വാറ്റ് ചാരായമടിച്ച് പൂസായ കുടകിലെ പുലി | Fact Check
Mail This Article
‘വാറ്റ് ചാരായം അടിച്ചു പൂസായ ഒരു കുടകിലെ പുലി’യാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം. എന്നാൽ വിഡിയോ തെറ്റായ അവകാശവാദത്തോടെയാണ് പ്രചരിക്കുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായി. വാസ്തവമറിയാം
∙ അന്വേഷണം
കർണാടകയിലെ കുടക് ജില്ലയിൽ വനത്തോട് ചേർന്ന് കിടക്കുന അയ്യങ്കേരി എന്ന സ്ഥലത്ത് ,നാടൻ ചരായം വാറ്റു കേന്ദ്രത്തിൽ കടന്ന് ആളുകളെ ഭയപ്പെടുത്തി ഓടിച്ച ആൺ പുലി.അതിന് ശേഷം അവിടെ പരന്ന പാത്രത്തിൽ ചൂടാറാനായി എടുത്തു വച്ചിരുന്ന ഒരു ലിറ്ററോളം ചാരായം ഒട്ടും ബാക്കി വയ്ക്കാതെ കുടിച്ചു തീർത്തു.വിവരമറിഞ്ഞ നാട്ടുകാർ അന്വേഷിച്ചു വന്നപ്പോൾ കണ്ടത് പൂസായി നടക്കാൻ കഴിയാത്ത പുലിയെ നാട്ടുകാർ തട്ടിയും മുട്ടിയും എഴുന്നേൽപ്പിച്ച് ഫോറസ്റ്റോഫീസിൽ ഏൽപ്പിക്കാൻ നടത്തിക്കൊണ്ടുപോകുന്ന ഗംഭീര കാഴ്‌ച എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റുകൾ പ്രചരിക്കുന്നത്. പോസ്റ്റ് കാണാം
കീവേഡുകളുടെ പരിശോധനയിൽ മുൻപും ഇത്തരത്തിൽ പല സ്ഥലങ്ങളുടെ പേര് ചേർത്ത് ഇതേ പോസ്റ്റ് പ്രചരിച്ചിരുന്നതായി ശ്രദ്ധയിൽപ്പെട്ടു. ഗൂഗിൾ റിവേഴ്‌സ് ഇമേജ് സെർച്ച് ഉപയോഗിച്ച് വൈറൽ വിഡിയോയുടെ സ്ക്രീൻ ഷോട്ടുകൾ പരിശോധിച്ചപ്പോൾ സമാന ദൃശ്യങ്ങളടങ്ങിയ ഒരു വിഡിയോ ഞങ്ങൾക്ക് ലഭിച്ചു.
മധ്യപ്രദേശിലെ ബർവാനി ഗ്രാമത്തിൽ പുള്ളിപ്പുലി എത്തിയത് പരിഭ്രാന്തി പരത്തി എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റ് പ്രചരിക്കുന്നത്.ആൾക്കൂട്ടത്തിനു നടുവിലൂടെ അവശനായി നടന്നു പോകുന്ന പുലിയാണ് ദൃശ്യങ്ങളിലുള്ളത്. വിഡിയോയിലെ വിവരങ്ങൾ പ്രകാരം പൻസെമൽ ഫോറസ്റ്റ് റേഞ്ചിലെ ജൽഗോണിലെ ഗോട്ടു പാട്ടീലിന്റെ വയലിലാണ് പുള്ളിപുലിയെ കണ്ടത്. കൂടുതൽ തിരയലിൽ വിഡിയോയെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ടുകളും ഞങ്ങൾക്ക് ലഭിച്ചു. മധ്യപ്രദേശിലെ ദേവാസ് ജില്ലയിൽ ആളുകൾ രോഗബാധിതനായ പുള്ളിപ്പുലിക്കൊപ്പം സെൽഫിയെടുക്കുന്നതും മൃഗത്തിന്റെ മുകളിൽ കയറാൻ ശ്രമിച്ച സംഭവം വിവാദമായി. സംഭവം പുറത്തറിഞ്ഞതോടെ പുലിയെ വനംവകുപ്പ് ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തി ഇൻഡോർ നഗരത്തിലെ മൃഗശാലയിലേക്ക് കൊണ്ടുപോയി. പുള്ളിപ്പുലിയ്ക്ക് മസ്തിഷ്ക വൈകല്യമുണ്ടെന്നും അവശനിലയിലാണെന്നും ജീവനുവേണ്ടി മല്ലിടുകയാണെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ഗുരുതരാവസ്ഥയിലായ പുള്ളിപ്പുലിക്ക് മസ്തിഷ്ക തകരാറുകൾ ഉണ്ടെന്ന് റിപ്പോർട്ടിൽ ഇൻഡോറിലെ കമല നെഹ്‌റു മൃഗശാലയുടെ ചുമതലയുള്ള ഡോ. ഉത്തം യാദവ് പറഞ്ഞു. ഇതിൽ നിന്ന് വിഡിയോയെക്കുറിച്ചുള്ള അവകാശവാദം തെറ്റാണെന്ന് വ്യക്തമായി.
∙ വാസ്തവം
കുടക് ഗ്രാമത്തിൽ വാറ്റ് ചാരായം അടിച്ചു പൂസായ പുലി എന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന വിഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണ്. മസ്തിഷ്ക തകരാർ മൂലമാണ് പുള്ളിപ്പുലി അസ്വാഭാവികമായ രീതിയിൽ പ്രതികരിച്ചത്.
English Summary:The video circulating that the 'drunk' tiger is being taken to the forest department office by locals is fake