അതിക്രൂരമായി കാളയെ അടിച്ച് കൊല്ലുന്ന ഈ വിഡിയോ ബംഗ്ലദേശിൽ നിന്നോ?| Fact Check
Mail This Article
ബംഗ്ലദേശിൽ ഹിന്ദു സന്യാസി ചിന്മയ് കൃഷ്ണദാസിനെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തുടരുകയാണ്. ഇതിനിടെ നാലുപേർ ചേർന്ന് ഒരു കാളയെ മർദ്ദിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ബംഗ്ലദേശിലെ ഇസ്കോൺ ഫാമിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇത് എന്ന രീതിയിലാണ് വിഡിയോ പ്രചരിക്കുന്നത്.എന്നാൽ, പ്രചാരത്തിലുള്ള വിഡിയോ ബംഗ്ലദേശിൽ നിന്നുള്ളതല്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി. പഞ്ചാബിലെ ജലന്ധറിലുള്ള ഒരു ഫാമിൽ നിന്നും പകർത്തിയ ദൃശ്യമാണ് ഇത്.
∙ അന്വേഷണം
"Isckon ഫാം ബംഗ്ലദേശ് " എന്ന തലക്കെട്ടോടെ പ്രചരിക്കുന്ന ഫെയ്‌സ്ബുക് പോസ്റ്റിന്റെ പൂർണ രൂപം കാണാം.
വൈറൽ വിഡിയോയുടെ കീഫ്രെയിമുകൾ റിവേഴ്സ് ഇമേജ് സെർച്ചിന്റെ സഹായത്തോടെ പരിശോധിച്ചപ്പോൾ സമാന വിഡിയോ 'ജേണലിസ്റ്റ് ഫൈസൽ' എന്ന എക്സ് അക്കൌണ്ടിൽ 2024 നവംബർ 19ന് പങ്കുവച്ചതായി കണ്ടെത്തി. ഈ പോസ്റ്റിൽ എവിടെയാണ് സംഭവം നടന്നതെന്ന് വ്യക്തമാക്കുന്നില്ല. എന്നാൽ ഈ പോസ്റ്റിന് താഴെ 'PETA India' എന്ന മൃഗസംരക്ഷണ സംഘടനയുടെ ഔദ്യോഗിക അക്കൗണ്ട് കമന്റ് ചെയ്തിട്ടുണ്ട്. ഈ സംഭവത്തിൽ സദർ പൊലീസ് സ്റ്റേഷനിൽ ഇതിനകം നിരവധി വകുപ്പുകൾ ചേർത്ത് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് കമന്റിൽ പറയുന്നത്.
തുടർന്ന് നടത്തിയ കീവേഡ് സെർച്ചിലൂടെ "Outrage in Jalandhar as cow flogged to death, video viral" എന്ന തലക്കെട്ടോടെ ദി ട്രൈബ്യൂൺ 2024 നവംബർ 20ന് പ്രസിദ്ധീകരിച്ച റിപ്പോർട്ട് ലഭ്യമായി. വൈറൽ വിഡിയോയിൽ കാണുന്ന സംഭവത്തിൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ആനിമൽ പ്രൊട്ടക്ഷൻ ഫൗണ്ടേഷൻ എന്ന സംഘടനയുടെ നേതാവായ സൃഷ്ട് ഭക്ഷി പരാതി നൽകിയെന്നും പ്രതിഷേധം നടത്തിയെന്നും ഈ റിപ്പോർട്ടിൽ പറയുന്നു.
പിന്നീട് ഞങ്ങൾ അന്വേഷിച്ചത് ആനിമൽ പ്രൊട്ടക്ഷൻ ഫൗണ്ടേഷൻ എന്ന സംഘടനയെ കുറിച്ചാണ്. സംഘടനയുടെ ഫെയ്‌സ്ബുക് പേജിൽ നിന്നും പഞ്ചാബിലെ ജലന്ധർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മൃഗസംരക്ഷണ സംഘടനയാണ് ഇതെന്ന് വ്യക്തമായി. ഈ പേജിൽ 2024 നവംബർ 13ന് വൈറൽ വിഡിയോ പങ്കുവച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് സംഘടനയിലെ അംഗങ്ങൾ ഡിഎസ്പിയെ കണ്ടതായി മറ്റൊരു ഫെയ്‌സ്ബുക് പോസ്റ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തെ കുറിച്ച് ഡിഎസ്പി സംസാരിക്കുന്ന വിഡിയോയും ഈ പേജിൽ കാണാം. പൊലീസിന് നൽകിയ പരാതി, രജിസ്റ്റർ ചെയ്ത എഫ്ഐആറിന്റെ കോപ്പി എന്നിവയും പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
തുടർന്ന് ഞങ്ങൾ ആനിമൽ പ്രൊട്ടക്ഷൻ ഫൗണ്ടേഷൻ എന്ന സംഘടനയുടെ സ്ഥാപകനായ യുവി സിങ് എന്നറിയപ്പെടുന്ന സൃഷ്ട് ഭക്ഷിയെ ഫോണിൽ ബന്ധപ്പെട്ടു. "പഞ്ചാബിലെ ജലന്ധറിലുള്ള ജംഷേർ ഡയറി കോംപ്ലക്സ് എന്ന ഫാമിൽ നടന്ന സംഭവത്തിന്റെ വിഡിയോയാണ് ഇത്. നാല് പേർ ചേർന്നാണ് കാളയെ മർദ്ദിച്ച് കൊന്നത്. അന്വേഷണത്തിന്റെ ഭാഗമായി ഞാൻ ആ സ്ഥലം സന്ദർശിച്ചിരുന്നു. ഞങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്" യുവി സിങ് പറഞ്ഞു.
തുടർന്ന് പഞ്ചാബി ഭാഷയിലുള്ള കീവേഡുകൾ ഉപയോഗിച്ച് നടത്തിയ സെർച്ചിലൂടെ കബ്രിസ്ഥാൻ പഞ്ചാബി എന്ന വെബ്സൈറ്റിൽ 2024 നവംബർ 27ന് പ്രസിദ്ധീകരിച്ച റിപ്പോർട്ട് ലഭ്യമായി. വൈറൽ വിഡിയോയുടെ സ്ക്രീൻഷോട്ട് ഉൾപ്പെടെയുള്ള ഈ റിപ്പോർട്ടിൽ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് കൊന്നത് കാളയെയാണെന്നും ജംഷേർ ഡയറി എന്ന ഫാമിലാണ് ഈ സംഭവം നടന്നതെന്നും വ്യക്തമാക്കുന്നുണ്ട്. വിഡിയോയിൽ കാണുന്ന യുവാക്കളെ പൊലീസ് കസ്റ്റഡിയിൽ എടുത്ത് വിട്ടയയ്ക്കുകയായിരുന്നുവെന്നും ഡയറി ഉടമയ്ക്കെതിരെ പൊലീസ് നടപടിയെടുത്തില്ലെന്നും ഈ റിപ്പോർട്ടിൽ പറയുന്നുണ്ട്.
ലഭ്യമായ വിവരങ്ങളിൽ നിന്നും ബംഗ്ലദേശിലെ ഇസ്കോൺ ഫാമിൽ പശുവിനെ അടിച്ച് കൊല്ലുന്ന വിഡിയോ എന്ന അവകാശവാദത്തോടെ പ്രചരിക്കുന്നത് പഞ്ചാബിലെ ജലന്ധറിൽ നിന്നുള്ള ദൃശ്യമാണെന്ന് വ്യക്തമായി.
∙ വസ്‌തുത
വിഡിയോ ബംഗ്ലദേശിൽ നിന്നുള്ളതല്ല. പഞ്ചാബിലെ ജലന്ധറിലുള്ള ജംഷേർ ഡയറി കോംപ്ലക്സിൽ നടന്ന സംഭവത്തിന്റെ ദൃശ്യമാണിത്.
( രാജ്യത്തെ തിരഞ്ഞെടുപ്പുകളിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി ഇന്ത്യാ ടുഡേ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന്)
English Summary : This is the scene of incident that took place at Jamsher Dairy Complex in Jalandhar, Punjab