ADVERTISEMENT

സംസ്ഥാനത്ത് ഡിസംബര്‍ അഞ്ച് മുതല്‍ വൈദ്യുതി ചാര്‍ജ് വര്‍ധന പ്രാബല്യത്തില്‍ വന്നു. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് യൂണിറ്റിന് 16 പൈസയാണ് വര്‍ധനവുണ്ടായിട്ടുള്ളത്. ഏഴ് രൂപ മുതല്‍ 140 രൂപ വരെ വിവിധ താരിഫുകളില്‍ വര്‍ധനവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. കേരളത്തിലെ ഇപ്പോഴത്തെ വൈദ്യുതി ചാര്‍ജ് വര്‍ധനയ്ക്ക് ശേഷം പൊതുമേഖലയിലുള്ള കെഎസ്ഇബിയെക്കാള്‍ കുറവാണ് സ്വകാര്യമേഖലയിലുള്ള അദാനി ഇലക്ട്രിസിറ്റി ഈടാക്കുന്ന നിരക്ക് എന്ന രീതിയില്‍ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ പ്രചരിക്കുന്നുണ്ട്. വിവിധ താരിഫിലുള്ള നിരക്കുകള്‍ താരതമ്യം ചെയ്യുന്ന ഒരു പട്ടിക സഹിതമാണ് പ്രചാരണം 

എന്നാല്‍ പ്രചരിക്കുന്ന പോസ്റ്റുകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന്  അന്വേഷണത്തില്‍ കണ്ടെത്തി. വൈറല്‍ പോസ്റ്റിലുള്ള അദാനി ഇലക്ട്രിസിറ്റിയുടെ താരിഫ് നിരക്കിലെ റീഡിങ് തെറ്റാണ്, മാത്രമല്ല ഇതില്‍ വീലിങ് ചാര്‍ജും ഉള്‍പ്പെടുത്തിയിട്ടില്ല. 

∙ അന്വേഷണം

ചാര്‍ജ് വര്‍ധന പ്രാബല്യത്തില്‍ വന്നശേഷം കെഎസ്ഇബി ഈടാക്കുന്ന നിരക്ക് സംബന്ധിച്ച വിവരമാണ് ഞങ്ങള്‍ ആദ്യം പരിശോധിച്ചത്. കെഎസ്ഇബിയുടെ ബില്‍ കാല്‍ക്കുലേറ്ററില്‍ താരിഫ് നിരക്കുകളുടെ വിശദാംശങ്ങളുണ്ട്. https://bills.kseb.in/ എന്ന ലിങ്കിലെ കണ്‍സ്യൂമ്ഡ് യൂണിറ്റ് എന്ന കോളത്തില്‍ എനര്‍ജി യൂസേജ് ടൈപ്പ് ചെയ്താല്‍ തത്തുല്യമായ എനര്‍ജി ചാര്‍ജ് ലഭ്യമാകും.

നിലവില്‍ 50 യൂണിറ്റില്‍ താഴെയുള്ള ഉപയോഗത്തിന് വര്‍ധനയില്ല , ഇത് യൂണിറ്റിന് 3.30 രൂപയായി തുടരും. 50 മുതല്‍ 100 യൂണിറ്റ് വരെ 4.15 രൂപ, 100-150 വരെ 5.25 രൂപ, 150 മുതല്‍ 200 വരെ 7.10 രൂപ, 200 മുതല്‍ 250 വരെ 8.35 രൂപ എന്നിങ്ങനെയാണ് ഒരു യൂണിറ്റ് വൈദ്യുതിയ്ക്ക് കെഎസ്ഇബി ഈടാക്കുന്ന നിരക്ക്. ഇതിനൊപ്പം ഫിക്‌സിഡ് ചാര്‍ജ്, ഫ്യുവല്‍ സര്‍ചാര്‍ജ്, മീറ്റര്‍ വാടക തുടങ്ങിയ നിരക്കുകളും ചേര്‍ത്താണ് ആകെ വൈദ്യുതി ബില്‍ കണക്കാക്കുന്നത്.

കെഎസ്ഇബി വൈദ്യുതി ചാര്‍ജ് 

ടെലിസ്കോപിക്, നോണ്‍ ടെലിസ്‌കോപിക് എന്നിങ്ങനെ രണ്ട് രീതികളിലാണ് കെഎസ്ഇബി വൈദ്യുതി ചാര്‍ജ് കണക്കാക്കുന്നത്. 50 യൂണിറ്റ് വീതമുള്ള സ്ലാബുകളായി തിരിച്ച് വിവിധ നിരക്കുകള്‍ ഈടാക്കുന്നതാണ് ടെലിസ്‌കോപിക് രീതി. 250 യൂണിറ്റ് വരെയുള്ള ഉപയോഗമാണ് ടെലിസ്‌കോപിക് രീതിയില്‍ കണക്കാക്കുന്നത്. സാധാരണ ഗാര്‍ഹിക ഉപയോഗം ഇതില്‍ ഉള്‍പ്പെടുന്നതാണ്. 250 യൂണിറ്റിന് മുകളിലെ ഉപയോഗത്തിന് ഒരേ നിരക്ക് ഈടാക്കുന്നതാണ് നോണ്‍ടെലസ്‌കോപിക് രീതി. ഗാര്‍ഹിക ഉപയോഗത്തിനുള്ള എനര്‍ജി ചാര്‍ജ് കെഎസ്ഇബി കണക്കാക്കുന്ന പട്ടിക ചുവടെ കാണാം. (ഫിക്‌സഡ് ചാര്‍ജ്, മറ്റ് നികുതികള്‍ എന്നിവ ഒഴിച്ചുള്ള കണക്ക്) 

ഫിക്‌സിഡ് ചാര്‍ജായി 90 രൂപ മുതല്‍ 160 രൂപവരെയാണ് ഗാര്‍ഹിക ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുന്നത്. കൂടാതെ 16% ഇലക്ട്രിസിറ്റി ഡ്യൂട്ടിയും 26.04% സെയില്‍സ് ഓഫ് ഇലക്ട്രിസിറ്റി ടാക്‌സും ഈടാക്കുന്നതായി കമ്പനിയുടെ വെബ്‌സൈറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.

അദാനി ഇലക്ട്രിസിറ്റി മാസം തോറുമാണ് ബില്‍ നല്‍കുന്നത്. അതേസമയം കേരളത്തില്‍ രണ്ട് മാസത്തിലൊരിക്കാലാണ് വൈദ്യുതി ബില്‍ കണക്കാക്കുന്നത്. വൈറല്‍ പോസ്റ്റുകളില്‍ അദാനി ഇലക്ട്രിസിറ്റിയുടെ എനര്‍ജി ചാര്‍ജ് മാത്രമാണ് കാണിച്ചിട്ടുള്ളത്. അദാനി ഇലക്ട്രിസിറ്റി ഈടാക്കുന്ന 2.60 രൂപ വീലിംഗ് ചാര്‍ജും കെഎസ്ഇബി ഈടാക്കുന്നില്ല. മാത്രമല്ല അദാനി ഇലക്ട്രിസിറ്റിക്ക് 101 മുതല്‍ 300വരെ ഒരേ താരിഫിലാണ് തുക കണക്കാക്കുന്നത്. കേരളത്തില്‍ 50 യൂണിറ്റുകള്‍ കൂടുംതോറും താരിഫ് വ്യത്യാസപ്പെടും. അതുകൊണ്ട് തന്നെ ഇവിടെ ബില്‍ തുക കുറയും. 

വൈറല്‍ പോസ്റ്റുകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തമാക്കി കെഎസ്ഇബി വിശദീകരണം നല്‍കിയിട്ടുണ്ട്.

ലഭ്യമായ വിവരങ്ങളില്‍ നിന്ന് വൈറല്‍ പോസ്റ്റുകളില്‍ പറയുന്നതുപോലെ കെഎസ്ഇബിയുടെയും അദാനി ഇലക്ട്രിസിറ്റിയുടെയും ബില്ലുകള്‍ രണ്ട് വ്യത്യസ്ഥ തലങ്ങളിലുള്ളതാണെന്നും ഇവ കണക്കാക്കുന്നത് രണ്ട് രീതിയിലാണെന്നും വ്യക്തമായി.

∙ വാസ്തവം

കെഎസ്ഇബിയുടെയും അദാനിയുടെയും താരിഫ് നിരക്കുകള്‍ കണക്കാക്കുന്നത് വ്യത്യസ്ഥ രീതിയിലാണ്. വൈറല്‍ പോസ്റ്റില്‍ അദാനി ഇലക്ട്രിസിറ്റിയുടെ വീലിംഗ് ചാര്‍ജ് ഉള്‍പ്പെടുത്താതെയുള്ള തുകയാണ് കാണിച്ചിട്ടുള്ളത്.

( രാജ്യത്തെ തിരഞ്ഞെടുപ്പുകളിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി ഇന്ത്യാ ടുഡേ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന് )

English Summary:KSEB and Adani tariff rates are calculated differently

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com