ADVERTISEMENT

പരമാവധി ഉപഭോക്താക്കളിലേക്ക് കാര്‍ എത്തിക്കാനുള്ള പ്രധാന മന്ത്രങ്ങളിലൊന്ന് ലളിതമായിരിക്കുകയെന്നതാണ്. രണ്ടാം ലോകമഹായുദ്ധകാലത്തിന് ശേഷമുള്ള പതിറ്റാണ്ടുകള്‍ നിരവധി ലളിതവും കാര്യക്ഷമവുമായ കാറുകള്‍ക്ക് ലോകം സാക്ഷ്യം വഹിച്ചിട്ടുണ്ട്. ലാളിത്യം മുഖമുദ്രയാക്കിയ കാറുകള്‍ എക്കാലത്തും വിപണിയിലെത്തിയിട്ടുണ്ട്. നിർമിക്കപ്പെട്ടിട്ടുള്ളതില്‍വച്ച് എക്കാലത്തേയും ലളിതമായ ചില കാറുകളെ പരിചയപ്പെടാം. 

സിട്രോൺ 2 സിവി (1948)

citroen-2-cv

'നാലു ചക്രത്തിലോടുന്ന സൈക്കിള്‍' ഇതായിരുന്നു ലളിത കാര്‍ സങ്കല്‍പത്തെക്കുറിച്ച് ഫ്രഞ്ച് കാര്‍ നിര്‍മാതാക്കളായ സിട്രോണിന്റെ പ്രസിഡന്റായ പിയറി ജൂള്‍സ് തന്റെ എൻജിനീയര്‍മാരോട് വിശദീകരിച്ചത്. സൈക്കിളിനും മോട്ടോര്‍ സൈക്കിളിനും കുതിരവണ്ടിക്കുമുള്ള പകരക്കാരനായിരിക്കും സിട്രോൺ 2 സിവിയെന്ന് പിയറി ജൂള്‍സ് വിശ്വസിച്ചു. അദ്ദേഹത്തിന്റെ സങ്കല്‍പത്തിലെ ലളിതമായ കാര്‍ സിട്രോൺ 2സി വി 1948ലാണ് വിപണിയിലെത്തിയത്.  9 എച്ച് പി കരുത്തളുള ഫ്‌ളാറ്റ് ട്വിന്‍ എൻജിനായിരുന്നു ഈ കാറിനുണ്ടായിരുന്നത്. അന്നത്തെ കാലത്ത് കാര്‍ ഡ്രൈവര്‍മാര്‍ക്ക് കൈകൊണ്ട് സിഗ്നല്‍ നല്‍കുന്നതിന് പിവറ്റിംഗ് വിന്‍ഡോകള്‍ ഫ്രാന്‍സില്‍ നിയമം മൂലം നിര്‍ബന്ധമാക്കിയിരുന്നു. പുറത്തേക്ക് കയ്യിടാന്‍ സഹായിക്കുന്ന ഇത്തരം വിന്‍ഡോകള്‍ 1990 വരെ 2സിവിയിലുണ്ടായിരുന്നു.

ഷെവര്‍ലെ കോവെറ്റ്(ആദ്യ തലമുറ, 1953)

chevrolet-corvette

അപൂര്‍വ സുന്ദരമായ വാഹനമാണ് ഷെവര്‍ലെയുടെ ഫസ്റ്റ് ജനറേഷന്‍ കോവെറ്റ്. അതിലുപരി ലാളിത്യമാണ് ഈ കാറിന്റെ മുഖമുദ്ര. ഷെവര്‍ലെയുടെ സ്‌ട്രൈറ്റ് സിക്‌സ് എൻജിനാണ് ഈ കാറിനുണ്ടായിരുന്നത്. പിക് അപ് ട്രക്കുകള്‍ക്കടക്കം ഷെവര്‍ലെ ഉപയോഗിച്ചിരുന്ന എൻജിനായിരുന്നു അത്. ടു-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് ഈ കാറില്‍ ഉപയോഗിച്ചിരുന്നത്. പിന്നീട് കോവെറ്റയില്‍ വി8 എൻജിനും ഷെവര്‍ലെ ഉപയോഗിച്ചു.

മെസെര്‍ഷ്മിത്ത് കബിനഓല (Messerschmitt Kabinenroller) -1953

messerschmitt-kabinenroller

രണ്ടു പേര്‍ക്ക് ഒന്നിന് പിറകെ ഒന്നായി ഇരിക്കാന്‍ സാധിക്കുന്ന കുഞ്ഞന്‍ വാഹനമായിരുന്നു KR175ഉം KR200ഉം. പിക്‌സല്‍ഗ്ലാസ് മേൽക്കൂരയുണ്ടായിരുന്ന ഈ വാഹനത്തിന് ആകെ മൂന്നു ചക്രങ്ങള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. സ്റ്റിയറിങ്ങിലെ പ്രത്യേകം സംവിധാനം ഉപയോഗിച്ച് വാഹനത്തിന്റെ വേഗത കൂട്ടാനും സാധിച്ചിരുന്നു. 1964ല്‍ ഈ വാഹനത്തിന്റെ നിർമാണം കമ്പനി അവസാനിപ്പിച്ചു. ജര്‍മന്‍ കമ്പനിയായ മെസെര്‍ഷ്മിത്ത് വൈകാതെ വ്യോമയാന മേഖലയിലേക്ക് വീണ്ടും ശ്രദ്ധ തിരിച്ചു.

ബിഎംഡബ്ല്യു ഇസേറ്റ(1955)

bmw-isetta

മോട്ടോര്‍ സൈക്കിളിനും കാറിനും ഇടയില്‍ പെടുന്ന വാഹനമാണ് ബിഎംഡബ്ല്യു ഇസേറ്റ. ഇറ്റാലിയന്‍ കമ്പനിയായ ഇസോയാണ് ഇത് പുറത്തിറക്കിയത്. ചെറിയ മാറ്റങ്ങള്‍ മാത്രമാണ് ബിഎംഡബ്ല്യു ഈ വാഹനത്തില്‍ വരുത്തിയത്. മുന്നില്‍ നിന്നും തുറക്കാവുന്ന ഡോറിലൂടെയായിരുന്നു ഉള്ളിലേക്ക് കടന്നിരുന്നത്. 12 എച്ച്പി സിംഗിള്‍ സിലിണ്ടര്‍ ഫോര്‍സ്‌ട്രോക് എൻജിനാണ് ഇസേറ്റയിലുണ്ടായിരുന്നത്. ഇതാവട്ടെ മോട്ടോര്‍ സൈക്കിളുകളില്‍ ഉപയോഗിക്കുന്നതായിരുന്നു. പല രാജ്യങ്ങളിലും ചെറിയ മാറ്റങ്ങളോടെ ബിഎംഡബ്ല്യു ഈ കുഞ്ഞന്‍ കാറിനെ അവതരിപ്പിച്ചിട്ടുണ്ട്. ചില രാജ്യങ്ങളില്‍ മൂന്ന് ചക്രങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. നികുതിയിനത്തിലെ കുറവ് ഉറപ്പിക്കാന്‍ വേണ്ടിയായിരുന്നുവത്. 

ഫിയറ്റ് 500(1957)

fiat-500

ഭംഗിയില്‍ കുറവുവരുത്താതെ ചിലവ് പരമാവധി കുറച്ച് ഇറ്റാലിയന്‍ എൻജിനീയര്‍മാര്‍ നിർമിച്ചെടുത്ത കാറായിരുന്നു ഫിയറ്റ് 500. 9 അടി ഒമ്പത് ഇഞ്ച് മാത്രമായിരുന്നു കാറിന്റെ നീളം. പരമാവധി ചിലവു കുറക്കുകയെന്നതായിരുന്നു എൻജിനീയറായിരുന്ന ഡന്റെ ജിയാകോസയുടെ ലക്ഷ്യം. അതുകൊണ്ട് പുള്‍ ടൈപ് സ്റ്റാര്‍ട്ടര്‍ പോലും അദ്ദേഹം ഈ കാറില്‍ പിടിപ്പിച്ചു. 1957 മുതല്‍ 1975 വരെയുള്ള കാലത്ത് 38,93,294 ഫിയറ്റ് 500 കാറുകള്‍ വിറ്റു പോയിരുന്നുവെന്നത് ഇതിന്റെ ജനപ്രീതിയുടെ തെളിവാണ്. ഫിയറ്റ് 126 ആയിരുന്നു ഫിയറ്റ് 500ന്റെ പിന്‍ഗാമി. 2000 വരെ ഈ കാര്‍ പോളണ്ടില്‍ ഇറങ്ങുകയും ചെയ്തിരുന്നു. 

ഒസ്റ്റിന്‍ സെവന്‍/മോറിസ് മിനി മൈനര്‍(1959)

morris-mini-minor

ചെറുകാറുകളെക്കുറിച്ച് പറയുമ്പോള്‍ 'മിനി'യെക്കുറിച്ച് പറയാതിരിക്കുന്നതെങ്ങനെ?  ബബിള്‍ കാറുകള്‍ക്ക് പകരമായാണ് മിനിയെ സര്‍ അലെക് ഇസിഗോണിസ് അവതരിപ്പിക്കുന്നത്. ഒതുക്കവും ലാളിത്യവുമാണ് ചെറുകാറുകളുടെ മുഖമുദ്രയെന്ന് കരുതിയിരുന്ന ഇസിഗോണിസ് മിനിയെ പരമാവധി ലളിതമാക്കാന്‍ ശ്രമിച്ചു.

ഈ കാറിന്റെ നടുവിലാണ് സ്പീഡോമീറ്റര്‍ വച്ചിരുന്നത്. ഡ്രൈവര്‍ സീറ്റ് ഇടത്തായാലും വലത്തായാലും രണ്ട് ഡാഷ്‌ബോര്‍ഡുകളുടെ ആവശ്യം ഇല്ലാതാക്കുന്നതിന് വേണ്ടിയായിരുന്നു ഇത്. ഇത്തരത്തില്‍ ഒറ്റ നോട്ടത്തില്‍ പ്രാധാന്യമില്ലെന്ന് കരുതുന്ന പല കാര്യങ്ങളും സൂഷ്മതയോടെ വിലയിരുത്തിയായിരുന്നു ഇത്തരം കാറുകളുടെനിര്‍മ്മാണം. 2000 വരെ ഈ കാര്‍ പുറത്തിറങ്ങുകയും ചെയ്തു.

റെനോ 4(1961)

renault-4

സിറ്റോയെന്‍ 2സിവിക്കുള്ള റെനോയുടെ മറുപടിയായിരുന്നു 4 എന്ന് കരുതുമ്പോള്‍ തന്നെ ഇരു കാറുകളും തമ്മില്‍ കാഴ്ചയില്‍ ഒരു സാമ്യവുമില്ലായിരുന്നു. വിലകുറവ്,  പല ഉപയോഗങ്ങള്‍, എളുപ്പത്തില്‍ കൊണ്ടുപോവാന്‍ സാധിക്കുന്നത് തുടങ്ങിയ ഗുണങ്ങളായിരുന്നു 4 നിര്‍മ്മിക്കുമ്പോള്‍ റെനോ ബോസ് പിയറി ഡ്രേഫസിന്റെ മനസിലുണ്ടായിരുന്നത്.

1961ല്‍ പുറത്തിറങ്ങിയ 4ന്റെ പിന്നിലെ സീറ്റുകള്‍ മടക്കി വെച്ച് കൂടുതല്‍ സ്ഥലം ഒരുക്കാന്‍ കഴിഞ്ഞിരുന്നു. ഫ്രണ്ട് വീല്‍ ഡ്രൈവായിരുന്ന 4ന്റെ ജനലുകള്‍ തിരശ്ചീനമായി നീക്കാന്‍ സാധിക്കും വിധമാണ് ഡിസൈന്‍ ചെയ്തിരുന്നത്. 1994ല്‍ നിര്‍മ്മാണം നിര്‍ത്തിയെങ്കിലും റെനോ 4ന് കാര്‍ പ്രേമികളുടെ മനസില്‍ ഇന്നും സവിശേഷ സ്ഥാനമാണുള്ളത്. 

പോര്‍ഷെ 914(1969)

porsche-914

ഫോക്‌സ്‌വാഗണ്‍ കാറുകളുടെ ലാളിത്യത്തിന്റെ അവസാന വാക്കായിരുന്നു പോര്‍ഷെ 914. പോര്‍ഷെയുമായി സഹകരിച്ചായിരുന്നു ഈ കാറിന്റെ വില്‍പന. ആരും മോശം പറയാത്ത പെര്‍ഫോമെന്‍സാണ് സ്‌പോര്‍ട്‌സ് കാറുകളുടെ ഘടനയോട് ചേര്‍ന്നു നില്‍ക്കുന്ന ഈ ഇരട്ട സീറ്റ് കുഞ്ഞന്‍ കാറിന് കമ്പനി നല്‍കിയത്. 1969 മുതല്‍ 1976 വരെ മാത്രമാണ് പോര്‍ഷെ 914 പുറത്തിറങ്ങിയത്. ഫ്‌ളാറ്റ് 4 അല്ലെങ്കില്‍ ഫ്‌ളാറ്റ് 6 എഞ്ചിനുകളായിരുന്നു ഈ കുട്ടിക്കാറിനുണ്ടായിരുന്നത്.

ലാഡ നിവ(1977)

lada-niva

ലാന്‍ഡ് റോവറിന്റെ ചെയ്‌സിസില്‍ റെനോ 5 വെച്ചതുപോലൊരു വാഹനം... ഇതായിരുന്ന റഷ്യന്‍ അധികൃതര്‍ കാര്‍ നിര്‍മ്മാണ കമ്പനിയായ നിവക്ക് മുമ്പാകെ വെച്ച നിര്‍ദേശം. ഈ നിര്‍ദേശം റഷ്യന്‍ കാര്‍ നിര്‍മാതാക്കളായ നിവ പ്രാവര്‍ത്തികമാക്കിയ വാഹനമാണ് ലാഡ. ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സും ഫിയറ്റ് ഫോര്‍ സിലിണ്ടര്‍ എൻജിനും ഫോര്‍ വീല്‍ ഡ്രൈവിങ്ങുമെല്ലം ലാഡയെ സൈബീരിയന്‍ മേഖലയിലെ പ്രിയ വാഹനമാക്കി. 1977ല്‍ പുറത്തിറങ്ങിയ ലാഡയുടെ പുതിയ പതിപ്പുകള്‍ ഇപ്പോഴും പുറത്തിറങ്ങുന്നുണ്ടെന്നത് തന്നെ ഈ ചെറു ജീപ്പിന് ലഭിച്ച അംഗീകാരമാണ്.

ഫിയറ്റ് പാണ്ട(1980)

കാര്യത്തിലും കാഴ്ചയിലും ബാധ്യതകളില്ലാത്ത ചെറുകാറുകളുടെ വസന്തകാലം 80കളായിരുന്നു. ലാളിത്യം അഴകളവായി മാറിയ ഫിയറ്റിന്റെ വാഹനമാണ് പാണ്ട. 1980ല്‍ ആദ്യം ഇറങ്ങിയ പാണ്ടക്ക് ചെറിയ മാറ്റങ്ങള്‍ പോലും ഫിയറ്റ് വരുത്തിയത് 2003ല്‍ മാത്രമായിരുന്നു.

ഫോര്‍ഡ് ഫെസ്റ്റിവ(1986)

ford-festiva

ഒറ്റ നോട്ടത്തില്‍ നമ്മുടെ മാരുതി 800നോട് ഏറ്റവും ചേര്‍ന്നു നില്‍ക്കുന്ന കാറാണ് ഫോര്‍ഡ് ഫെസ്റ്റിവ. അമേരിക്കയില്‍ 80കളില്‍ അലയടിച്ച ചെറുകാര്‍ വസന്തം പസഫിക് മേഖലയിലേക്കെത്തിയത് ഫോര്‍ഡ് ഫെസ്റ്റിവയെ പോലുള്ള കാറുകളിലൂടെയായിരുന്നു. ജാപ്പനീസ് കമ്പനിയായ മാസ്ഡ തുടക്കത്തിലും പിന്നീട് ദക്ഷിണ കൊറിയന്‍ കമ്പനിയായ കിയയുമാണ് ഈ കാര്‍ പുറത്തിറക്കിയത്. 49 കുതിരശക്തി മാത്രമുള്ള 1.1 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ എഞ്ചിനായതിനാല്‍ ഫോര്‍ഡ് ഫെസ്റ്റിവക്ക് വേഗം കുറവായിരുന്നു.

ലോട്ടസ് എലൈസ്(1996)

ബ്രിട്ടീഷ് കാര്‍ നിര്‍മ്മാതാക്കളായ ലോട്ടസ് കാര്‍സ് 1996 സെപ്തംബറിലാണ് എലൈസ് പുറത്തിറക്കുന്നത്. ഭാരവും വിലയും പരമാവധി കുറച്ചാണ് ലോട്ടസ് എലൈസ് പുറത്തിറക്കിയത്. ലോട്ടസിന്റേയും ബുഗാട്ടിയുടേയും ചെയര്‍മാനായിരുന്ന റൊമാനോ അര്‍ട്ടിയോളിയുടെ പേരക്കുട്ടി എലിസ അര്‍ട്ടിയോളിയുടെ പേരില്‍ നിന്നാണ് കാറിന്റെ പേരിട്ടത്. 

ദെയ്‌വൂ മാറ്റിസ് (1998)

matiz

ബെല്‍ജിയം മുതല്‍ ഉസ്‌ബെകിസ്താന്‍ വരെയുള്ള നിരവധി രാജ്യങ്ങള്‍ മനസില്‍ കണ്ടുകൊണ്ടാണ് മാറ്റിസിനെ ദെയ്‌വൂ പുറത്തിറക്കിയത്. 1998 മുതല്‍ 2002 വരെയുള്ള കാലത്ത് ഇന്ത്യയിലും ഈ കാര്‍ ഇറങ്ങി. 0.8 ലിറ്റര്‍ എൻജിനായിരുന്നു ഈ കുഞ്ഞു കാറിന്റേത്. ഇറ്റാല്‍ഡിസൈന്‍ 1993ല്‍ നല്‍കിയ ഡിസൈന്‍ ഫിയറ്റ് തള്ളിയതാണ് പിന്നീട് മാറ്റിസായി മാറിയത്. ഡിസൈന്‍ പോലും പുനരുപയോഗിക്കാമെന്ന് തെളിയിച്ച കാറാണ് മാറ്റിസ്!

നിസാന്‍ ഫ്രോന്റയര്‍(2004)

അമേരിക്കയില്‍ ഇപ്പോഴും ഈ വാഹനം ജാപ്പനീസ് കാര്‍ കമ്പനിയായ നിസാന്‍ വില്‍ക്കുന്നുണ്ട്. 2014 മുതല്‍ യൂറോപില്‍ നവാര എന്ന പേരിലാണ് ഈ വാഹനം ഇറങ്ങുന്നത്. നിസാന്റെ പിക് അപ് വാഹനങ്ങളില്‍ ഏറ്റവും പഴക്കമുള്ളതും ഇതു തന്നെ. അമേരിക്ക അടക്കം എട്ടു രാജ്യങ്ങളില്‍ ഫ്രോണ്ടിയര്‍ എന്നാണ് ഇതിന് പേരെങ്കില്‍ ജപ്പനില്‍ ഡാറ്റ്‌സണ്‍ എന്നും തുര്‍ക്കിയില്‍ സ്‌കൈസ്റ്റാര്‍  എന്നും ചിലിയില്‍ ടെറാനോ എന്നും അടക്കം 11 വ്യത്യസ്ത പേരുകളിലാണ് പല രാജ്യങ്ങളില്‍ ഫ്രോണ്ടിയര്‍ ഇറങ്ങിയത്. 2021 ഓടെ ഫ്രോണ്ടിയറിന്റെ പുതിയ രൂപം ഇറങ്ങുമെന്നും നിസാന്‍ അറിയിച്ചിട്ടുണ്ട്. 

കാറ്റര്‍ഹാം സൂപ്പര്‍ സെവന്‍ 1600(2020)

caterham-super-seven-1600

ഒറ്റനോട്ടത്തില്‍ മാത്രമല്ല എത്ര തവണ നോക്കിയാലും ഒരു ക്ലാസിക് കാറായേ 2020ല്‍ പുറത്തിറങ്ങിയ ഈ കാറിനെ തോന്നൂ. ട്യൂബുലര്‍ സ്റ്റീല്‍ കൊണ്ട് നിര്‍മ്മിച്ച ഈ കാര്‍ മുഴുവനായോ അല്ലെങ്കില്‍ ഭാഗങ്ങളായോ ലഭിക്കും. പഴഞ്ചന്‍ മാതൃകയില്‍  മരംകൊണ്ട് നിർമിച്ച സ്റ്റിയറിങ്ങാണ് ഇതിനുള്ളത്. സ്റ്റിയറിങ്ങിൽ മറ്റൊരു ഡ്രൈവിംഗ് സഹായങ്ങളുമില്ല. കാറിലുള്ളതെല്ലാം അനലോഗ് മീറ്ററുകളുമാണ്. ഫോര്‍ഡിന്റെ 1.6 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ എൻജിനാണ് ഈ കാറിലുള്ളത്.

English Summary: Simplest Cars Ever Made

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com