ADVERTISEMENT

ഛത്തീസ്‌ഗഡിലെ ചില ഗ്രാമങ്ങളില്‍ ക്രിസ്‌മസ്  ആഘോഷങ്ങള്‍ക്ക് സംഘപരിവാര്‍ ഭീഷണിയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. അതിനിടെ ഛത്തീസ്‌ഗഡില്‍ നടന്ന ക്രിസ്മസ് ആഘോഷത്തില്‍ സംഘപരിവാറുകാര്‍ നടത്തിയ ആക്രമണം എന്ന രീതിയില്‍ ഒരു വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കാവി വസ്ത്രധാരികളായ ഒരുകൂട്ടമാളുകള്‍ മാതാവിന്റെ രൂപത്തിലേക്ക് കല്ലുകള്‍ വലിച്ചെറിയുന്നത് ദൃശ്യത്തില്‍ കാണാം. ജയ്ഹിന്ദ് ടിവിയുടെ ഒരു വാര്‍ത്താ കാര്‍ഡിനൊപ്പം ചേര്‍ത്തുവച്ചാണ് വിഡിയോ പ്രചരിപ്പിക്കുന്നത്.

എന്നാല്‍, പ്രചരിക്കുന്ന പോസ്റ്റുകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. വൈറല്‍ വിഡിയോ ഛത്തീസ്‌ഗഡില്‍ നിന്നുള്ളതല്ല, തെലങ്കാനയിലെ കണ്ണേപ്പള്ളിയിലുള്ള മദര്‍തെരേസ സ്‌കൂളിന് നേരെ കഴിഞ്ഞ ഏപ്രില്‍ 18ന് നടന്ന ആക്രമണമാണ്.വാസ്തവമറിയാം

∙ അന്വേഷണം

"ഇതാണ് സംഘം കാവലുണ്ടെന്ന് പറയുന്നത് ..." എന്നുള്ള ഫെയ്‌സ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം കാണാം.

school_attack_b

വൈറല്‍ പോസ്റ്റിലുള്ള വിഡിയോയുടെ കീഫ്രെയ്മുകള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന്റെ സഹായത്തോടെ പരിശോധിച്ചപ്പോള്‍ സമാനമായ ചിത്രം ഉള്‍പ്പെടുന്ന നിരവധി മാധ്യമ റിപ്പോര്‍ട്ടുകള്‍  ലഭ്യമായി. 2024 ഏപ്രില്‍ 18ന് ഡെക്കാണ്‍ ക്രോണിക്കിള്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം ഈ വിഡിയോ തെലങ്കാനയിലെ കണ്ണേപ്പള്ളിയിലുള്ള ദി ബ്ലസ്ഡ് മദര്‍തെരേസ ഹൈസ്‌കൂളില്‍ നടന്ന സംഭവമാണ്. യൂണിഫോമിന് പകരം കാവി വസ്ത്രം ധരിച്ച് വന്ന വിദ്യാര്‍ഥികളോട് രക്ഷകര്‍ത്താക്കളെ വിളിച്ചുകൊണ്ട് വരാന്‍ പ്രിന്‍സിപ്പാള്‍ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് കുട്ടികളുടെ ബന്ധുക്കളോടൊപ്പം ഒരു സംഘം ആളുകള്‍ സ്‌കൂളിലെത്തി പ്രതിഷേധിക്കുകയും അക്രമം നടത്തുകയും ചെയ്തു. രക്ഷകര്‍ത്താക്കളുടെ പരാതിയില്‍ സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായും റിപ്പോര്‍ട്ടിലുണ്ട്. 

21 ദിവസത്തെ ആചാരമായ ഹനുമാന്‍ ദീക്ഷയ്ക്ക് വേണ്ടിയാണ് കാവി വസ്ത്രം ധരിച്ച് വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ എത്തിയതെന്ന് ഏപ്രില്‍ 18ന് എന്‍ഡിടിവി നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. യൂണിഫോം ധരിക്കാത്തതിനാല്‍ രക്ഷകര്‍ത്താക്കളെ വിളിച്ചുകൊണ്ടുവരാന്‍ മലയാളിയായ പ്രിന്‍സിപ്പാള്‍ ജയ്‌മോന്‍ ജോസഫ് വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് ക്യാംപസില്‍ ഹിന്ദു വസ്ത്രം ധരിക്കാന്‍ സ്‌കൂള്‍ ആധികൃതര്‍ അനുവദിക്കുന്നില്ലെന്ന പ്രചാരണം സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇതാണ് ആക്രമണത്തിന് പ്രേരിപ്പിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

സ്‌കൂള്‍ പ്രിന്‍സിപ്പസു‌ ജയ്‌മോന്‍ ജോസഫിന്റെ റൂമിനു വെളിയില്‍ പ്രതിഷധക്കാര്‍ എത്തിയ വിഡിയോ ടൈംസ് നൗ പങ്കുവച്ചിരുന്നു 

ഛത്തീസ്‌ഗഡിലെ ക്രിസ‌്മസ് ആഘോഷങ്ങളെപ്പറ്റിയും ഞങ്ങള്‍ പരിശോധിച്ചു. വൈറല്‍ പോസ്റ്റിലുള്ള ജയ്ഹിന്ദ് ടിവിയുടെ റിപ്പോര്‍ട്ട് ഡിസംബര്‍ 18ന് പ്രസിദ്ധീകരിച്ചതാണ്. ബിജെപി ഭരിക്കുന്ന ഛത്തീസ്‌ഗഡില്‍ ക്രിസ‌്മസ് ആഘോഷങ്ങള്‍ ഒഴിവാക്കാന്‍ ക്രൈസ്തവര്‍ക്ക് സംഘപരിവാര്‍ സംഘടനകളുടെ ഭീഷണിയെന്നാണ് ഈ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഛത്തീസ്‌ഗഡിലെ ചില ഗ്രാമങ്ങളില്‍ ക്രിസ്‌മസ് ആഘോഷങ്ങള്‍ വിലക്കികൊണ്ട് ഹിന്ദു സംഘടനകളുടെ ഭീഷണിയുള്ളതായി മറ്റ് മാധ്യമങ്ങളിലും റിപ്പോര്‍ട്ടുകളുണ്ട് ഗോത്രവര്‍ഗക്കാരായ ക്രൈസ്തവരുള്ള ബസ്തര്‍ ജില്ലയില്‍ നവംബര്‍ മുതല്‍ ചില പ്രശ്‌നങ്ങള്‍ നടന്നിരുന്നു. ക്ഷയരോഗം ബാധിച്ച് മരിച്ചയാളുടെ മൃതദേഹം ക്രിസ്തീയ വിശ്വാസപ്രകാരം അടക്കം ചെയ്യാന്‍ ചില സംഘടനകള്‍ അനുവദിച്ചില്ല. ക്രിസ്ത്യാനികളെ തിരഞ്ഞ് പിടിച്ച് ഭൂമി കൈയ്യേറ്റം, അനധികൃത നിര്‍മാണം തുടങ്ങിയ കേസുകളില്‍ ഉള്‍പ്പെടുത്തുന്നതായും പരാതിയുണ്ട്. ഇക്കാരണങ്ങള്‍ കൊണ്ട് ക്രിസ്‌മസ്  ആഘോഷിക്കാന്‍ ക്രൈസ്തവര്‍ ഭയക്കുന്നതായാണ് വാര്‍ത്തകളില്‍ വ്യക്തമാക്കുന്നത്.

മണിപ്പൂര്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഛത്തീസ്‌ഗഡിലെ ചില സ്ഥലങ്ങളില്‍ ആഘോഷം ഒഴിവാക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്. ക്രിസ്‌മസ്  ആഘോഷത്തിനിടെ ഇത്തവണ ഛത്തീസ്‌ഗഡില്‍ ആക്രമണമുണ്ടായോ എന്നും ഞങ്ങള്‍ പരിശോധിച്ചെങ്കിലും ഇത്തരം റിപ്പോര്‍ട്ടുകളൊന്നും ലഭ്യമായില്ല. 

ഇതില്‍ നിന്ന് വൈറല്‍ വിഡിയോ ഛത്തീസ്‌ഗഡിലേതല്ലെന്നും 2024 ഏപ്രില്‍ 18ന് തെലങ്കാനയിലെ മഞ്ചീരിയല്‍ ജില്ലയിലുള്ള കണ്ണേപ്പള്ളി മദര്‍തെരേസ സ്‌കൂളില്‍ നടന്ന ആക്രമണമാണെന്നും വ്യക്തമായി.

∙ വാസ്തവം

വൈറല്‍ വിഡിയോ ഛത്തീസ‌്ഗഡില്‍ നിന്നുള്ളതല്ല. 2024 ഏപ്രില്‍ 18ന് തെലങ്കാനയിലെ മഞ്ചീരിയല്‍ ജില്ലയിലുള്ള കണ്ണേപ്പള്ളി മദര്‍തെരേസ സ്‌കൂളില്‍ നടന്ന ആക്രമണം ആണിത്.

( രാജ്യത്തെ തിരഞ്ഞെടുപ്പുകളിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ  ഭാഗമായി ഇന്ത്യാ ടുഡേ  പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന്)

English Summary: The viral video is not from Chhattisgarh. This is the attack that took place on 18th April 2024 at Kannepally Mother Teresa School in Mangerial district of Telangana.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com