ADVERTISEMENT

ആലപ്പുഴയിലെ കളര്‍കോട് കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആറ് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മരിച്ച സംഭവം ചര്‍ച്ചയായിരുന്നു. സിനിമയ്ക്ക് പോകാനായി വിദ്യര്‍ഥികള്‍ വാടകയ്‌ക്കെടുത്ത കാറാണ് അപകടത്തില്‍പ്പെട്ടതെന്ന് പൊലീസ് പറഞ്ഞിരുന്നു. കാറുടമയ്‌ക്കെതിരെ നടപടിയെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്. ഈ അപകടത്തിനുശേഷം സ്വകാര്യ വാഹനം വാടകയ്ക്ക് നല്‍കിയാല്‍ നടപടിയെടുക്കുമെന്ന ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷ്‌ണറുടെ പ്രതികരണവും വൈറലായിരുന്നു. അതിനിടെ സ്വകാര്യവാഹനങ്ങള്‍ ആര്‍സി ഉടമയല്ലാതെ മറ്റാരും ഓടിക്കരുതെന്നും ഡ്രൈവറെ വച്ച് വാഹനം ഓടിക്കാന്‍ സാധിക്കില്ലെന്നും സോഷ്യല്‍ മീഡിയയില്‍ പ്രചാരണമുണ്ട്. എന്നാല്‍, പ്രചരിക്കുന്ന പോസ്റ്റുകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന്  അന്വേഷണത്തില്‍ കണ്ടെത്തി. സ്വകാര്യ വാഹനങ്ങള്‍ ആര്‍സി ഉടമയുടെ ബന്ധുക്കളോ സുഹൃത്തുക്കളോ ഉപയോഗിക്കുന്നതിനോ ഡ്രൈവറെ നിയമിക്കുന്നതിനോ വിലക്കില്ല.

∙ അന്വേഷണം

" കാറിന്റെ ഉടമസ്ഥന്‍ മാത്രമെ വാഹനം ഓടിക്കാന്‍ പാടുള്ളു എന്ന് ഡ്രൈവറെ വച്ചും ഓടിക്കാന്‍ പറ്റില്ല അപ്പോള്‍ സർക്കാർ വണ്ടികള്‍ ആരോടിക്കും വിജയാ " എന്ന് തുടങ്ങുന്ന ഫെയ്‌സ്ബുക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം കാണാം 

untitled_design_13_0

കളര്‍കോട് അപകടത്തിന്റെ പശ്ചാത്തലത്തില്‍ സ്വകാര്യ വാഹനം വാടകയ്ക്ക് നല്‍കുന്നത് സംബന്ധിച്ച് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷ്‌ണര്‍ നടത്തിയ പരാമര്‍ശമാണ് ഞങ്ങള്‍ ആദ്യം പരിശോധിച്ചത്. സാമ്പത്തിക ലാഭം ലക്ഷ്യമിട്ട് സ്വകാര്യ വാഹനങ്ങള്‍ കൈമാറുന്നത് തടയുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷ്ണര്‍ സി.എച്ച്.നാഗരാജു പറഞ്ഞിരുന്നു. ഡ്രൈവിംഗ് ടെസ്റ്റുകള്‍ പരിഷ്‌ക്കരിക്കുമെന്നും ലേണേഴ്‌സ് ടെസ്റ്റിന് ഉള്‍പ്പെടെ സമഗ്രമായ മാറ്റം വരുത്തുന്ന കാര്യങ്ങള്‍ ആലോചിക്കുമെന്നും അദ്ദേഹം ആലപ്പുഴയില്‍ ചേര്‍ന്ന അവലോകന യോഗത്തിന് ശേഷം വ്യക്തമാക്കിയതായി 2024 ഡിസംബര്‍ 9ന് ട്വന്റിഫോര്‍ ന്യൂസ് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 

untitled_design_17_0

ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷ്‌ണറുടെ പ്രതികരണത്തിനുശേഷമാണ് സ്വകാര്യ വാഹനങ്ങള്‍ ഇനി ബന്ധുക്കളും സുഹൃത്തുക്കളും ഓടിക്കാന്‍ പാടില്ലെന്ന രീതിയില്‍ സോഷ്യല്‍ മീഡിയ പ്രചാരണം ആരംഭിച്ചത്. ഇതേ തുടര്‍ന്ന് പൊതുജനങ്ങളുടെ ആശങ്ക  പരിഹരിക്കുന്നതിനായി ഈ വിഷയത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് വിശദീകരണം നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതു പ്രകാരം സ്വകാര്യ വാഹനം വാടകയ്ക്ക് നല്‍കിയാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ഉടമയുടെ ബന്ധുക്കളോ സുഹൃത്തുക്കളോ വാഹനം ഉപയോഗിക്കുന്നതില്‍ വിലക്കില്ല. മോട്ടോര്‍ വാഹന നിയമം അനുശാസിക്കുന്നതു പ്രകാരം 'റെന്റ് എ ക്യാബ്' സംവിധാനത്തില്‍ വാഹനം നല്‍കാന്‍ സാധിക്കും. എന്നാല്‍ ഇതിന് അപേക്ഷിക്കുന്നവര്‍ക്ക് 50 വാഹനങ്ങളില്‍ കുറയാതെ ഓള്‍ ഇന്ത്യ പെര്‍മിറ്റുള്ള വാഹനങ്ങള്‍ വേണമെന്ന് നിര്‍ബന്ധമാണ്. റെന്റ് എ മോട്ടോര്‍ സൈക്കിളിന് കുറഞ്ഞത് അഞ്ച് വാഹനം വേണമെന്ന നിബന്ധനയുമുണ്ട്. 

സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം സംബന്ധിച്ച് മോട്ടോര്‍ വാഹന വകുപ്പ് ഡിസംബര്‍ 19ന് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പ് ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവച്ചിട്ടുണ്ട്. പോസ്റ്റ് കാണാം

വാര്‍ത്താ കുറിപ്പില്‍ സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഡ്രൈവറെ നിയമിക്കുന്നത് സംബന്ധിച്ച് പരമാര്‍ശമില്ല. എന്നാല്‍ ഫെയ്‌സ്ബുക് പോസ്റ്റിന്റെ പ്രതികരണത്തില്‍ സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഡ്രൈവറെ നിയമിക്കാമെന്ന് എംവിഡി മറുപടി നല്‍കിയിട്ടുണ്ട്. വിശദീകരണത്തിനായി ഞങ്ങള്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുടെ ഓഫിസില്‍ ബന്ധപ്പെട്ടപ്പോഴും ഇക്കാര്യം സ്ഥിരീകരിക്കാനായി. 

റെന്റ് എ ക്യാബ് സ്‌കീം സംബന്ധിച്ച് മോട്ടോര്‍ വെഹിക്കിള്‍ ആക്ടില്‍ പറയുന്ന പ്രസക്ത ഭാഗം കാണാം 

ലഭ്യമായ വിവരങ്ങളില്‍ നിന്ന് സ്വകാര്യ വാഹനങ്ങള്‍ ഇനി ഉടമയുടെ ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ ഉപയോഗിക്കാന്‍ സാധിക്കില്ലെന്നും വാഹനങ്ങളില്‍ ഡ്രൈവറെ നിയമിക്കുന്നതിന് വിലക്കുണ്ടെന്നുമുള്ള പ്രചാരണങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തമായി. 

∙ വാസ്തവം

സ്വകാര്യ വാഹനങ്ങള്‍ വാടകയ്ക്ക് നല്‍കുന്നതിനാണ് വിലക്കുള്ളത്. വാഹന ഉടമയുടെ ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ ഉപയോഗിക്കുന്നതിന് വിലക്കില്ല. സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഡ്രൈവറെ നിയമിക്കാനും തടസമില്ല.

( രാജ്യത്തെ തിരഞ്ഞെടുപ്പുകളിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി ഇന്ത്യാ ടുഡേ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന്)

English Summary: The use of private vehicles by relatives or friends of the vehicle owner is not prohibited. There is also no restriction on hiring a driver for personal purposes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com