ADVERTISEMENT

മെട്രോ ട്രെയിനിൽ നിന്നുള്ള ഒരു ദൃശ്യം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. സഹയാത്രികന്റെ ഭക്ഷണത്തിൽ തുപ്പി ഹലാലാക്കുന്ന മുസ്‌ലിമിന്റെ ദൃശ്യം എന്ന രീതിയിലാണ് വിഡിയോ പ്രചരിക്കുന്നത്. തൊപ്പി ധരിച്ച ഒരാൾ മറ്റൊരാളുടെ കൈയ്യിലെ പാനീയം കുടിക്കാൻ ശ്രമിക്കുന്നതും അയാൾ പേടിച്ച് മാറുന്നതും വിഡിയോയിൽ കാണാം. എന്നാൽ, പ്രചാരത്തിലുള്ള പോസ്റ്റുകൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. സാവി സാവ് എന്ന കണ്ടന്റ് ക്രിയേറ്ററുടെ പ്രാങ്ക് വിഡിയോയാണ് ഇത്.

∙ അന്വേഷണം 

"ന്യൂയോർക് മെട്രോയിൽ സമാധാനക്കാരൻ, അന്യരുടെ ഭക്ഷണം ഹലാൽ ആക്കുന്ന വിഡിയോ.. " എന്ന തലക്കെട്ടോടെ പ്രചരിക്കുന്ന ഫെയ്‌സ്ബുക് പോസ്റ്റിന്റെ പൂർണ രൂപം കാണാം.

image_1_4

വൈറൽ വിഡിയോ സൂക്ഷ്മമായി പരിശോധിച്ചപ്പോൾ യാത്രക്കാരന്റെ കൈയ്യിലുള്ള പാനീയം തൊപ്പി ധരിച്ചയാൾ കുടിക്കാൻ ശ്രമിക്കുന്നതാണെന്ന് മനസിലായി. ഒടുവിൽ യാത്രക്കാരൻ തന്റെ കൈയ്യിലുള്ള പാനീയത്തിന്റെ കുപ്പി മറ്റേയാൾക്ക് നൽകുന്നതും അയാളത് വാങ്ങി കുടിക്കുന്നതും കാണാം. ഈ സംഭവങ്ങളെല്ലാം വളരെ കൃത്യമായി വിഡിയോയിൽ പകർത്തിയിട്ടുമുണ്ട്. ഇതിൽ നിന്നും പ്രാങ്ക് വിഡിയോയായിരിക്കും ഇതെന്ന സൂചന ലഭിച്ചു.

വിഡിയോയുടെ കീഫ്രെയിമുകൾ റിവേഴ്സ് ഇമേജ് സെർച്ചിന്റെ സഹായത്തോടെ പരിശോധിച്ചപ്പോൾ 'ayosourrr'എന്ന ഇൻസ്റ്റഗ്രാം പേജിൽ സമാന വിഡിയോ 2024 ആഗസ്റ്റ് 17ന് അപ്‌ലോഡ്  ചെയ്തിരിക്കുന്നതായി കണ്ടെത്തി. 'Savi gets thirsty' എന്ന തലക്കെട്ടോടെയാണ് ഈ പേജിൽ വിഡിയോ പങ്കുവച്ചിരിക്കുന്നത്. സമാനമായ നിരവധി പ്രാങ്ക് വിഡിയോകൾ അക്കൗണ്ടിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. വൈറൽ വിഡിയോ ഉൾപ്പെടുന്ന ഇൻസ്റ്റഗ്രാം പോസ്റ്റ് കാണാം.

image_2_10

'ayosourrr'എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ അപ്‌ലോഡ്   ചെയ്തിരിക്കുന്ന വിഡിയോ കൊളാബ് ചെയ്തിരിക്കുന്ന അക്കൗണ്ടുകളും ഞങ്ങൾ പരിശോധിച്ചു. ഇതിൽ നിന്നും സാവി സാവ് എന്ന കണ്ടന്റ് ക്രിയേറ്ററാണ് വിഡിയോയിലുള്ളതെന്ന് വ്യക്തമായി. 'savii.7.savage' എന്ന അദ്ദേഹത്തിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് പരിശോധിച്ചപ്പോൾ 'ayosourrr' എന്ന പേജിന്റെ പല വിഡിയോകളിലും ഇദ്ദേഹവും ഉൾപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമായി. പ്രാങ്ക് വിഡിയോകളാണ് ഇദ്ദേഹം കൂടുതലായും ചെയ്യുന്നത്. വൈറൽ വിഡിയോയിലെ അതേ വസ്ത്രത്തിൽ തന്നെ ഷൂട്ട് ചെയ്തിട്ടുള്ള മറ്റൊരു വിഡിയോ കാണാം.

സാവി സാവ് എന്ന കണ്ടന്റ് ക്രിയേറ്റർ മദ്യവുമായി നിൽക്കുന്നത് ഉൾപ്പെടെയുള്ള ചിത്രങ്ങളും അദ്ദേഹത്തിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ അദ്ദേഹത്തിന്റെ മതവുമായി ബന്ധപ്പെട്ട സൂചനകളൊന്നും ഞങ്ങൾക്ക് ലഭ്യമായില്ല. കൂടുതൽ വിവരങ്ങൾക്കായി ഞങ്ങൾ അദ്ദേഹത്തെ ബന്ധപ്പെട്ടിട്ടുണ്ട്. വിവരം ലഭിക്കുന്ന മുറയ്ക്ക് വാർത്ത അപ്ഡേറ്റ് ചെയ്യുന്നതാണ്.

ലഭ്യമായ വിവരങ്ങളിൽ നിന്ന് മെട്രോ യാത്രക്കാരന്റെ ഭക്ഷണം തുപ്പി ഹലാലാക്കുന്ന മുസ്‌ലിമിന്റെ വിഡിയോ എന്ന രീതിയിൽ പ്രചരിക്കുന്നത് സാവി സാവ് എന്ന കണ്ടന്റ് ക്രിയേറ്ററുടെ പ്രാങ്ക് വിഡിയോയാണെന്ന് വ്യക്തമായി.

∙ വാസ്തവം

പ്രചരിക്കുന്നത് പ്രാങ്ക് വിഡിയോയാണ്. യാത്രക്കാരന്റെ കൈയ്യിലെ പാനീയം കുടിക്കാൻ ശ്രമിക്കുന്ന പ്രാങ്ക് വിഡിയോയിലുള്ളത് സാവി സാവ് എന്ന കണ്ടന്റ് ക്രിയേറ്ററാണ്.

( രാജ്യത്തെ തിരഞ്ഞെടുപ്പുകളിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി ഇന്ത്യാ ടുഡേ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന്)

English Summary: The prank video features a content creator named Savvy Sav trying to drink a drink from a passenger's hand

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com