ADVERTISEMENT

മാരുതി സുസുക്കി ഹാച്ച്ബാക് സ്വിഫ്റ്റിന്റെ പുതിയ മോഡൽ വിപണിയിൽ. വില 6.49 ലക്ഷം രൂപ മുതൽ 9.64 ലക്ഷം രൂപ വരെ. ആറ് മോഡലുകളിൽ മാനുവൽ ഗിയർബോക്സും അഞ്ചു മോഡലുകളിൽ എജിഎസ് ഗിയർബോക്സ് മോഡലും ലഭിക്കും. ലസ്റ്റർ ബ്ലൂ, നോവൽ ഓറഞ്ച് എന്നീ പുതിയ നിറങ്ങൾ അടക്കം ഒമ്പത് നിറങ്ങളിൽ പുതിയ സ്വിഫ്റ്റ് വിപണിയിലുണ്ട്. 

swift-price

മാനുവൽ മോഡലിന് 24.8 കിലോമീറ്ററും എജിഎസ് മോഡലിന് 25.75 കിലോമീറ്ററുമാണ് ഇന്ധനക്ഷമത. എല്ലാ മോഡലുകളിലും ആറ് എയർബാഗിന്റെ സുരക്ഷയും മാരുതി സുസുക്കി നൽകിയിട്ടുണ്ട്. കൂടാതെ പുതിയ സസ്പെൻഷൻ, 40 ൽ അധികം കണക്റ്റഡ് കാർ ഫീച്ചറുകള്‍, 9 ഇഞ്ച് ഡിസ്പ്ലെ സ്മാർട്ട്പ്ലെ പ്രോ പ്ലസ് ഇൻഫോടെയിൻമെന്റ് സിസ്റ്റം, വയർലെസ് ചാർജർ, പിന്നിൽ രണ്ട് ഫാസ്റ്റ് ചാർജിങ് പോർട്ടുകൾ, 4.2 ഇഞ്ച് മൾട്ടി ഇൻഫർമെഷൻ ഡിസ്പ്ലെ, റിയർ വ്യൂ ക്യാമറ എന്നിവയുമുണ്ട്. 

ഒമ്പത് നിറങ്ങളിൽ പുതിയ സ്വിഫ്റ്റ് ലഭിക്കും
ഒമ്പത് നിറങ്ങളിൽ പുതിയ സ്വിഫ്റ്റ് ലഭിക്കും

നാലാം തലമുറ സ്വിഫ്റ്റിന്റെ ബുക്കിങ് മാരുതി നേരത്തെ ആരംഭിച്ചിരുന്നു. 11,000 രൂപ മുടക്കി ഓണ്‍ലൈനായോ ഡീലര്‍ഷിപ്പുകളില്‍ നേരിട്ടെത്തിയോ ബുക്കു ചെയ്യാനുമാവും. പുതിയ സ്വിഫ്റ്റിന്റെ ഏറ്റവും പ്രധാനപ്പെട്ട അഞ്ചു കാര്യങ്ങള്‍ വിശദമായി അറിയാം. 

രൂപകല്‍പനയും വലുപ്പവും

ആകെയുള്ള രൂപത്തില്‍ സ്വിഫ്റ്റിന്റെ സവിശേഷതകള്‍ നിലനിര്‍ത്തിക്കൊണ്ട് കൂടുതല്‍ ഷാര്‍പായ ഡിസൈനാണ് പുതു തലമുറ സ്വിഫ്റ്റിന് നല്‍കിയിരിക്കുന്നത്. ബോണറ്റിലും ബംപറിലും മാറ്റങ്ങളുണ്ട്. സില്‍വര്‍ ഫിനിഷോടു കൂടിയ ഗ്രില്ലും റീ ഡിസൈന്‍ ചെയ്തിരിക്കുന്നു. ഗ്രില്ലിന്റെ നടുവിലായി സ്ഥാപിച്ചിരുന്ന സുസുകി എംപ്ലം മുന്നിലെ ബംപറിന് മുകളിലേക്ക് മാറ്റിയിരിക്കുന്നു. ഹെഡ്‌ലാംപും ഫോഗ് ലാംപും മാറ്റങ്ങളോടെയാണ് എത്തുന്നത്.

മാറ്റങ്ങൾ വരുത്തിയ ഇന്റീരിയർ, കൂടുതൽ സ്റ്റൈലിഷായി മാറി
മാറ്റങ്ങൾ വരുത്തിയ ഇന്റീരിയർ, കൂടുതൽ സ്റ്റൈലിഷായി മാറി

വശങ്ങളിലെ കാരക്ടര്‍ ലൈന്‍ ടെയില്‍ ലാംപുകള്‍ക്ക് മുകളിലേക്കു നീളുന്നു. പുതിയ അലോയ് വീലുകളും സ്വിഫ്റ്റിന്റെ ഭംഗി കൂട്ടുന്നു. പിന്നിലെ ഡോറുകളിലെ സി പില്ലറുകളിലേക്ക് കയറ്റിയിരുന്ന ഡോര്‍ ഹാന്‍ഡിലുകള്‍ പഴയതുപോലെ താഴേക്കിറക്കിയിട്ടുണ്ട്. ഇതോടെ പിന്നിലെ വിന്‍ഡോയിലെ ചില്ലു ഭാഗത്തിന്റെ വലുപ്പം കൂടിയിട്ടുണ്ട്. പിന്നിലെ ബംപറിലും മാറ്റങ്ങളുണ്ട്. 

എബിഎസിന്റെ സുരക്ഷ
എബിഎസിന്റെ സുരക്ഷ

3,860 എംഎം നീളവും 1,695 എംഎം വീതിയും 1,500 എംഎം ഉയരവുമുള്ള പുതിയ സ്വിഫ്റ്റിന്റെ വീല്‍ ബേസ് 2,450എംഎം ആണ്. നിലവിലെ മോഡലിനെ അപേക്ഷിച്ച് 15 എംഎം നീളവും 30 എംഎം ഉയരവും കൂടുതലാണെങ്കില്‍ വീതി 40എംഎം കുറഞ്ഞിരിക്കുകയാണ്. അതേസമയം വീല്‍ ബേസില്‍ മാറ്റങ്ങളില്ല. 

എല്ലാമോഡലിലും ആറ് എയർബാഗുകൾ
എല്ലാമോഡലിലും ആറ് എയർബാഗുകൾ

ഇന്റീരിയര്‍

ബലേനോ, ഫ്രോങ്‌സ്, ബ്രെസ തുടങ്ങിയ മോഡലുകളിലെ ഇന്റീരിയറുമായാണ് പുതിയ സ്വിഫ്റ്റിന്റെ ഇന്റീരിയറിന് സാമ്യത. ഫ്രീ സ്റ്റാന്‍ഡിങ് ഇന്‍ഫോടെയിന്‍മെന്റ് യൂണിറ്റ്, റീഡിസൈന്‍ ചെയ്ത സെന്‍ട്രല്‍ എസി വെന്റുകള്‍ ഇന്‍ഫോടെയിന്‍മെന്റ് സ്‌ക്രീനിന് താഴെയായി വെച്ചിരിക്കുന്നു. HVAC കണ്‍ട്രോളും ടോഗിള്‍ സ്വിച്ചുകളും, ഡോറിലെ സ്വിച്ച് ഗിയര്‍ എന്നിവക്കെല്ലാം ഈ മോഡലുകളുമായി സാമ്യത കൂടുതലുണ്ട്. ഡാഷ് ബോര്‍ഡ് ഡിസൈനില്‍ മൊത്തത്തിലുള്ള മാറ്റങ്ങളും പുതിയ അപോല്‍സ്റ്ററിയും സ്വിഫ്റ്റില്‍ പ്രതീക്ഷിക്കാം. 

പിൻഭാഗത്തുമുണ്ട് ഏറെ മാറ്റങ്ങൾ
പിൻഭാഗത്തുമുണ്ട് ഏറെ മാറ്റങ്ങൾ

കൂടുതല്‍ സൗകര്യങ്ങള്‍

വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, പിന്നില്‍ എസി വെന്റുകള്‍, എല്‍ഇഡി ഫോഗ് ലാംപ്, 9 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ എന്നീ സൗകര്യങ്ങള്‍ പുതിയ സ്വിഫ്റ്റിലുണ്ട്. ക്രൂസ് കണ്‍ട്രോള്‍, ഓട്ടോ ക്ലൈമറ്റ് കണ്‍ട്രോള്‍, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്, സ്റ്റീറിങ് മൗണ്ടഡ് കണ്‍ട്രോളുകള്‍, ഇലക്ട്രിക്കലി അഡ്ജസ്റ്റബിള്‍ ആന്റ് റെട്രാക്റ്റബിള്‍ വിങ് മിററുകള്‍ എന്നിവയും സ്വിഫ്റ്റില്‍ കൂടുതല്‍ മികച്ച വാഹന അനുഭവം നല്‍കും. 

സുരക്ഷ

ആറ് എയര്‍ ബാഗുകളും ഇഎസ്‌സിയും ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റും സ്റ്റാന്‍ഡേഡ് സുരക്ഷയായി പുതിയ സ്വിഫ്റ്റിന്റെ എല്ലാ മോഡലുകളിലുമുണ്ടാവും. നിലവിലെ സ്വിഫ്റ്റില്‍ ഇരട്ട എര്‍ബാഗുകളാണുള്ളത്. അതു തന്നെ ഉയര്‍ന്ന വകഭേദങ്ങളില്‍ മാത്രമാണ് ലഭ്യമായിട്ടുള്ളത്. 

ഒമ്പത് ഇഞ്ച് സുസുക്കി കണക്റ്റ് ഇൻഫോടെയിൻമെന്റ് സിസ്റ്റം
ഒമ്പത് ഇഞ്ച് സുസുക്കി കണക്റ്റ് ഇൻഫോടെയിൻമെന്റ് സിസ്റ്റം

എന്‍ജിന്‍

എന്‍ജിനിലാണ് സ്വിഫ്റ്റിന്റെ കാര്യത്തില്‍ ഏറ്റവും വലിയ മാറ്റം വന്നിരിക്കുന്നത്. നിലവിലുളള കെ12 ഫോര്‍ സിലിണ്ടര്‍ എന്‍ജിനു പകരം 1.2 ലീറ്റര്‍, ത്രീ സിലിണ്ടര്‍, നാച്ചുറലി അസ്പയേഡ് Z12E പെട്രോള്‍ എന്‍ജിനാണ് പുതിയ സ്വിഫ്റ്റിലുള്ളത്. 82 എച്ച്പി കരുത്തും പരമാവധി 112 എന്‍എം ടോര്‍ക്കും പുറത്തെടുക്കുന്ന എന്‍ജിനാണിത്. കെ സീരീസ് എന്‍ജിനേക്കാള്‍ 8 എച്ച്പി കരുത്തും 1എന്‍എം ടോര്‍ക്കും കുറവാണ് പുതിയ എന്‍ജിന്. ഉയര്‍ന്ന ഇന്ധക്ഷമത ഉറപ്പുവരുത്താന്‍ കമ്പനി ശ്രമിച്ചിട്ടുണ്ട്. ARAI അംഗീകരിച്ച ഇന്ധനക്ഷമത 25.72 കി.മീ. നിലവിലെ സ്വിഫ്റ്റിനേക്കാള്‍ ഇന്ധനക്ഷമതയില്‍ മൂന്നു കി.മീ കൂടുതലാണിത്. 

English Summary:

New Maruti Swift launched at Rs 6.49 lakh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com