ബംഗ്ലദേശില്‍ പൊതുസ്ഥലത്ത് സ്ത്രീക്ക് മര്‍ദ്ദനമോ? | Fact Check
Mail This Article
ബംഗ്ലദേശില്‍ പൊതുസ്ഥലത്ത് സ്ത്രീ ആക്രമണത്തിന് ഇരയാകുന്നുവെന്ന രീതിയില്‍ ഒരു വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. നിലത്ത് വീണുകിടക്കുന്ന ഒരു സ്ത്രീയെ ഒരാള്‍ വടി കൊണ്ട് ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യമാണിത്. സ്ത്രീയുടെ സമീപത്തായി അവശനായി ഇരിക്കുന്നയാള്‍ക്കും മര്‍ദ്ദനമേല്‍ക്കുന്നുണ്ട്. ചുറ്റിലും ആളുകള്‍ കൂട്ടമായി നില്‍ക്കുന്നതും കാണാം. ബംഗ്ലദേശില്‍ 2025 തുടങ്ങുന്നത് ഇങ്ങനെയാണെന്ന രീതിയിലാണ് വിഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്. എന്നാല്‍, പ്രചരിക്കുന്ന പോസ്റ്റുകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഇക്കഴിഞ്ഞ ജൂണില്‍ പശ്ചിമ ബംഗാളിലെ ചോപ്രയില്‍ അവിഹിത ബന്ധം ആരോപിച്ച് ദമ്പതികളെ മര്‍ദ്ദിച്ച ദൃശ്യമാണിത്
∙ അന്വേഷണം
"ബംഗ്ലദേശിലെ 2025 ലെ സമാധാനം.???യൂറോപ്പിലെ സായിപ്പന്മാര്‍ 2030 ഓടുകൂടി ഈ സമാധാനം പുല്‍കുന്നതായിരിക്കും. " എന്നുള്ള ഫെയ്‌സ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം കാണാം
വൈറല്‍ വിഡിയോയുടെ കീ ഫ്രെയ്മുകള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന്റെ സഹായത്തോടെ പരിശോധിച്ചപ്പോള്‍ സമാനമായ ദൃശ്യം ഉള്‍പ്പെടുന്ന റിപ്പോര്‍ട്ട് നിരവധി മാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുള്ളതായി കണ്ടെത്തി. 2024 ജൂണ്‍ 30ന് പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ(PTI) നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം ഈ സംഭവം നടന്നത് പശ്ചിമ ബംഗാളിലെ ഉത്തര്‍ ദിനാജ്പുര്‍ ജില്ലയില്‍ ഉള്‍പ്പെട്ട ചോപ്രയിലാണ്. അവിഹിത ബന്ധം ആരോപിച്ച് ദമ്പതികളെ പരസ്യമായി മര്‍ദ്ദിക്കുന്ന രംഗമെന്നാണ് വാര്‍ത്തയില്‍ പറയുന്നത്. ത്രിണമൂല്‍ കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാവാണ് ആക്രമിയെന്നും റിപ്പോര്‍ട്ടിലുണ്ട്.
വിശദമായ പരിശോധനയില്‍ ജൂലൈ ഒന്നിന് വൈറല്‍ വിഡിയോ ഉള്‍പ്പെടുത്തി 'ലൈവ് മിന്റ്' പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് ലഭ്യമായി. അക്രമിയായ ലോക്കല്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിനെ പൊലീസ് അറസറ്റ് ചെയ്തതായി ഈ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. ആക്രമണത്തിന് ഇരയായ ദമ്പതികള്‍ക്ക് പൊലീസ് സംരക്ഷണവും നല്‍കിയിരുന്നു.
ദമ്പതികളെ ക്രൂരമായി മര്‍ദ്ദിച്ച ചോപ്രയിലെ പ്രാദേശിക ടിഎംസി നേതാവായ തജേമുള്‍ ഇസ്‌ലാമിന്റെ ചിത്രം ഉള്‍പ്പെടുത്തി ഇക്കണോമിക്‌സ് ടൈംസ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. കൊലപാതകമടക്കം 12ഓളം മറ്റ് കേസുകളില്‍ പ്രതിയാണ് ജെസിബി എന്ന വട്ടപ്പേരില്‍ അറിയപ്പെടുന്ന തജേമുള്‍ ഇസ്‌ലാം. ചോപ്ര ആക്രമണത്തില്‍ തജേമുള്‍ ഇസ്‌ലാമിനെ കൂടാതെ മറ്റ് മൂന്ന് പ്രതികള്‍ കൂടി അറസ്റ്റിലായതായി ജൂലൈ അഞ്ചിന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പശ്ചിമ ബംഗാളില്‍ വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ട ചോപ്ര സംഭവത്തില്‍ ഗവര്‍ണര്‍ സിവി ആനന്ദബോസ് മുഖ്യമന്ത്രി മമത ബാനര്‍ജിയോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ലഭ്യമായ വിവരങ്ങളില്‍ നിന്ന് പൊതുസ്ഥലത്ത് ദമ്പതികള്‍ ആക്രമിക്കപ്പെടുന്ന വിഡിയോ ബംഗ്ലദേശില്‍ നിന്നുള്ളതല്ലെന്നും 2024 ജൂണില്‍ പശ്ചിമബംഗാളിലെ ചോപ്രയില്‍ നടന്ന സംഭവമാണെന്നും വ്യക്തമായി.
∙ വസ്‌തുത
വൈറല്‍ വിഡിയോ ബംഗ്ലദേശില്‍ നിന്നുള്ളതല്ല. 2024 ജൂണില്‍ പശ്ചിമബംഗാളിലെ ചോപ്രയില്‍ അവിഹിത ബന്ധം ആരോപിച്ച് ദമ്പതികളെ ഒരു സംഘം ആക്രമിച്ചതിന്റെ ദൃശ്യമാണിത്.
( വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി ഇന്ത്യാ ടുഡേ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന് )
English Summary:The viral video is not from Bangladesh. In June 2024, in Chopra, West Bengal, a couple was allegedly attacked by a gang for having an affair.