ടൊയോട്ടയുടെ ഫ്രോങ്സ് സൂപ്പർഹിറ്റ്, ടൈസോറിന്റെ ബുക്കിങ്ങിൽ 45 ശതമാനവും ടർബോ പെട്രോൾ
Mail This Article
ഇന്ത്യയില്‍ അടുത്തിടെ പുറത്തിറക്കിയ ടൊയോട്ടയുടെ അര്‍ബന്‍ ക്രൂസര്‍ ടൈസോറിന്റെ ഡിമാന്‍ഡില്‍ വലിയ വര്‍ധനന. ആകെ ബുക്കിങിന്റെ 45 ശതമാനവും ടൈസോറിന്റെ ടര്‍ബോ പെട്രോള്‍ മോഡലാണ് സ്വന്തമാക്കിയിരിക്കുന്നത്. ഒരു മാസം മുമ്പാണ് ഈ ചെറു എസ്യുവി സുസുകിയുമായി സഹകരിച്ച് ടൊയോട്ട പുറത്തിറക്കുന്നത്.
മാരുതി സുസുക്കി ഫ്രോങ്സിന്റെ ടെയോട്ടയുടെ ബ്രാന്‍ഡ് എന്‍ജിനീയറിങ് മോഡലാണ് ടൈസോര്‍. 7.74 ലക്ഷം മുതല്‍ 13.04 ലക്ഷം രൂപ വരെയാണ് വില. ടൈസോറിന്റെ പെട്രോള്‍ മോഡൽ പ്രീമിയം വിഭാഗത്തിലാണെങ്കില്‍ കൂടുതല്‍ ആവശ്യക്കാരുള്ള ടര്‍ബോ വേരിയന്റ് ഏതാണ്ട് ഫ്രോങ്സിന്റെ തന്നെ വിലയിലാണ് ടൊയോട്ട പുറത്തിറക്കിയത്. ഇതും ടര്‍ബോ മോഡലിന് ആവശ്യക്കാര്‍ വര്‍ധിക്കാന്‍ കാരണമായെന്നാണ് സൂചന.
ടൈസോര്‍ ടര്‍ബോയുടെ വില്പനയില് 55 ശതമാനവും മാനുവല്‍ ഗിയര്‍ബോക്സുള്ള കാറുകളാണ്. 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോ മോഡലിനും മികച്ച പ്രതികരണമാണെന്നാണ് ടൊയോട്ട അറിയിക്കുന്നത്. നിറങ്ങളില്‍ കഫേ വൈറ്റിനാണ് കൂടുതല്‍ ആവശ്യക്കാര്‍. ഗെയിമിങ് ഗ്രേ, സ്പോര്‍ടിങ് റെഡ്, ലൂസെന്റ് ഓറഞ്ച് എന്നിവയും പിന്നാലെ വരുന്നു. ഉയര്‍ന്ന മോഡലായ വി എടി, വി എംടി എന്നിവക്കാണ് കൂടുതല്‍ ബുക്കിങ് ലഭിക്കുന്നത്.
എന്‍ട്രി ലെവല്‍ ഇ വേരിയന്റില്‍ മാത്രമാണ് സിഎന്‍ജി വകഭേദം ലഭ്യമായിട്ടുള്ളത്. താരതമ്യേന കുറഞ്ഞ ആവശ്യക്കാരാണ് സിഎന്‍ജി വകഭേദത്തിനുള്ളത്. ആകെ ബുക്കിങിന്റെ 15 ശതമാനം മാത്രമാണ് സിഎന്‍ജി മോഡലിനുള്ളത്. 8.71 ലക്ഷം രൂപയാണ് സിഎന്‍ജി മോഡലിന്റെ വില.
ഹണികോംപ് പാറ്റേണിലാണ് ടൈസോറിന്റെ ഗ്രില്‍. ലീനിയര്‍ ഡിസൈനിലുള്ള എല്‍ഇഡി ഡിആര്‍എല്ലുള്ള ടൈസോറില് 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകളാണ് നല്‍കിയിരിക്കുന്നത്. ഒമ്പത് ഇഞ്ച് ടച്ച് സ്ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് ആന്ട്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍ പ്ലേ, ഓട്ടോ ക്ലൈമറ്റ് കണ്ട്രോള്, 360 ഡിഗ്രി ക്യാമറ, ഹെഡ്സ് അപ് ഡിസ്പ്ലേ, വയര്‍ലെസ് ചാര്‍ജര്‍ സ്മാര്‍ട് കണക്ടിവിറ്റി, ആറ് എയര്‍ബാഗുകള്‍, ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, എബിഎസ് വിത്ത് ഇബിഡി എന്നിങ്ങനെ പോവുന്നു ഫീച്ചറുകള്‍.
1.2 ലീറ്റര്‍ ഡ്യുവല്‍ ജെറ്റ് ഡ്യുവല്‍ വിവിടി പെട്രോള്‍, 1.0 ലീറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് ബൂസ്റ്റര്‍ ജെറ്റ് പെട്രോള്‍ എന്നിവയാണ് എന്ജിന് ഓപ്ഷനുകള്‍. 100 എച്ച്പി, 147.6 എന്‍എം ടോര്‍ക്ക് പുറത്തെടുക്കുന്നതാണ് 1.0 ലീറ്റര്‍ എന്ജിന്. 90 ബിഎച്ച്പിപ കരുത്തും 113 എന്‍എം ടോര്‍ക്കും പുറത്തെടുക്കും 1.2 ലീറ്റര്‍ എന്ജിന്. ടര്‍ബോ പെട്രോള്‍ എന്‍ജിനില്‍ 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സും 6 സ്പീഡ് ടോര്‍ക് കണ്‍വെര്‍ട്ടര്‍ ഓട്ടമാറ്റിക് ഗിയര്‍ബോക്സുമാണുള്ളത്. 1.2 ലീറ്റര്‍ എന്‍ജിനില്‍ 5 സ്പീഡ് മാനുവലും എഎംടി ഗിയര്‍ബോക്സും ലഭിക്കും.
ടൊയോട്ട സുസുക്കി സഹകരണത്തില്‍ പുറത്തിറങ്ങുന്ന അഞ്ചാമത്തെ വാഹനമാണ് അര്‍ബന്‍ ക്രൂസര്‍ ടൈസോര്‍. ഇന്ത്യയില്‍ ടൊയോട്ടയുടെ ഏറ്റവും വില കുറഞ്ഞ എസ് യു വിയാണ് ടൈസോര്‍. മാരുതി ഫ്രോങ്സിനു പുറമേ നിസാന്‍ മാഗ്നൈറ്റ്, റെനോ കൈഗര്‍, ടാറ്റ നെക്സോണ്‍, കിയ സോണറ്റ്, ഹ്യുണ്ടേയ് വെന്യു, മഹീന്ദ്ര XUV 3XO എന്നിവയുമായാണ് ടൈസോര്‍ മത്സരിക്കുന്നത്.