കുറുവ സംഘത്തിന്‍റെ തലവനെ നാട്ടുകാർ പിടികൂടിയോ? | Fact Check
Mail This Article
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വാർത്തകളിൽ നിറയുന്നത് കുറുവ മോഷണ സംഘമാണ്. ആലപ്പുഴയിലെ മോഷണ കേസിൽ പ്രതികളായ കുറുവ സംഘത്തെ തേടി എറണാകുളത്തെത്തിയ പൊലീസിനെ കുറുവ സംഘം ആക്രമിച്ചു. കൈവിലങ്ങോടെ നഗ്നനായി കുറ്റികാട്ടിലൊളിച്ച കുറുവ സംഘാംഗത്തെ മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് പൊലീസ് കണ്ടെത്തിയത്.
എന്നാൽ ഇപ്പോൾ കുറുവ സംഘത്തിന്‍റെ തലവനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു എന്ന അവകാശവാദത്തോടെ സമൂഹ മാധ്യമങ്ങളില്‍ ഒരു വിഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ ഈ വിഡിയോയിലെ അവകാശവാദം തെറ്റാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. വാസ്തവമറിയാം.
∙ അന്വേഷണം
കുറുവ സംഘ തലവനെ (പിണറായി അല്ലാട്ടോ)നാട്ടുകാർ പിടികൂടിയപ്പോൾ എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റ് പ്രചരിക്കുന്നത്.പോസ്റ്റ് കാണാം.
വൈറൽ വിഡിയോയുടെ സ്ക്രീൻഷോട്ടുകൾ റിവേഴ്‌സ് ഇമേജ് സെർച്ചിന്റെ സഹായത്തോടെ പരിശോധിച്ചപ്പോൾ കള്ളനെ പിടികൂടി എന്ന തലക്കെട്ടോടെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു വിഡിയോ ഞങ്ങൾക്ക് ലഭിച്ചു.2024 ഡിസംബർ 2–നാണ് വിഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്.
വിഡിയോ പരിശോധിച്ചപ്പോൾ അതിലെ ചില കമന്റുകളിൽ നിന്ന് ഈ വിഡിയോ പഴയതാണെന്ന സൂചനകൾ ലഭിച്ചു. കൂടാതെ സംഭവം ചേര്‍ത്തലയിലെതല്ലെന്നും അങ്കമാലിയിലേതാണെന്നുമുള്ള കമന്റുകളുമുണ്ട്.കൂടാതെ സംഭവവുമായി ബന്ധപ്പെട്ട വാർത്തകളൊന്നും തന്നെ ഞങ്ങൾക്ക് ലഭിച്ചില്ല.
സ്ഥിരീകരിക്കാനായി ഞങ്ങള്‍ അങ്കമാലിയിലെ പൊലീസ് ഉദ്യോഗസ്ഥരുമായി സംസാരിച്ചപ്പോൾ വൈറൽ വിഡിയോയിലെ സംഭവം അങ്കമാലിയിൽ നിന്നുള്ളതാണെന്ന് അദ്ദേഹം സമ്മതിച്ചു. ഇയാള്‍ കുറുവ സംഘത്തില്‍പ്പെട്ടയാളാണെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. വിഡിയോയിലുള്ള വ്യക്തി എംഡിഎംഎ ലഹരി ഉപയോഗിച്ച് രാത്രികാലങ്ങളിൽ പ്രദേശത്തെ വീടുകളില്‍ അതിക്രമിച്ചു കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ നാട്ടുകാര്‍ പിടികൂടിയത്. പിന്നീട് ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ലഹരി ചികിൽസയ്ക്കായി പൊലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാൾ നിലവിൽ ചികിൽസയിലാണ്. അധികൃതർ വ്യക്തമാക്കി.
∙ വസ്തുത
ലഹരി ഉപയോഗിച്ച് വീടുകളിൽ അതിക്രമിച്ച് കയറാൻ ശ്രമിച്ചതിന് അങ്കമാലിയില്‍ പിടിയിലായ വ്യക്തിയുടെ ദൃശ്യങ്ങളാണ് കുറുവ സംഘത്തിന്‍റെ തലവനെ അറസ്റ്റ് ചെയ്തു എന്ന് അവകാശവാദവുമായി പ്രചരിക്കുന്നത്. അവകാശവാദം തെറ്റിദ്ധരിപ്പിക്കുന്നതാണ്.
English Summary: The footage of the person arrested in Angamaly for trying to break into houses using drugs is being circulated with the claim that the leader of the Kurua gang has been arrested