ADVERTISEMENT

പുനരുപയോഗിക്കാവുന്ന ഊര്‍ജസ്രോതസ്സുകളില്‍ പ്രധാനമാണ് കാറ്റാടികള്‍. എത്രത്തോളം വലിയ കാറ്റാടി സ്ഥാപിക്കുന്നോ അത്രത്തോളം കൂടുതല്‍ ഊര്‍ജം ലഭിക്കുകയും ചെയ്യും. എന്നാല്‍ കര മാര്‍ഗം ഈ കാറ്റാടികളുടെ ബ്ലേഡുകള്‍ കൊണ്ടുപോവുന്നതിന് പരിമിതികളുണ്ട്. ഈ പ്രശ്‌നത്തിന് പരിഹാരമായി, ലോകത്തെ തന്നെ ഏറ്റവും വലിയ വിമാനം നിര്‍മിക്കാനൊരുങ്ങുകയാണ് ഒരു സ്റ്റാര്‍ട്ടപ്പ് കമ്പനി. കൊളറാഡോയില്‍ നിന്നുള്ള ഊര്‍ജ സ്റ്റാര്‍ട്ടപ്പായ റാഡിയയാണ് ഇങ്ങനെയൊരു വലിയ ലക്ഷ്യത്തിലേക്ക് അടുക്കുന്നത്. 

radia-windrunner-3

വിന്‍ഡ് റണ്ണര്‍ എന്നു പേരിട്ടിരിക്കുന്ന പടുകൂറ്റന്‍ വിമാനമാണ് കാറ്റാടികള്‍ക്കുവേണ്ടി റാഡിയ നിര്‍മിക്കുന്നത്. ഇന്നുള്ള ഏറ്റവും വലിയ വിമാനങ്ങളെക്കാളും വലുപ്പമുണ്ടാവും വിന്‍ഡ്‌റണ്ണറിന്. 356 അടി നീളവും 79 അടി ഉയരവും ഉണ്ടാവും വിന്‍ഡ്‌റണ്ണര്‍ക്കെന്നാണ് കമ്പനി അറിയിക്കുന്നത്. ഇന്നത്തെ ഏറ്റവും നീളമുള്ള യാത്രാവിമാനമായ ബോയിങ് 747-8 നേക്കാള്‍ 106 അടി കൂടുതൽ നീളമുണ്ടാവും വിന്‍ഡ് റണ്ണറിന്.  ഈ കൂറ്റന്‍ വിമാനത്തിന് 80 ടണ്‍ സാധനങ്ങളും വഹിക്കാനാവും. ബോയിങ് 747നെ അപേക്ഷിച്ച് 12 ഇരട്ടി കൂടുതല്‍! 

കാറ്റാടി പാടങ്ങളുടെ സമീപം ഒരു റണ്‍വേ കൂടി നിര്‍മിച്ചാല്‍ വിന്‍ഡ് റണ്ണര്‍ നേരെ കാറ്റാടിപ്പാടത്തേക്ക് ബ്ലേഡുകളുമായി പറന്നിറങ്ങും. ഇത്ര വലിയ വിമാനമായതിനാല്‍ റണ്‍വേക്ക് 6,000 അടിയെങ്കിലും നീളം വേണ്ടി വരും. 150 മുതല്‍ 300 അടി വരെ നീളവും 35 ടണ്‍ ഭാരവുമുള്ള കാറ്റാടി ബ്ലേഡുകള്‍ അനായാസം വിന്‍ഡ് റണ്ണര്‍ കൊണ്ടുപോവും. 

radia-windrunner-1

എംഐടിയില്‍ നിന്നുള്ള റോക്കറ്റ് സയന്റിസ്റ്റായ മാര്‍ക്ക് ലണ്ട്‌സ്‌റ്റോമാണ് റാഡിയയുടെ സ്ഥാപകന്‍. കഴിഞ്ഞ ഏഴു വര്‍ഷങ്ങളായി മാര്‍ക്കും സംഘവും ഈ വലിയ സ്വപ്‌നത്തിനു പിന്നാലെയാണ്. ഇത്രയും വലിയ ചരക്കുമായി പറന്നിറങ്ങുമ്പോഴും പറന്നുയരുമ്പോഴുമുള്ള വെല്ലുവിളികളായിരുന്നു പ്രധാനമായും മറികടക്കേണ്ടിയിരുന്നത്. വിന്‍ഡ് റണ്ണര്‍ യാഥാര്‍ഥ്യമാവുന്നതോടെ കാറ്റില്‍ നിന്നുള്ള വൈദ്യുതി ഉൽപാദനം 20 ശതമാനം വര്‍ധിക്കുമെന്നും ഊര്‍ജ നിര്‍മാണത്തിനുള്ള ചെലവ് 35 ശതമാനം കുറയുമെന്നും മാര്‍ക്ക് ലണ്ട്‌സ്റ്റോം പറയുന്നു. 

radia-windrunner-2

‌അടുത്ത നാലു വര്‍ഷം കൊണ്ട് വിന്‍ഡ് റണ്ണര്‍ ആകാശം കീഴടക്കുമെന്നാണ് മാര്‍ക്ക് ലണ്ട്‌സ്റ്റോം കണക്കുകൂട്ടുന്നത്. 300 അടി നീളമുള്ള ബ്ലേഡുകള്‍ വരെ എളുപ്പം വിന്‍ഡ് റണ്ണറില്‍ കൊണ്ടുപോകാം. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ ശരാശരി കാറ്റാടി പാടങ്ങള്‍ ഉൽപാദിപ്പിക്കുന്നതിന്റെ ഇരട്ടി ഊര്‍ജം ഉൽപാദിപ്പിക്കുന്ന കാറ്റാടികള്‍ നിര്‍മിക്കാന്‍ വിന്‍ഡ്‌റണ്ണര്‍ സഹായിക്കും. പ്രാഥമിക ലക്ഷ്യം കാറ്റാടികളാണെങ്കിലും കൂടുതല്‍ വിപുലമായ ലക്ഷ്യങ്ങളും വിന്‍ഡ് റണ്ണറിനുണ്ട്. വലിയ ഭാരമുള്ള ഉപകരണങ്ങളും മറ്റും പെട്ടെന്ന് കൊണ്ടുപോവാന്‍ വിന്‍ഡ് റണ്ണറിന് സാധിക്കുമെന്നത് പ്രതിരോധ മേഖലയിലും വലിയ സാധ്യതയാണ്.

English Summary:

Radia’s WindRunner to be the world’s largest aircraft ever built

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com