ADVERTISEMENT

കേരളവും തമിഴ്‌നാടും കേന്ദ്രസർക്കാരിൽ നിന്നും അവഗണന നേരിടുകയാണ് എന്ന് പാർലമെന്റിൽ കനിമൊഴി എംപി പറയുന്നതിനിടെ സുരേഷ് ഗോപി കൈമലർത്തി കാണിച്ചത് വലിയ വിവാദമായിരുന്നു. ഇതിനിടെ സുരേഷ് ഗോപിക്കെതിരെ സംവിധായകൻ ഷാജി കൈലാസ് രംഗത്തെത്തി എന്ന രീതിയിൽ ഒരു പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സംഘപരിവാറിനൊപ്പം ചേർന്ന സുരേഷ് ഗോപിക്ക് മനുഷ്യത്വം മരവിച്ചു എന്ന രീതിയിലുള്ള പരാമർശം ഷാജി കൈലാസ് നടത്തിയെന്നാണ് പോസ്റ്റിൽ പറയുന്നത്.

∙ അന്വേഷണം

"ഒരാൾ സംഘപരിവാർ ആയാൽ അവന്റെ മനുഷ്യത്വം മരിച്ചു എന്നാണ് അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് സുരേഷ് ഗോപി - Shaji Kailas" എന്നെഴുതിയ പോസ്റ്ററടങ്ങുന്ന ഫെയ്‌സ്ബുക് പോസ്റ്റിന്റെ പൂർണ രൂപം കാണാം.

image_1_7

വൈറൽ പോസ്റ്റുകളിൽ ആരോപിക്കുന്നത് പോലെ ഷാജി കൈലാസ് സുരേഷ് ഗോപിക്കെതിരായി എന്തെങ്കിലും പരാമർശം നടത്തിയിട്ടുണ്ടോ എന്ന കാര്യമാണ് ഞങ്ങൾ ആദ്യം പരിശോധിച്ചത്. എന്നാൽ, ഇത്തരം റിപ്പോർട്ടുകളൊന്നും ലഭ്യമായില്ല. പ്രചരിക്കുന്ന പോസ്റ്റർ റിവേഴ്സ് ഇമേജ് സെർച്ചിന്റെ സഹായത്തോടെ പരിശോധിച്ചപ്പോൾ സമാനമായ പോസ്റ്റർ ഷാജി കൈലാസിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക് അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരിക്കുന്നതായി കണ്ടെത്തി. ഈ പോസ്റ്റർ വ്യാജമാണെന്നും താൻ ഇത്തരമൊരു പരാമർശം നടത്തിയിട്ടില്ലെന്നും വ്യക്തമാക്കിയാണ് ഷാജി കൈലാസ് പോസ്റ്റർ ഷെയർ ചെയ്തിരിക്കുന്നത്.

"കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ഞാൻ പറഞ്ഞിട്ടില്ലാത്ത ഒരു കാര്യം പലരും പ്രചരിപ്പിക്കുന്നത് കാണുവാൻ ഇടയായി. എന്റെ പ്രിയ സുഹൃത്തും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപിക്കെതിരായി ഞാൻ പറഞ്ഞുവെന്ന രീതിയിൽ പ്രചരിക്കുന്ന വാക്കുകൾ അസത്യമാണ്. ഇങ്ങനെയൊരു പ്രസ്താവന ഞാൻ എവിടെയും നടത്തിയിട്ടില്ല." എന്ന് തുടങ്ങുന്ന ഫെയ്‌സ്ബുക് പോസ്റ്റിൽ ഇത്തരം പ്രചാരണങ്ങൾ നടത്തുന്ന ആളുകൾക്കെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും വ്യക്തമാക്കുന്നു.ഫെയ്‌സ്ബുക്  പോസ്റ്റ് കാണാം 

തുടർന്ന് നടത്തിയ അന്വേഷണത്തിൽ കേന്ദ്ര സഹമന്ത്രിയായ സുരേഷ് ഗോപിക്ക് ഫിലിം ഫ്രറ്റേർണിറ്റി നൽകിയ സ്വീകരണവുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ ലഭ്യമായി. "എടാ മന്ത്രീ എന്ന് മാത്രം വിളിച്ചോട്ടെ'; സുരേഷ് ഗോപിയെ ആശ്ലേഷിച്ച് ഷാജി കൈലാസ്" എന്ന തലക്കെട്ടോടെ 2024 ജൂലൈ 9ന് ന്യൂസ് 18 മലയാളം പങ്കുവച്ച റിപ്പോർട്ടിൽ ഇരുവരും തമ്മിൽ വേദിയിൽ വച്ച് സ്നേഹം പങ്കുവച്ചുവെന്ന് വ്യക്തമാക്കുന്നുണ്ട്. സുരേഷ് ഗോപിയും ഷാജി കൈലാസും തമ്മിൽ നീരസത്തിലാണ് എന്ന തരത്തിൽ നേരത്തെ ഒരു വ്യാജവാർത്ത പ്രചരിച്ചിരുന്നുവെന്നും ഇതിനെതിരെ ഷാജി കൈലാസ് രംഗത്തെത്തിയിരുന്നുവെന്നും ഈ റിപ്പോർട്ടിൽ പറയുന്നുണ്ട്. ന്യൂസ് 18 മലയാളം റിപ്പോർട്ട് വായിക്കാം.

2024 ജൂലൈയിൽ തിരുവനന്തപുരത്ത് നടന്ന സ്വീകരണ പരിപാടിയിൽ വച്ച് സുരേഷ് ഗോപിയുമായുള്ള സൗഹൃദത്തെ കുറിച്ച് ഷാജി കൈലാസ് പറഞ്ഞ വാക്കുകൾ മറ്റ് മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നേരത്തെയും സുരേഷ് ഗോപിയും ഷാജി കൈലാസും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടെന്ന തരത്തിൽ വ്യാജ പ്രചാരണങ്ങൾ ഉണ്ടായിട്ടുണ്ട്. ഇതിനെതിരെ ഷാജി കൈലാസ് തന്നെ രംഗത്തെത്തിയിരുന്നു. ഇത് സംബന്ധിച്ച് മനോരമ ഓൺലൈൻ പ്രസിദ്ധീകരിച്ച റിപ്പോർട്ട് വായിക്കാം.

ലഭ്യമായ വിവരങ്ങളിൽ നിന്നും സുരേഷ് ഗോപിക്കെതിരെ ഷാജി കൈലാസ് നടത്തിയ പ്രസ്താവന എന്ന രീതിയിൽ പ്രചരിക്കുന്ന പോസ്റ്റർ വ്യാജമാണെന്ന് വ്യക്തമായി.

∙ വാസ്തവം

ഒരാൾ സംഘപരിവാറായാൽ അവന്റെ മനുഷ്യത്വം മരിച്ചുവെന്നും അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് സുരേഷ് ഗോപിയെന്നും ഷാജി കൈലാസ് പറഞ്ഞുവെന്ന അവകാശവാദം തെറ്റാണ്. സുരേഷ് ഗോപിയെ കുറിച്ച് ഷാജി കൈലാസ് ഇത്തരമൊരു പരാമർശം നടത്തിയിട്ടില്ല. പ്രചാരണം വ്യാജമാണെന്നും നിയമനടപടി സ്വീകരിക്കുമെന്നും ഷാജി കൈലാസ് വ്യക്തമാക്കിയിട്ടുണ്ട്.

( രാജ്യത്തെ തിരഞ്ഞെടുപ്പുകളിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി ഇന്ത്യാ ടുഡേ  പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന്)

English Summary: Shaji Kailas did not make such a remark about Suresh Gopi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com