ADVERTISEMENT

പേടിഎമ്മില്‍ പുതുവര്‍ഷ സമ്മാനമായി 4999 രൂപ വരെ ക്യാഷ്ബാക്ക് ഓഫര്‍ എന്നതരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. ആദ്യ നൂറ് ഉപഭോക്താക്കള്‍ക്ക് മാത്രമാണ് ഓഫറെന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന സന്ദേശത്തിനൊപ്പം ഒരു ലിങ്കും നല്‍കിയിട്ടുണ്ട്. എന്നാൽ  പ്രചാരണം അടിസ്ഥാനരഹിതമാണെന്നും പ്രചരിക്കുന്നത് സാമ്പത്തിക തട്ടിപ്പ് ലക്ഷ്യമിട്ടുള്ള സ്‌കാം ലിങ്കാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.

∙ അന്വേഷണം 

സമാനമായ ലിങ്കുകള്‍ നേരത്തെയും പ്രചരിച്ചിരുന്നതിനാല്‍ പങ്കുവെച്ചിരിക്കുന്ന ഫെയ്‌സ്ബുക് പേജിന്റെ വിവരങ്ങളാണ് ആദ്യം പരിശോധിച്ചത്. ക്യാഷ്ബാക്ക് യോജന എന്ന പേരിലാണ് ഫെയ്‌സ്ബുക് പേജ്. ഇതുതന്നെ പേജ് വ്യാജമാകാമെന്നതിന്റെ ആദ്യസൂചനയായി. തുടര്‍ന്ന് പേജിന്റ വിശദാംശങ്ങള്‍ പരിശോധിച്ചതോടെ ഈ പേജ് 2024 ഡിസംബര്‍ 26ന്, അതായത് പ്രചരിക്കുന്ന ലിങ്ക് പങ്കുവെയ്ക്കുന്നതിന് തലേദിവസം മാത്രമാണ് നിര്‍മിച്ചതെന്ന് വ്യക്തമായി.

തുടര്‍ന്ന് പ്രചരിക്കുന്ന സന്ദേശത്തിനൊപ്പം നല്‍കിയിരിക്കുന്ന ലിങ്ക് പരിശോധിച്ചു. പേടിഎമ്മിന്റെ ഔദ്യോഗിക പേജിലേക്കുള്ള ലിങ്ക് അല്ല നല്‍കിയിരിക്കുന്നതെന്നും https://zone.wintexythub.org/ എന്ന ഒരു വെബ്സൈറ്റിലേക്കാണ് ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ എത്തിച്ചേരുന്നതെന്നും കണ്ടെത്തി. ഇത് ഔദ്യോഗിക സ്വഭാവമുള്ളതോ സുരക്ഷിതമോ ആയ വെബ്സൈറ്റല്ല. വെബ്സൈറ്റില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രവും UPI ഉള്‍പ്പെടെ ചില ലോഗോകളും നല്‍കിയതായി കാണാം.

പേജിന് താഴേക്ക് സ്ക്രോള്‍ ചെയ്യുന്നതോട സ്ക്രാച്ച് ചെയ്യാനുള്ള ഒരു ബട്ടണും പിന്നീട് ചില വാഗ്ദാനങ്ങളും കാണാം. സ്ക്രാച്ച് ചെയ്യുന്നതോടെ ഒരു നിശ്ചിത തുക അതില്‍ പ്രത്യക്ഷപ്പെടുന്നു. ഈ തുക ലഭിക്കുന്നതിനായി ക്ലിക്ക് ചെയ്യാനാവശ്യപ്പെടുന്ന മറ്റൊരു ബട്ടണ്‍ കാണാം.

അക്കൗണ്ടിലേക്ക് പണം പിന്‍വലിക്കാനായി എന്ന വാഗ്ദാനത്തോടെ നല്‍‍കിയിരിക്കുന്ന ലിങ്കിന്റെ വിവരങ്ങളാണ് പിന്നീട് പരിശോധിച്ചത്. പേടിഎമ്മില്‍ പണമിടപാട് നടത്തുന്നതിനായി അപ്ലിക്കേഷന്‍ വഴി മാത്രം തുറക്കാവുന്ന തരത്തിലാണ് ലിങ്ക് ക്രമീകരിച്ചിരിക്കുന്നത്. ഇതില്‍ ക്ലിക്ക് ചെയ്യുന്നതോടെ സ്ക്രാച്ച് ചെയ്ത സമയത്ത് കാണിച്ച തുക സഹിതം ഒരു പെയ്മെന്റ് വിന്‍ഡോ തുറന്നുവരുന്നു. എന്നാല്‍ ഇത് തുക സ്വീകരിക്കാനുള്ള വിന്‍ഡോ അല്ലെന്നും സ്വന്തം അക്കൗണ്ടില്‍നിന്ന് ആ തുക മറ്റൊരു അക്കൗണ്ടിലേക്ക് അയയ്ക്കാനുള്ള ലിങ്കാണെന്നും പരിശോധനയില്‍ കണ്ടെത്തി. അതായത്, പണം കിട്ടുന്നതിന് പകരം പ്രസ്തുത തുക അക്കൗണ്ടില്‍നിന്ന് നഷ്ടപ്പെടുകയാണ് ചെയ്യുക. തുടര്‍ന്ന് പേടിഎമ്മിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിച്ചതോടെ ഇത്തരം ഓഫറുകളൊന്നും കമ്പനി നല്‍കിയിട്ടില്ലെന്നും കണ്ടെത്തി. ഇതോടെ പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് സ്ഥിരീകരിച്ചു.

∙ വാസ്തവം

പേടിഎം ഉപഭോക്താക്കള്‍ക്ക് പുതുവര്‍ഷ സമ്മാനമായി 4999 രൂപ ക്യാഷ്ബാക്ക് എന്നതരത്തില്‍ പ്രചരിക്കുന്ന ലിങ്ക് വ്യാജമാണ്. സാമ്പത്തിക തട്ടിപ്പ് ലക്ഷ്യമിട്ടുള്ള സ്കാം ലിങ്കാണിതെന്നും പേടിഎം ഇത്തരമൊരു ഓഫര്‍ നല്‍കിയിട്ടില്ലെന്നും അന്വേഷണത്തില്‍ സ്ഥിരീകരിച്ചു.

( വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി ന്യൂസ്‌മീറ്റർ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന്)

English Summary: The link circulating as a new year gift of Rs 4999 cashback to Paytm customers is fake

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com