ഫുട്ബോൾ കളിക്കിടെ ഗ്രൗണ്ടിലേക്ക് ഇടിച്ചിറങ്ങുന്ന വിമാനം! | Fact Check
Mail This Article
ഫുട്‌ബോള്‍ മത്സരം നടക്കുന്ന ഗ്രൗണ്ടിലേക്ക് ഒരു ചെറിയ വിമാനം ഇടിച്ച് ഇറങ്ങുന്ന ദൃശ്യം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട് . വിമാനം താഴേയ്ക്ക് പതിക്കുമ്പോൾ രണ്ട് കളിക്കാര്‍ തെറിച്ചു വീഴുന്നതും പുക ഉയരുന്നതും ദൃശ്യങ്ങളില്‍ കാണാം.എന്നാല്‍, പ്രചരിക്കുന്ന വിഡിയോ എഡിറ്റഡാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഫുട്‌ബോള്‍ മത്സരത്തിന്റെ വിഡിയോയ്‌ക്കൊപ്പം വിമാനം തകര്‍ന്നുവീഴുന്ന അനിമേഷന്‍ ദൃശ്യം ചേര്‍ത്താണ് പ്രചരിപ്പിക്കുന്നത്.
∙ അന്വേഷണം
"Plane crash on Football Ground ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ കളിച്ചു കൊണ്ടിരിക്കു ന്നവരുടെ"എന്നെഴുതിയ ഫെയ്‌സ്ബുക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം താഴെ കാണാം.ഫെയ്‌സ്ബുക് പോസ്റ്റിന്റെ ആര്‍ക്കൈവ് ചെയ്ത ലിങ്ക്
വൈറല്‍ വിഡിയോ സൂക്ഷ്മമായി നിരീക്ഷിച്ചപ്പോള്‍ വിമാനം വന്ന് പതിച്ചിട്ടും കളിക്കാര്‍ അത് ശ്രദ്ധിക്കാതെ കളി തുടരുന്നതായി കാണാം. താഴെ വീണുപോയ കളിക്കാരില്‍ ഒരാള്‍ എഴുന്നേറ്റ് ഓടിപ്പോകുന്നതും ദൃശ്യമാണ്. ഈ വിഡിയോയുടെ കീഫ്രെയ്മുകള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന്റെ സഹായത്തോടെ പരിശോധിച്ചപ്പോള്‍ 'Soccer Express Broadcasts' എന്ന യുട്യൂബ് പേജില്‍ 2018 മെയ് 29ന് ഈ വിഡിയോ പങ്കുവച്ചിട്ടുള്ളതായി കണ്ടെത്തി. "റിച്ച്ലാന്‍ഡ് കോളേജ് : റഫറി തീരുമാനത്തിന് ശേഷം രക്ഷിതാക്കളുടെ നിയന്ത്രണം വിട്ടു " എന്ന വിവരണത്തോടെയാണ് വിഡിയോ അപ്‌ലോഡ് ചെയ്തിട്ടുള്ളത്. 2.55 മിനിട്ട് ദൈര്‍ഘ്യമുള്ള വിഡിയോയുടെ പത്താമത്തെ സെക്കന്റില്‍ രണ്ട് പ്ലെയേഴ്‌സ് തമ്മില്‍ കൂട്ടിമുട്ടി വീഴുന്നത് കാണാം. എന്നാല്‍ ഈ വിഡിയോയില്‍ വിമാനം ഇടിച്ച് വീഴുന്ന ദൃശ്യമില്ല. യുട്യൂബ് വിഡിയോയുടെ പൂര്‍ണരൂപം കാണാം.
ഇതേ യുട്യൂബ് പേജില്‍ ഈ ഫുട്‌ബോള്‍ മത്സരത്തിന്റെ ദൈര്‍ഘ്യമേറിയ പതിപ്പ് പങ്കുവച്ചിട്ടുണ്ട്. "കെന്‍ സ്മിത്ത് മെമ്മോറിയല്‍ സെമിഫൈനല്‍ സോളാര്‍ 02 ബി സോയര്‍ വേഴ്‌സസ് ടെക്സാന്‍സ് 02 ബി ആഡം ഗെയിം" എന്നാണ് വിഡിയോയുടെ വിവരണം. ഈ വിഡിയോയുടെ പ്രസക്തഭാഗം ഇവിടെ കാണാം
ഫുട്‌ബോള്‍ മത്സരത്തിന്റെ യഥാര്‍ഥ വിഡിയോയും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന എഡിറ്റഡ് വിഡിയോയും തമ്മിലുള്ള താരതമ്യ ചിത്രം കാണാം.
യഥാര്‍ഥ വിഡിയോയില്‍ വിമാനം ഇടിച്ചിറങ്ങുന്ന ദൃശ്യമില്ലെന്ന് ഉറപ്പായതോടെ വൈറല്‍ വിഡിയോ എഡിറ്റ് ചെയ്തതാണെന്ന സൂചന ലഭിച്ചു. തുടര്‍ന്ന് ഞങ്ങള്‍ വിമാനം തകരുന്ന ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഇതൊരു അനിമേറ്റഡ് വിഡിയോയാണെന്ന് വ്യക്തമായി. അനിമേറ്റഡ് വിഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുന്ന വെബ്‌സൈറ്റുകളില്‍ ഈ ദൃശ്യം ലഭ്യമാണ്.
ലഭ്യമായ വിവരങ്ങളില്‍ നിന്ന് ഫുട്‌ബോള്‍ മത്സരത്തിനിടെ ഗ്രൗണ്ടിലേക്ക് വിമാനം തകര്‍ന്നു വീഴുന്ന ദൃശ്യം എന്ന രീതിയില്‍ പ്രചരിക്കുന്ന വിഡിയോ എഡിറ്റ് ചെയ്തതാണെന്ന് വ്യക്തമായി.
∙ വസ്തുത
ഫുട്‌ബോള്‍ മത്സരത്തിനിടെ ഗ്രൗണ്ടിലേക്ക് വിമാനം തകര്‍ന്നു വീഴുന്ന ദൃശ്യം എഡിറ്റ് ചെയ്‌തതാണ്. യുഎസിലെ ടെക്‌സസില്‍ നടന്ന ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ വിഡിയോയില്‍ വിമാനം തകരുന്ന അനിമേറ്റഡ് ദൃശ്യം ചേര്‍ത്താണ് വൈറല്‍ വിഡിയോ നിര്‍മിച്ചിട്ടുള്ളത്.
( രാജ്യത്തെ തിരഞ്ഞെടുപ്പുകളിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി ഇന്ത്യാ ടുഡേ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന് )
English Summary: The scene of the plane crashing into the ground during the football match was edited