ADVERTISEMENT

ടൊയോട്ടയുടെ മൂന്നാമത്തെ നിര്‍മാണ കേന്ദ്രം ഇന്ത്യയില്‍ തുടങ്ങുമെന്ന് പ്രഖ്യാപിച്ചതിനൊപ്പം പുതിയൊരു മിഡ്‌സൈസ് എസ്‌യുവി കൂടി വാര്‍ത്തകളില്‍ നിറയുന്നു. 340ഡി എന്ന കോഡ് നാമത്തിൽ വികസിപ്പിക്കുന്ന മൂന്നു നിരയുള്ള ഈ എസ്‌യുവി രാജ്യാന്തര വിപണിയിലെ കൊറോള ക്രോസ് എസ്‌യുവിയുടെ 7 സീറ്റര്‍ ആയിരിക്കുമെന്നാണ് സൂചന. ഇന്ത്യയില്‍ പുറത്തിറക്കുന്ന ഈ സെവന്‍ സീറ്റര്‍ കൊറോള ക്രോസിന്റെ കൂടുതല്‍ വിശേഷങ്ങള്‍ അറിയാം. 

വലുപ്പം

നിലവില്‍ കൊറോള ക്രോസ് 5 സീറ്ററായാണ് ടൊയോട്ട നിര്‍മിക്കുന്നത്. 2,640എംഎം ആണ് വീല്‍ബേസ്. പുതിയ 3 നിരയുള്ള മോഡലില്‍ വീല്‍ബേസില്‍ 150എംഎം വര്‍ധനവുണ്ടാവും. മൂന്നാമത്തെ നിര ഇരിപ്പിടങ്ങളെ കൂടി ഉള്‍ക്കൊള്ളാന്‍ ഇതു മതിയാവും. ആഗോള മോഡലിനേക്കാള്‍ ഇന്ത്യന്‍ നിര്‍മിത കൊറോള ക്രോസിന് വലുപ്പം കൂടുമെന്ന് ഉറപ്പിക്കാം.

പ്ലാറ്റ്‌ഫോം

ടൊയോട്ടയുടെ ടിഎന്‍ജിഎ-സി പ്ലാറ്റ്‌ഫോമിലാണ് നിര്‍മിക്കുക. എസ്‌യുവികള്‍ക്കും എംപിവികള്‍ക്കും സബ്‌കോംപാക്ട്, കോംപാക്ട് കാറുകള്‍ക്കും വേണ്ടിയാണ് ഈ പ്ലാറ്റ്‌ഫോം നിര്‍മിച്ചിരിക്കുന്നത്. ഫ്രണ്ട് വീല്‍, ഓള്‍ വീല്‍ ഡ്രൈവ് വാഹനങ്ങളേയും 2,640എംഎം മുതല്‍ 2,850എംഎം വരെ വീല്‍ബേസുള്ള വാഹനങ്ങളേയും ഈ പ്ലാറ്റ്‌ഫോമില്‍ നിര്‍മിക്കാനാവും. കൊറോള ക്രോസ്, ജിആര്‍ കൊറോള, സി-എച്ച്ആര്‍, ഇന്നോവ ഹൈക്രോസ്, പ്രിയസ്, ലെക്‌സസ് യുഎക്‌സ്, എന്നിങ്ങനെയുള്ള ടൊയോട്ട വാഹനങ്ങള്‍ അടിസ്ഥാനമാക്കുന്നത് ടിഎന്‍ജിഎ-സി പ്ലാറ്റ്‌ഫോമാണ്.

മാറ്റങ്ങള്‍

ഏഴു സീറ്റ് എന്നതിനൊപ്പം അകത്തും പുറത്തും മാറ്റങ്ങളും പ്രതീക്ഷിക്കാം. ഗ്രില്ലെയുടെ രൂപമാറ്റം മുന്നിലേയും പിന്നിലേയും ബംപറുകളുടെ മാറ്റം, ഇന്റീരിയറിലെ മാറ്റങ്ങള്‍ എന്നിവ പ്രതീക്ഷിക്കാവുന്നതാണ്. ഫുള്‍ ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ഡ്യുവല്‍ സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, വെന്റിലേറ്റഡ് മുന്‍ സീറ്റുകള്‍, വയര്‍ലെസ് ചാര്‍ജര്‍, പനോരമിക് സണ്‍റൂഫ് എന്നിവയൊക്കെ പ്രതീക്ഷിക്കാവുന്ന ഫീച്ചറുകളാണ്.

ഹൈബ്രിഡ് പവര്‍ട്രെയിന്‍

പലതരത്തിലുള്ള പവര്‍ട്രെയിനുകള്‍ കൊറോള ക്രോസില്‍ ടൊയോട്ട വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതില്‍ 1.8 ലീറ്റര്‍, 2.0 ലീറ്റര്‍ നാച്ചുറലി അസ്പയേഡ് പെട്രോള്‍ എന്‍ജിനുകളും 1.8 ലീറ്റര്‍, 2.0 ലീറ്റര്‍ പെട്രോള്‍ ഹൈബ്രിഡ് പവര്‍ട്രയിനുകളും ഉള്‍പ്പെടും. ഇന്ത്യന്‍ നിര്‍മിത കൊറോള ക്രോസിന് 2.0 ലീറ്റര്‍ പെട്രോള്‍ ഹൈബ്രിഡ് പവര്‍ട്രെയിനാവാനാണ് സാധ്യത. അര്‍ബന്‍ ക്രൂസര്‍ ഹൈറൈഡര്‍, ഇന്നോവ ഹൈക്രോസ് എന്നീ ടൊയോട്ട മോഡലുകളുടെ ഹൈബ്രിഡിനുള്ള ഉയര്‍ന്ന ആവശ്യകതയും ഈ പവര്‍ട്രെയിന്‍ തിരഞ്ഞെടുക്കാന്‍ പ്രചോദനമായേക്കും.

പുതിയ ഫാക്ടറി

ടൊയോട്ടയുടെ ഇന്ത്യയിലെ പുതിയ കാര്‍ നിര്‍മാണ ഫാക്ടറി 2026 ആദ്യ പാദത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചേക്കും. ടൊയോട്ടയുടെ ബെംഗളുരുവിലെ രണ്ടു ഫാക്ടറികള്‍ക്ക് സമീപത്തായി ബിദാദിയിലാണ് പുതിയ ഫാക്ടറി നിര്‍മിക്കുന്നത്. ഏതാണ്ട് 3,300 കോടി രൂപയുടെ നിക്ഷേപവും രണ്ടായിരം പുതിയ തൊഴിലവസരങ്ങളും പുതിയ ഫാക്ടറി വഴി സൃഷ്ടിക്കപ്പെടും. പ്രതിവര്‍ഷം ഒരു ലക്ഷം കാറുകള്‍ വരെ നിര്‍മിക്കാന്‍ ശേഷിയുള്ള ഫാക്ടറിയാണിത്. കൊറോള ക്രോസിന്റെ 7 സീറ്റര്‍ രൂപം ഇവിടെയാവും നിര്‍മിക്കപ്പെടുക. പ്രതിവര്‍ഷം 60,000 കൊറോള ക്രോസ് 7 സീറ്റര്‍ നിര്‍മിക്കുമെന്നാണ് കരുതപ്പെടുന്നത്.

ടൊയോട്ടയുടെ തന്നെ അര്‍ബന്‍ ക്രൂസര്‍ ഹൈറൈഡറിനും ഇന്നോവ ഹൈക്രോസിനും ഇടയിലായിട്ടായിരിക്കും കൊറോള ക്രോസിന്റെ പുതിയ മോഡലിന്റെ സ്ഥാനം. മഹീന്ദ്ര എക്‌സ്.യു.വി700, എംജി ഹെക്ടര്‍ പ്ലസ്, ഹ്യുണ്ടേയ് അല്‍കാസര്‍ എന്നിവയായിരിക്കും ഇന്ത്യന്‍ വിപണിയിലെ 7സീറ്റര്‍ കൊറോള ക്രോസിന്റെ എതിരാളികള്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com