ADVERTISEMENT

തമിഴ്​നാട്ടില്‍ അയ്യപ്പ ഭക്തർ സഞ്ചരിച്ച ബസ് ആക്രമിക്കുന്ന ദൃശ്യം എന്ന അവകാശവാദത്തോടെ ഒരു വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഒരു ബസിന് ചുറ്റിലും ആളുകൾ നിന്ന് തർക്കിക്കുന്നതായി ദൃശ്യങ്ങളിൽ കാണാം. സ്റ്റാലിൻ ഭരിക്കുന്ന തമിഴ്​നാട്ടില്‍ മുസ്‌ലിംകൾ അയ്യപ്പ ഭക്തരെ അക്രമിച്ചു എന്ന രീതിയിലാണ് വിഡിയോ പ്രചരിക്കുന്നത്.

എന്നാൽ, പ്രചാരത്തിലുള്ള വിഡിയോ തമിഴ്​നാട്ടില്‍ നിന്നുള്ളതല്ലെന്ന്  അന്വേഷണത്തിൽ കണ്ടെത്തി. ആന്ധ്രാപ്രദേശിലെ റായചോട്ടിയിൽ നിന്നുള്ള ദൃശ്യമാണിത്.

∙ അന്വേഷണം

"ഇത്‌ ബംഗ്ലദേശിൽ അല്ല ഇന്ത്യയിൽ. തമിഴ്‌നാട്ടിൽ. അയ്യപ്പഭക്തർ, ഏതോ മുസ്‌ലിം പള്ളിയുടെ മുൻപിൽ കൂടി, ടൂറിസ്റ്റ് ബസിൽ, അയ്യപ്പഭക്തി ഗാനങ്ങൾ വച്ചു ശബരിമലക്ക് വന്നതിനു സമാധാന മതക്കാരുടെ രോഷപ്രകടനം.കേരളത്തിലെ പോലെ അവിടെയും, ഭരണപക്ഷം ( സ്റ്റാലിൻ ) ഇവർക്ക് അനുകൂലമാണ്. അതിന്റെ അഹങ്കാരം ആണ് കാണിക്കുന്നത്. ( വാവരു നടയിലെ പൈസ മാത്രം മതി,ഇവനൊക്കെ.) Swamy Ayyappa devotees are being attacked by Islamists somewhere in TN" എന്ന കുറിപ്പോടെ പ്രചരിക്കുന്ന ഫെയ്‌സ്ബുക് പോസ്റ്റ് കാണാം.

വൈറൽ വിഡിയോയുടെ കീഫ്രൈമുകൾ റിവേ‌ഴ്‌സ് ഇമേജ് സെർച്ചിന്റെ സഹായത്തോടെ പരിശോധിച്ചപ്പോൾ സമാന വിഡിയോ ആന്ധ്രാപ്രദേശിൽ നടന്ന സംഭവമാണ് എന്ന രീതിയിൽ ചിലർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതായി കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ കീവേഡ് സെർച്ചിലൂടെ സീ ന്യൂസ് യൂട്യൂബ് ചാനലിൽ പങ്കുവച്ച വിഡിയോ റിപ്പോർട്ട് ലഭ്യമായി. ആന്ധ്രാപ്രദേശിലെ റായചോട്ടിയിലാണ് ഈ സംഭവം നടന്നതെന്ന് വാർത്തയിൽ വ്യക്തമാക്കുന്നു. അയ്യപ്പ ഭക്തർ സഞ്ചരിച്ച ബസിൽ ഭക്തിഗാനം വച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിലെത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ റിപ്പോർട്ട്  കാണാം.

ആന്ധ്രാപ്രദേശിലെ അന്നമയ ജില്ലയിലുള്ള റായചോട്ടി എന്ന പ്രദേശത്താണ് അയ്യപ്പ ഭക്തരുടെ ബസിന് നേരെ അക്രമം ഉണ്ടായതെന്ന് ടിവി9 തെലുഗു റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2024 ഡിസംബർ 5ന് രാത്രിയാണ് അയ്യപ്പ ഭക്തരുടെ ബസിന് നേരെ കല്ലേറുണ്ടായതെന്നും പിറ്റേന്ന് അയ്യപ്പഭക്തർ ഉൾപ്പെടെയുള്ള ആളുകൾ സംഘടിച്ച് പ്രതിഷേധിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ റിപ്പോർട്ട് കാണാം.

കടപ്പ വാർത്താ ടിവി, റിപ്പബ്ലിക് ടിവി  എന്നീ മാധ്യമങ്ങളും സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ റിപ്പോർട്ടുകളിലെല്ലാം വിഡിയോയിൽ കാണുന്ന സംഭവം നടന്നത് ആന്ധ്രാപ്രദേശിലെ റായചോട്ടിയിലാണെന്ന് വ്യക്തമാക്കുന്നുമുണ്ട്.

തമിഴ്​നാട്ടില്‍ അയ്യപ്പഭക്തർക്ക് നേരെ അടുത്തിടെ ഏതെങ്കിലും രീതിയിലുള്ള ആക്രമണം നടന്നിട്ടുണ്ടോ എന്നും ഞങ്ങൾ പരിശോധിച്ചു. ഇത്തരം റിപ്പോർട്ടുകളൊന്നും ലഭ്യമായില്ല. കഴിഞ്ഞ വർഷം ആന്ധ്രാപ്രദേശിൽ നിന്നുള്ള അയ്യപ്പ ഭക്തരെ തമിഴ്​നാട്ടിലെ ശ്രീരംഗം രംഗനാഥസ്വാമി ക്ഷേത്രത്തിൽ സെക്യൂരിറ്റി മർദ്ദിച്ചതായി വാർത്തകൾ ഉണ്ടായിരുന്നു. ഈ സംഭവത്തിന്റെ വിഡിയോ ശബരിമലയിൽ അയ്യപ്പ ഭക്തനെ പൊലീസ് മർദ്ദിച്ചു എന്ന രീതിയിൽ പ്രചരിച്ചപ്പോൾ ഞങ്ങൾ പ്രസിദ്ധീകരിച്ച ഫാക്റ്റ് ചെക്ക് റിപ്പോർട്ട് ഇവിടെവായിക്കാം.

ലഭ്യമായ വിവരങ്ങളിൽ നിന്നും സ്റ്റാലിന്റെ തമിഴ്​നാട്ടില്‍ അയ്യപ്പഭക്തർക്ക് നേരെ ആക്രമണം നടന്നുവെന്ന രീതിയിൽ പ്രചരിക്കുന്ന വിഡിയോ ആന്ധ്രാപ്രദേശിലെ റായചോട്ടിയിൽ നിന്നുള്ളതാണെന്ന് വ്യക്തമായി.

∙ വാസ്തവം

സ്റ്റാലിന്റെ തമിഴ്​നാട്ടില്‍ അയ്യപ്പഭക്തർക്ക് നേരെ നടന്ന ആക്രമണത്തിന്റെ വിഡിയോ എന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന വിഡിയോ തമിഴ്​നാട്ടില്‍ നിന്നുള്ളതല്ല. ആന്ധ്രാപ്രദേശിലെ റായചോട്ടിയിൽ നടന്ന സംഭവമാണിത്.

( രാജ്യത്തെ തിരഞ്ഞെടുപ്പുകളിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി ഇന്ത്യാ ടുഡേ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന് )

English Summary: The video circulating claiming to be an attack on Ayyappa devotees is not from Tamil Nadu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com