തനിയെ ഓടുന്ന ഒല സ്കൂട്ടർ, ഇപ്പോൾ ഏപ്രില്‍ ഫൂള്‍ തമാശ; പക്ഷേ നാളെ!
Mail This Article
ഒല ഇലക്ട്രിക് സിഇഒ ഭവിഷ് അഗര്‍വാള്‍ ഏപ്രില്‍ ഒന്നിന് ഒരു വിഡിയോ പുറത്തുവിട്ടു. ഒല ഇലക്ട്രിക്കിന്റെ ആദ്യത്തെ സെല്‍ഫ് ഡ്രൈവിങ് ഇലക്ട്രിക് സ്കൂട്ടറായിരുന്നു വിഡിയോയിലുണ്ടായിരുന്നത്. പേര് ഒല സോളോ. ഏപ്രില്‍ ഒന്നിനു പുറത്തുവിട്ടതുകൊണ്ടുതന്നെ നിരവധി പേരാണ് ഇത് ഏപ്രില്‍ ഫൂളാക്കിയതാണോ എന്ന സംശയവുമായി വന്നത്. ആ സംശയം പരിഹരിക്കാന്‍ സഹായിക്കുന്ന പുതിയ സന്ദേശം ഇപ്പോള്‍ ഭവിഷ് അഗര്‍വാള്‍ പുറത്തുവിട്ടിട്ടുണ്ട്.
എക്സിലെ ഔദ്യോഗിക അക്കൗണ്ട് വഴിയാണ് കഴിഞ്ഞ ദിവസം വീണ്ടും ഭവിഷ് അഗര്‍വാള്‍ ഒല സോളോയുടെ വിഡിയോ പുറത്തുവിട്ടിരിക്കുന്നത്. 'വാഗ്ദാനം ചെയ്തതു പോലെ പുതിയ ഉത്പന്നവുമായി എത്തിയിരിക്കുന്നു. ഇന്ത്യയുടെ ആദ്യ ഓട്ടോണമസ് ഇലക്ട്രിക്ക് സ്കൂട്ടറായിരിക്കും, ഒല സോളോ. പൂര്‍ണമായും സ്വയം പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ള നിര്‍മിത ബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന ട്രാഫിക് സ്മാര്‍ട്ട് സ്കൂട്ടറായിരിക്കും ഒല സോളോ' എന്നായിരുന്നു ഭവിഷിന്റെ ട്വീറ്റ്.
ഒല ഇലക്ട്രിക് സിഇഒ ഏപ്രില്‍ ഒന്നിനു പങ്കുവെച്ച വിഡിയോയില്‍ സോളോയുടെ പ്രവര്‍ത്തനങ്ങള്‍ ഒല ജീവനക്കാര്‍ തന്നെയാണ് വിശദീകരിക്കുന്നത്. ഒല സോളോ ഡ്രൈവറുടെ നേരിട്ടുള്ള സഹായമില്ലാതെ ഓടുന്നതും വിഡിയോയില്‍ കാണാനാവും. സ്കൂട്ടര്‍ സ്വയം ബാലന്‍സ് ചെയ്താണ് മുന്നോട്ടു പോവുന്നതും നില്ക്കുന്നതുമെല്ലാം. ഒരു ഘട്ടത്തില്‍ പിന്നില്‍ ആളെ ഇറുത്തിയിട്ട് വരെ ഒല സോളോ സഞ്ചരിക്കുന്നുണ്ട്.
ഈ വിഡിയോ മുഴുവനായി കണ്ടാല്‍ തന്നെ ഇത് ഒലയുടെ ഏപ്രില്‍ ഫൂള്‍ തട്ടിപ്പാണെന്ന് തെളിയും. എല്എംഎഒ 9000 എന്നാണ് ഈ സ്കൂട്ടറില്‍ ഉപയോഗിക്കുന്ന ചിപ് സെറ്റിനെ വിശേഷിപ്പിച്ചത്. മാത്രമല്ല വിശ്രം എന്ന ഫീച്ചറുമുണ്ടെന്ന് പറഞ്ഞിരുന്നു. സംഭവം ഏപ്രില്‍ ഫൂള്‍ തമാശയാണെങ്കില്‍ പോലും മുഴുവനായും അങ്ങനെ ചിരിച്ചു തള്ളേണ്ടെന്നാണ് ഭവിഷ് അഗര്‍വാളിന്റെ പുതിയ ട്വീറ്റ് പറയുന്നത്. ഭാവിയില്‍ സെല്‍ഫ് ബാലന്‍സിങ് സാങ്കേതികവിദ്യയുള്ള ഇലക്ട്രിക്ക് സ്കൂട്ടര്‍ പുറത്തിറക്കാന്‍ ഒലക്ക് പദ്ധതിയുണ്ട്. അതിനായുള്ള ശ്രമങ്ങള്‍ ഒലയിലെ എന്‍ജിനീയര്‍മാര്‍ നടത്തുന്നുണ്ടെന്നും ഭവിഷ് സമ്മതിക്കുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്തിറക്കാവുന്ന അവസ്ഥയിലേക്ക് ഒല സോളോ സമ്പൂര്‍ണ സ്കൂട്ടറായിട്ടില്ലെന്നു മാത്രം.
ഒല സോളോ പ്രൊഡക്ഷന്‍ തയ്യാറായിട്ടില്ലെങ്കിലും ഒല നിര്‍മിച്ച സെല്‍ഫ് ബാലന്‍സിങ് ഓട്ടോണമസ് ഇലക്ട്രിക് സ്കൂട്ടര്‍ ഉപയോഗിച്ചാണ് വിഡിയോ ചിത്രീകരിച്ചതെന്ന വാദവും ഉയരുന്നുണ്ട്. ഭവിഷ് അഗര്‍വാള്‍ പങ്കുവെച്ച വിഡിയോ അത്രമാത്രം വിശ്വസനീയമായിരുന്നുവെന്നതാണ് കാരണം. എങ്കില്‍ പോലും നിരവധി സുരക്ഷാ- പ്രായോഗിക കടമ്പകള്‍ ഒലയുടെ സെല്‍ഫ് ഡ്രൈവിങ് സ്കൂട്ടറിന് മറികടക്കാനുണ്ട്.
സ്കൂട്ടറിന്റെ നിഴല്‍ കാണുന്നുണ്ടെന്നതും നിര്‍ത്തുമ്പോള്‍ ഇളകുന്നുണ്ടെന്നതും ഹെഡ് ലൈറ്റ് യഥാര്‍ഥ ലൈറ്റിനെ പോലെയുണ്ടെന്നതുമൊക്കെ ഒല നിര്‍മിച്ച പരീക്ഷണ സ്കൂട്ടറാണിതെന്ന വാദത്തിന് പിന്‍ബലം തരുന്നുണ്ട്. വിഡിയോയിലെ സ്കൂട്ടറിന്റെ വലതുവശത്തുള്ള ഉപകരണം ബാലസ് തെറ്റാതെ സഹായിക്കാനുള്ളതാണെന്നു വരെ വിഡിയോക്കു താഴെ കമന്റുകള്‍ വന്നു കഴിഞ്ഞു. ഒല സോളോ ഇന്ന് ഏപ്രില്‍ ഫൂള്‍ തമാശ മാത്രമാണെങ്കിലും നാളെ യാഥാര്‍ഥ്യമായേക്കുമെന്ന സൂചന തന്നെയാണ് ഭവിഷ് അഗര്‍വാള്‍ നല്‍കുന്നത്.