ADVERTISEMENT

ക്രിസ്‌മസ് ദിനത്തില്‍ ബെത്ലഹേമിലെ ക്രിസ്ത്യന്‍ ദേവാലയത്തില്‍ ആക്രമണമുണ്ടായതായി സമൂഹമാധ്യമങ്ങളില്‍ പ്രചാരണം .ക്രിസ്‌മസ് പ്രാര്‍‍ത്ഥനാവേളയില്‍ പലസ്തീനികള്‍ ആക്രമിച്ചുവെന്ന വിവരണത്തോടെയാണ് വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. എന്നാൽ പ്രചാരണം അടിസ്ഥാനരഹിതമാണെന്നും. പ്രചരിക്കുന്ന ദൃശ്യങ്ങള്‍ 2022 ഒക്ടോബര്‍ 28ന് ബെത്ലഹേമിനടുത്ത് ബെത്സഹൗര്‍ നഗരത്തിലെ ഓര്‍ത്തഡോക്സ് ചര്‍ച്ചിന് നേരെയുണ്ടായ ആക്രമണത്തിന്റേതാണെന്നും ഇതിന് ക്രിസ്‌മസുമായി യാതൊരു ബന്ധവുമില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തി.വാസ്തവമറിയാം

∙ അന്വേഷണം 

പ്രചരിക്കുന്ന വിഡിയോയിലെ ഏതാനും കീഫ്രെയിമുകള്‍ ഉപയോഗിച്ച് നടത്തിയ റിവേഴ്സ് ഇമേജ് പരിശോധനയില്‍ ഇതേ ദൃശ്യങ്ങള്‍ 2022 ഒക്ടോബറില്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതായി കണ്ടെത്തി. Shadi Khalloul എന്ന എക്‌സ് അക്കൗണ്ടില്‍ നിന്ന് ഒക്ടോബര്‍ 29ന് പങ്കുവച്ച വിഡിയോയ്‌ക്കൊപ്പം ഇത് ബെത്ലഹേമിനടുത്തെ നഗരമായ ബെത്സഹൗറിലെ ക്രിസ്ത്യന്‍ ദേവാലയം ആക്രമിച്ചതിന്റെ ദൃശ്യങ്ങളാണെന്ന സൂചനയുണ്ട്.

ഈ സൂചനയുടെ അടിസ്ഥാനത്തില്‍ നടത്തിയ കീവേഡ് പരിശോധനയില്‍ സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ മാധ്യമറിപ്പോര്‍ട്ടുകള്‍ ലഭിച്ചു. Allarab News എന്ന വെബ്സൈറ്റില്‍ നല്‍കിയ വാര്‍ത്തയില്‍ ബെത്ലഹേമിനടുത്തുള്ള ബെത്സഹൗര്‍ നഗരത്തിലെ ഓര്‍ത്തഡോക്സ് ചര്‍ച്ച് പലസ്തീനികളായ മുസ്‌ലിംകള്‍ ആക്രമിച്ചതായാണ് റിപ്പോര്‍ട്ട്. 2022 ഒക്ടോബര്‍ 28 വെള്ളിയാഴ്ച നടന്ന ആക്രമണത്തെ ക്രിസ്ത്യന്‍ പുരോഹിതര്‍ അപലപിച്ചതായും റിപ്പോര്‍ട്ടിലുണ്ട്. പ്രചരിക്കുന്ന ദൃശ്യങ്ങളും റിപ്പോര്‍ട്ടില്‍ കാണാം.

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സമാനമായ നിരവധി റിപ്പോർട്ടുകൾ കണ്ടെത്താനായി. സംഭവത്തെ ക്രിസ്ത്യന്‍ പുരോഹിതര്‍ അപലപിച്ചതുമായി ബന്ധപ്പെട്ട് ജറുസലേം പോസ്റ്റ് എന്ന ഓണ്‍ലൈന്‍ മാധ്യമവും  വാര്‍ത്ത നല്‍കിയിട്ടുണ്ട്.

പ്രചരിക്കുന്ന വിഡിയോ ഉള്‍‌പ്പെടെ സംഭവത്തെക്കുറിച്ച് വിവരിച്ചുകൊണ്ട് മറ്റ് വിവിധ ഓണ്‍ലൈന്‍ വാര്‍ത്താ വെബ്സൈറ്റുകളിലും റിപ്പോര്‍ട്ടുകള്‍ കണ്ടെത്തി. ചില യുവാക്കളുടെ സംഘങ്ങള്‍ തമ്മിലുണ്ടായ വാക്കേറ്റമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്ന് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഇതോടെ പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ക്രിസ്‌മസ് ആഘോഷവുമായി ഇതിന് ബന്ധമില്ലെന്നും വ്യക്തമായി.

∙ വാസ്തവം

ബെത്ലഹേമിലെ ക്രിസ്ത്യന്‍ ദേവാലയത്തില്‍ ക്രിസ്‌മസ് കുര്‍ബാനയ്ക്കിടെ മുസ്‌ലിംകള്‍ നടത്തിയ ആക്രമണമെന്ന തരത്തില്‍ പ്രചരിക്കുന്ന വിഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണ്. 2022 ഒക്ടോബര്‍ 28ന് ബെത്ലഹേമിനടുത്ത് ബെത്സഹൗര്‍ നഗരത്തിലെ ഓര്‍ത്തഡോക്സ് പള്ളിയിലുണ്ടായ സംഘര്‍ഷത്തിന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. സംഘര്‍ഷത്തിന്റെ കാരണം വ്യക്തമല്ലെങ്കിലും ഇതിന് ക്രിസ്‌മസ് ആഘോഷവുമായി ബന്ധമില്ലെന്ന് സ്ഥിരീകരിച്ചു.

( വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി ന്യൂസ്മീറ്റർ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന്)

English Summary: Video of Muslim attack on Christian church in Bethlehem during Christmas Mass is misleading

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com