'ഷാറുഖ് ഖാനും ഭാര്യയും മക്കയിൽ; ഗൗരിയെ മതം മാറ്റിയ ചിത്രങ്ങൾ വൈറൽ'!സത്യമിതാണ് | Fact Check
Mail This Article
ബോളിവുഡ് നടൻ ഷാറുഖ് ഖാന്റെയും ഭാര്യ ഗൗരിയുടെയും ചിത്രങ്ങളാണ് ഈ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. വിവാഹം കഴിഞ്ഞ് 33 വര്‍ഷങ്ങള്‍ക്കിപ്പുറം ഷാറുഖ് ഖാന്‍ ഭാര്യ ഗൗരിയെ മക്കയിലെത്തിച്ച് മതം മാറ്റിയെന്ന അവകാശവാദങ്ങളോടെയാണ് പോസ്റ്റുകൾ പ്രചരിക്കുന്നത്. വാസ്തവമറിയാം
∙ അന്വേഷണം
Finally Soft Jehadi SRK converted a काफ़िर . Now Shahrukh Khan will get 130 long 72 Hoors in Jannat ! Mazzhub की खूबसूरती എന്ന കുറിപ്പിനൊപ്പമാണ് സൗദിയിലെ കഅബയുടെ പശ്ചാത്തലത്തിലുള്ള ഷാറുഖിന്റെയും ഗൗരിയുടെയും ചിത്രങ്ങളടങ്ങിയ പോസ്റ്റുകൾ പ്രചരിക്കുന്നത്. പോസ്റ്റ് കാണാം.
ചിത്രങ്ങൾ റിവേഴ്‌സ് ഇമേജ് സെർച്ചിന്റെ സഹായത്തോടെ പരിശോധിച്ചപ്പോൾ wtv_news_media എന്ന ഇൻസ്റ്റഗ്രാം പേജിൽ വൈറൽ ചിത്രത്തിന് സമാനമായ ചിത്രങ്ങൾ ഞങ്ങൾക്കു ലഭിച്ചു. ഈ ചിത്രങ്ങൾ പരിശോധിച്ചപ്പോൾ ചിത്രങ്ങൾക്കൊപ്പമുള്ള വിവരണത്തില്‍ Happy New Year Everyone SRK , aryan & gauri khan (Made with Ai) എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതിൽ നിന്ന് ചിത്രങ്ങൾ എഐ നിർമിതമാണെന്ന സൂചന ലഭിച്ചു.
സ്ഥിരീകരണത്തിനായി എഐ പരിശോധനാ ടൂളായ ഹൈവ് മോഡറേഷനിൽ പരിശോധിച്ചപ്പോൾ വൈറൽ ചിത്രങ്ങൾ 99 ശതമാനവും എഐ നിർമിതമാണെന്ന് സ്ഥിരീകരിച്ചു.
പ്രചാരണവുമായി ബന്ധപ്പെട്ട വാർത്തകളൊന്നും തന്നെ മാധ്യമങ്ങളിൽ നിന്ന് കണ്ടെത്താനായില്ല. ദീര്‍ഘനാളത്തെ പ്രണയത്തിനൊടുവില്‍ ഹിന്ദുമത വിശ്വാസിയായ ഗൗരിയും, ഇസ്‌ലാം മതസ്ഥനായ ഷാറുഖും 1991 ഒക്ടോബര്‍ 25നാണ് വിവാഹിതരായത്. പരമ്പരാഗത ഹിന്ദു രീതിയിലാണ് ഷാറുഖ് ഗൗരിയെ വിവാഹം കഴിച്ചത്. ആര്യന്‍, സുഹാന, അബ്രാം എന്നീ മൂന്ന് മക്കളാണ് ദമ്പതികള്‍ക്കുള്ളത്.
2005ലെ കോഫി വിത് കരൺ എന്ന പരിപാടിയില്‍ ഒരിക്കലും മതം മാറില്ലെന്നതായിരുന്നു ഇരുവരും തമ്മിലുണ്ടായിരുന്ന വ്യവസ്ഥയെന്ന് താരങ്ങള്‍ വ്യക്തമാക്കിയിരുന്നു. ദീപാവലിയും ഈദും ഒരേ സന്തോഷത്തോടെയാണ് കുടുംബം ആഘോഷിക്കുന്നതെന്നും ദീപാവലി ആഘോഷങ്ങള്‍ക്ക് താന്‍ നേതൃത്വം നല്‍കുമ്പോള്‍ ഈദ് ആഘോഷങ്ങള്‍ക്ക് ഷാറുഖ് മുന്‍കൈയെടുക്കുമെന്നും ഗൗരി അന്ന് വിശദീകരിച്ചിരുന്നു. പരസ്പര ബഹുമാനമാണ് വേണ്ടതെന്നും ആ ബഹുമാനം വിശ്വാസങ്ങളിലും പുലര്‍ത്താറുണ്ടെന്നും ഗൗരി വ്യക്തമാക്കി. മക്കള്‍ക്ക് ചിലപ്പോഴെങ്കിലും അവര്‍ ഏത് മതത്തിലാണെന്ന സംശയം വരാറുണ്ടെന്നും നമ്മള്‍ ആദ്യം ഇന്ത്യക്കാരാണെന്നാണ് ചിന്തിക്കേണ്ടതെന്നും മനുഷ്യത്വമാണ് മതത്തെക്കാള്‍ വലുതെന്നും താന്‍ മക്കളോട് പറഞ്ഞുകൊടുത്തിട്ടുണ്ടെന്നും 2013 ല്‍ ഔട്ട് ലുക്കിന് നല്‍കിയ അഭിമുഖത്തിലും ഷാറുഖ് വ്യക്തമാക്കിയിരുന്നു.
ലഭ്യമായ വിവരങ്ങളിൽ നിന്ന് ഷാറുഖ് ഖാന്‍ ഗൗരിയെ മക്കയിലെത്തിച്ച് മതം മാറ്റിയെന്ന അവകാശവാദത്തോടെയുള്ള പ്രചാരണം തെറ്റാണെന്നും പ്രചരിക്കുന്ന ചിത്രങ്ങൾ എഐ നിർമിതമാണെന്നും വ്യക്തമായി.
∙ വാസ്തവം
ഷാറുഖ് ഖാന്‍ ഗൗരിയെ മക്കയിലെത്തിച്ച് മതം മാറ്റിയെന്ന അവകാശവാദത്തോടെയുള്ള പ്രചാരണം തെറ്റാണ്. പ്രചരിക്കുന്ന ചിത്രങ്ങൾ എഐ നിർമിതമാണ്.
English Summary: The campaign claiming that Shah Rukh Khan converted Gauri to Makkah is false.Circulating images are generated by AI