡ് ടൂളുകളാൽ മറച്ചതായും മനസിലായി. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ലോഗോ അല്ലാതെ മറ്റൊരു വിവരവും വെബ്പേജിൽ ലഭ്യമാകുന്നില്ല.ഒപ്പം വെബ്സൈറ്റ് ചെക്കർ ടൂളുകളിൽ ഈ യുആർഎൽ സ്പാം ആകാമെന്നും ഒപ്പം ഇതിന്റെ ഹോസ്റ്റിങ് ചെയ്തിരിക്കുന്നത് സ്വകാര്യ ക്ലൗഡ് അധിഷ്ഠിത പ്ലാറ്റ്ഫോമുകളിലാണെന്നും കണ്ടെത്തി. pages.dev എന്ന ക്ലൗഡ്ഫെയർ സംവിധാനം നിരവധി തട്ടിപ്പുകാർ അവരുടെ ആയുധമാക്കാറുണ്ട്. ഇത് സംബന്ധിച്ച റിപ്പോർട്ട് കാണാം
കേരള സർക്കാരിന്റെ ഔദ്യോഗിക സൈറ്റുകളുടെ ഹോസ്റ്റിങ് പ്രൊവൈഡർ കേരള സ്റ്റേറ്റ് ഐടി മിഷനാണെന്ന് കാണാം. എന്നാൽ പ്രചരിക്കുന്ന ലിങ്കിലെ ഐപി അഡ്രസ് വ്യക്തമാക്കുന്നത് വിവിധ വിദേശ രാജ്യങ്ങളാണ്. ഐപി അഡ്രസ് മാസ്കിങ് പോലുള്ള സംവിധാനങ്ങള്‍ ഒരു പക്ഷേ ഉപയോഗപ്പെടുത്തിയിരിക്കാം.
വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിൽ ഇത്തരമൊരു സൈബർ തട്ടിപ്പിനെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതിൽ ഇങ്ങനെ പറയുന്നു.(വ്യാജ സന്ദേശങ്ങളിൽ കുടുങ്ങരുത്..എല്ലാ വിദ്യാർത്ഥികൾക്കും സൗജന്യ ലാപ്ടോപ്പ് എന്ന് അറിയിച്ചുകൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പേരിൽ അപേക്ഷകരുടെ പേരു വിവരങ്ങൾ അടക്കം ശേഖരിച്ചുകൊണ്ട് ഒരു സൈബർ തട്ടിപ്പിന് ശ്രമം നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
സാധാരണ ജനങ്ങളിലേക്ക് വാട്‌സാപ് സന്ദേശം വഴിയാണ് ഈ ലിങ്ക് എത്തുന്നത്. പൊതുജനങ്ങൾ തട്ടിപ്പിന് ഇരയാകുന്നത് തടയാൻ അതിവേഗം നടപടികൾ കൈക്കൊള്ളാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഡി ജി പിയ്ക്ക് പരാതി നൽകി)
∙ വസ്തുത
പൊതു വിദ്യാഭ്യാസ വകുപ്പിലൂടെ വിദ്യാർഥികൾക്കു ലാപ്ടോപ് സൗജന്യമെന്നു പ്രചരിക്കുന്നത് വ്യാജമാണ്. ആ ലിങ്കിൽ ക്ലിക്ക് ചെയ്യരുത്.
English Summary: The posts circulating in the name of the Department of Public Education with the claim of free laptops are fake