ADVERTISEMENT

മലപ്പുറം ജില്ലയിലെ മാറഞ്ചേരിയില്‍ പുലിയിറങ്ങിയെന്ന രീതിയില്‍ ഒരു വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ചെടിച്ചട്ടികള്‍ നിരത്തി വച്ചിരിക്കുന്ന ഒരു മതിലിനു സമീപത്തായി രണ്ട് പുള്ളിപ്പുലികള്‍ നില്‍ക്കുന്നത് വീഡിയോയുടെ ആദ്യ ഭാഗത്ത് ദൃശ്യമാണ്. മറ്റൊരു ക്ലിപ്പില്‍ മൂന്ന് പുലികള്‍ ഒന്നിച്ചു നില്‍ക്കുന്നതും കാണാം. വിഡിയോയുടെ പശ്ചാത്തലത്തില്‍ ഒരാള്‍ പുലിയെ കണ്ടതായി പറയുന്ന ശബ്ദ സന്ദേശം കേള്‍ക്കാം. മാറഞ്ചേരി പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലെ തോട്ടുമുഖം ക്ഷേത്രത്തിന് സമീപത്തായി പുലിയെ കണ്ടതായാണ് കബീര്‍ എന്ന് പരിചയപ്പെടുത്തുന്നയാള്‍ പറയുന്നത്. 

എന്നാല്‍, പ്രചരിക്കുന്ന പോസ്റ്റുകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന്  അന്വേഷണത്തില്‍ കണ്ടെത്തി. വൈറല്‍ വീഡിയോയിലുള്ള പുലികളുടെ ദൃശ്യം മാറഞ്ചേരിയില്‍ നിന്നുള്ളതല്ല.വാസ്തവമറിയാം

∙ അന്വേഷണം

"മാറഞ്ചേരി പഞ്ചായത്തില്‍ തോട്ടുമുഖം ക്ഷേത്രത്തിന് സമീപം പുലിയെ കണ്ടതായി അഭ്യൂഹം" എന്നുള്ള ഫെയ്‌സ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം കാണാം. 

വൈറല്‍ വിഡിയോയില്‍ പുലികളുടെ രണ്ട് വ്യത്യസ്ഥ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവയുടെ സ്‌ക്രീന്‍ഷോട്ടുകള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന്റെ സഹായത്തോടെ പരിശോധിച്ചപ്പോള്‍ വിഡിയോയുടെ ആദ്യഭാഗത്ത് ഉള്‍പ്പെടുത്തിയിട്ടുള്ള (രണ്ട് പുലികള്‍ നില്‍ക്കുന്ന) ദൃശ്യം 'ദൈനിക് ഭാസ്‌ക്കര്‍' പ്രസിദ്ധീകരിച്ചിട്ടുള്ളതായി കണ്ടെത്തി. 2024 സെപ്റ്റംബറില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള റിപ്പോര്‍ട്ടില്‍ പറയുന്നത് പഞ്ചാബിലെ ഫത്തേഗഡ് സാഹിബ് ജില്ലയിലെ ചനാര്‍ത്തല്‍ ഖുര്‍ദ് ഗ്രാമത്തില്‍ കണ്ടെത്തിയ പുള്ളിപ്പുലികളുടെ ദൃശ്യം എന്നാണ്. 

സമാനമായ വാര്‍ത്ത 'വെബ്ഖാബ്രിസ്ഥാൻ'  എന്ന മാധ്യമവും നല്‍കിയിട്ടുണ്ട്. ഫത്തേഗഡ് സാഹിബ് ജില്ലയിലുള്ള സാനിപുര്‍, ചനാര്‍ത്തല്‍ ഖുര്‍ദ് മേഖലകളില്‍ രണ്ടാഴ്ചയായി പുലിയുടെ സാന്നിധ്യമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടിയൊണ് സിസിടിവി ഫൂട്ടേജ് പുറത്ത് വന്നതെന്ന് വാര്‍ത്തയില്‍ പറയുന്നു. ഇതേ തുടര്‍ന്ന് പൊലീസ് ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഫത്തേഗഡ് സാഹിബില്‍ പുലിയെ കണ്ടെന്ന വാര്‍ത്ത ഇന്ത്യന്‍ എക്‌സ്പ്രസ്, ദി ട്രിബ്യൂണ്‍, സീ ന്യൂസ് തുടങ്ങിയ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് 

വൈറല്‍ ക്ലിപ്പിലുള്ള രണ്ടാമത്തെ ദൃശ്യമാണ് പിന്നീട് ഞങ്ങള്‍ പരശോധിച്ചത്. മൂന്ന് പുലികള്‍ നില്‍ക്കുന്ന ഈ ദൃശ്യം ഉള്‍പ്പെടുന്ന റിപ്പോര്‍ട്ട് 'പൂനെ.ന്യൂസ്' എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളതായി കണ്ടെത്തി. 2024 മാര്‍ച്ച് 16ന് നല്‍കിയിട്ടുള്ള റിപ്പോര്‍ട്ടില്‍ പറയുന്നത് മഹാരാഷ്ട്രയിലെ ജുന്നാറില്‍ നിന്നുള്ള ദൃശ്യമെന്നാണ്. പ്രദേശത്തെ ഒരു വീട്ടിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യം പ്രചരിച്ചതോടെ വനംവകുപ്പ് അധികൃതര്‍ മുന്‍കരുതലായി വിവിധ സ്ഥലങ്ങളില്‍ കെണികള്‍ സ്ഥാപിച്ചതായി വാര്‍ത്തയില്‍ പറയുന്നുണ്ട്. 

പൂനെ ന്യൂസ് റിപ്പോര്‍ട്ടില്‍ നിന്നുള്ള കീവേഡ് ഉപയോഗിച്ച് തിരഞ്ഞപ്പോള്‍ സമാനമായ ദൃശ്യം ഉള്‍പ്പെടുന്ന വര്‍ത്ത ഹിന്ദുസ്ഥാന്‍ ടൈംസും നല്‍കിയിട്ടുള്ളതായി കണ്ടെത്തി. ജുന്നാര്‍ വനം ഡിവിഷനിലെ അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് സന്ദേശ് പാട്ടീലിന്റെ പ്രതികരണവും വാര്‍ത്തയിലുണ്ട്. ജുന്നാറിലെ ധരാന്‍ഡലെയിലുള്ള ഒരു ബംഗ്ലാവില്‍ സ്ഥാപിച്ചിട്ടുള്ള ക്യാമറയിലാണ് ഈ ദൃശൃം പതിഞ്ഞതെന്നും തള്ളപ്പുലിയും രണ്ട് കുഞ്ഞുങ്ങളും ഉള്‍പ്പെടെ മൂന്ന് പുലികളെയാണ് ഇവിടെ കണ്ടതെന്നും സന്ദേശ് പാട്ടീല്‍ സ്ഥിരീകരിച്ചിട്ടുണ്ട്. 

വൈറല്‍ വിഡിയോ മലപ്പുറത്ത് നിന്നുള്ളതല്ലെന്ന് വ്യക്തമായെങ്കിലും മാറഞ്ചേരിയില്‍ ഇത്തരത്തില്‍ പുലിയെ കണ്ടെത്തിയോ എന്നും ഞങ്ങള്‍ പരിശോധിച്ചു. മാറഞ്ചേരിയില്‍ പുലിയുടെ സാന്നിധ്യമുള്ളതായി വാര്‍ത്തകളൊന്നുമില്ല. വൈറല്‍ വിഡിയോയില്‍ പരാമര്‍ശിക്കുന്ന മാറഞ്ചേരി പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് മെമ്പര്‍ ബല്‍ക്കീസ് തൈപ്പറമ്പിലുമായി ഞങ്ങള്‍ സംസാരിച്ചു. "വൈറല്‍ വിഡിയോ മാറഞ്ചേരിയില്‍ നിന്നുള്ളതല്ല. മാറഞ്ചേരിയില്‍ പുലിയെ കണ്ടതായി യാതൊരു സ്ഥിരീകരണവുമില്ല. ചില അഭ്യൂഹങ്ങള്‍ പ്രചരിച്ചതോടെ ഞങ്ങള്‍ വനം വകുപ്പില്‍ വിവരം അറിയിച്ചിരുന്നു. ഉദ്യോഗസ്ഥരെത്തി പരിശോധിച്ചതോടെ ഇവിടെ കണ്ടെത്തിയ കാല്‍പ്പാടുകള്‍ കാട്ടുപൂച്ചയുടേതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്, " ബല്‍ക്കീസ് തൈപ്പറമ്പില്‍ പറഞ്ഞു. 

മാറഞ്ചേരി ഉള്‍പ്പെടുന്ന നിലമ്പൂര്‍ സൗത്ത് ഫോറസ്റ്റ് ഡിവിഷനിലും ഞങ്ങള്‍ ബന്ധപ്പെട്ടു. " മാറഞ്ചേരിയില്‍ പുലിയിറങ്ങിയതായി പ്രചരിക്കുന്ന വിഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഇവിടെ ചില കാല്‍പ്പാടുകള്‍ കണ്ടതായി അറിയച്ചതിനെ തുടര്‍ന്ന് പരിശോധന നടത്തിയിരുന്നു. കുറുനരി, കാട്ടുപൂച്ച എന്നിവയുടെ സാന്നിധ്യമാണ് മനസിലാക്കാനായത്. പുലിയറങ്ങിയതായി യാതൊരു സ്ഥിരീകരണവുമില്ല," നിലമ്പൂര്‍ റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ പറഞ്ഞു.

വൈറല്‍ വിഡിയോ മാറഞ്ചേരിയ്ക്ക് പുറമെ മലപ്പുറം ജില്ലയിലെ പുറത്തൂരിന്റെ പേരിലും പ്രചരിച്ചിരുന്നു. അതിനാല്‍ ഞങ്ങള്‍ പുറത്തൂര്‍ ഉള്‍പ്പെടുന്ന നിലമ്പൂര്‍ നോര്‍ത്ത് ഫോറസ്റ്റ് ഡിവിഷനിലും ബന്ധപ്പെട്ടു. "പുറത്തൂരില്‍ പുലിയുടെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വനംവകുപ്പ് സ്ഥാപിച്ച നിരീക്ഷണ ക്യാമറയില്‍ നിന്നാണ് ഈ വിവരം മനസിലാക്കിയത്. ഒരു പുലിയെയാണ് കണ്ടത്, കഴിഞ്ഞ ഒരാഴ്ചയായി പുലിയുടെ സാന്നിധ്യം ഇല്ല. എന്നാല്‍ വൈറല്‍ വിഡിയോയിലുള്ളത് സ്‌നോ ലെപ്പേഡാണ് (Snow Leopard) ഇവ നമ്മുടെ നാട്ടില്‍ കാണുന്ന ഇനമല്ല. അതുകൊണ്ട് തന്നെ വിഡിയോ ഇവിടുത്തേതല്ലെന്ന് ഉറപ്പിക്കാം." നിലമ്പൂര്‍ നോര്‍ത്ത് ആര്‍എഫ്ഒ സലീം വ്യക്തമാക്കി.

ലഭ്യമായ വിവരങ്ങളില്‍ നിന്ന് വൈറല്‍ വിഡിയോ മലപ്പുറം ജില്ലയില്‍ നിന്നുള്ളതല്ലെന്നും 2024 മാര്‍ച്ച്, സെപ്റ്റംബര്‍ മാസങ്ങളിലായി മഹാരാഷ്ട്ര, പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ചേര്‍ത്ത് നിര്‍മിച്ചതാണെന്നും വ്യക്തമായി. 

∙ വസ്‌തുത

വൈറല്‍ വിഡിയോ കേരളത്തില്‍ നിന്നുള്ളതല്ല. വിഡിയോയുടെ ആദ്യ ഭാഗം 2024 സെപ്റ്റംബര്‍ മാസം പഞ്ചാബില്‍ നിന്ന് പകര്‍ത്തിയതും രണ്ടാം ഭാഗം മാര്‍ച്ച് 14ന് മഹാരാഷ്ട്രയിലെ ജുന്നാറില്‍ നിന്നുള്ള സിസിടിവി ദൃശ്യവുമാണ്.

( വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി ഇന്ത്യാ ടുഡേ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന് )

English Summary:The viral video of the leopard is not from Malappuram district

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com