ADVERTISEMENT

ചേതക്കിന്റെ നവീകരിച്ച മോഡൽ ടെസ്റ്റ് റൈഡ് ചെയ്യാൻ ബജാജ് ക്ഷണിച്ചത് ചെന്നൈയിലേക്കാണ്. ചെന്നൈ ടി നഗറിലെ ഷോറൂമിൽ‌നിന്ന് വാഹനം കയ്യിൽക്കിട്ടുമ്പോൾ സമയം പതിനൊന്ന്. റോഡിൽ ഇനി ഒരു സ്കൂട്ടറിനുംകൂടി ഇടയുണ്ടോ എന്നു ചോദിച്ചുപോകുന്ന തിരക്ക്. എങ്ങോട്ടു പോകും എന്നാലോചിച്ച് ഗൂഗിളിൽ തിരഞ്ഞപ്പോഴാണ് നാടോടിക്കാറ്റിലെ നമ്മുടെ ദാസനെയും വിജയനെയും‌കുറിച്ചോർത്തത്. അവർ വന്നുകയറിയ എലൈറ്റ് ബീച്ച് ഇവിടെ അടുത്താണെന്ന കാര്യം സത്യത്തിൽ മറന്നു‌പോയി. ലൊക്കേഷൻ നോക്കിയപ്പോൾ അധികം ദൂരമില്ല. എന്നാപ്പിന്നെ ചേതക്കുമായി അങ്ങോട്ടു വച്ചു‌പിടിക്കാം.

bajaj-chetak-1

നാവിഗേഷനുണ്ട്

ടി നഗറിൽനിന്നു ബീച്ചിലേക്കു ചോദിച്ചു ചോദിച്ചു പോകാം എന്നാണു കരുതിയത്. പക്ഷേ, ഈ ട്രാഫിക്കിൽ അതു നടപ്പില്ലെന്നു മനസ്സിലായി. പുതിയ ചേതക്കിൽ അതിനു വഴിയുണ്ട്. മൊബൈലിൽ ചേതക് ആപ് ഡൗൺലോഡ് ചെയ്ത് ബ്ലൂടൂത്ത്‌വഴി ചേതക്കുമായി കണക്ട് ചെയ്താൽ പുതിയ 5 ഇഞ്ച് ടിഎഫ്ടി ഡിസ്പ്ലേയിൽ ടേൺ ബൈ ടേൺ നാവിഗേഷൻ കിട്ടും. സംഗതി വളരെ എളുപ്പം. മാത്രമല്ല മ്യൂസിക്, കോൾ, മെസേജ് എന്നിവയെല്ലാം ഹാൻഡിലിലെ ബട്ടൺ‌വഴി നിയന്ത്രിക്കുകയുമാകാം. മനോഹരമായ ഡിസ്പ്ലേയാണ്. ക്ലാരിറ്റിയും ക്വാളിറ്റിയും മികച്ചത്. ഡിസ്പ്ലേ തീം ക്രമീകരിക്കാം. സർവീസ് റിമൈൻഡർ, അലർട്ട് & നോട്ടിഫിക്കേഷൻ എന്നിവയും ഇതിൽ അറിയാം.  

റൈഡ് മോഡ്

ബംപർ ടു ബംപർ ട്രാഫിക്കിൽ സുഖമാണ് ചേതക്കിലെ റൈഡ്. ഇക്കോ മോഡിൽ പതിയെ നീങ്ങാം. കൈകാര്യം ചെയ്യാൻ എളുപ്പമാണ്. ഇനി വേഗത്തിൽ പോകണമെങ്കിൽ സ്പോർട് മോഡുണ്ട്. ഈ മോഡിൽ ആക്സിലറേറ്ററിലെ ചെറിയ തിരിവിൽപോലും നല്ല കുതിപ്പാണ്.

bajaj-chetak-8

റേഞ്ച് വേഗവും കൂടി

ഒറ്റചാർജിൽ 126 കിലോമീറ്റർ സഞ്ചരിക്കാം പുതിയ ചേതക്കിൽ. 90 കിലോമീറ്ററായിരുന്നു നിലവിൽ ഉണ്ടായിരുന്ന മോഡലിന്റെ റേഞ്ച്.  4 മണിക്കൂർ 30 മിനിറ്റാണ് ബാറ്ററി ഫുൾചാർജാകാൻ വേണ്ട സമയം.  റേഞ്ചിനൊപ്പം വേഗവും കൂടിയിട്ടുണ്ട് പുതിയ ചേതക്കിന്. മണിക്കൂറിൽ 73 കിലോമീറ്ററാണ് കൂടിയ വേഗം.

കംഫർട്ട് റൈഡ്

കാറുകളിലുള്ളതുപോലെ റിവേഴ്സ് ഗിയറും ഹിൽ ഹോൾഡ് അസിസ്റ്റുമൊക്കെ ഇന്നു സ്കൂട്ടറുകളുടെ ടോപ് ഫീച്ചറുകളാണ്. ഈ രണ്ടു ഫീച്ചറുകളും ചേതക്കിലുമുണ്ട്. ഹിൽ ഹോൾഡ് ഉള്ളതുകൊണ്ടു കയറ്റത്തിൽ നിർത്തുമ്പോൾ ടെൻഷനടിക്കണ്ട. ബ്രേക്കിൽ‌നിന്നു കൈ‌വിട്ടാൽ വാഹനം പിന്നിലേക്ക് ഉരുളില്ല. പാർക്കിങ്ങിൽനിന്നു വാഹനം എടുക്കുമ്പോൾ പിന്നിലേക്കു മാറ്റേണ്ടി‌വന്നാൽ ആരുടെയും സഹായം ചോദിക്കണ്ട. ഹാൻഡിലിലെ റിവേഴ്സ് മോഡ് ബട്ടൺ അമർത്തി ആക്സിലറേറ്റർ കൊടുത്താൽ മതി. സംഗതി ഈസിയാണ്.

bajaj-chetak-6

കരുത്തേറിയ മോട്ടർ

റേഞ്ചും വേഗവും കൂട്ടിയപ്പോൾ അതിനു‌തക്ക മോട്ടറും ബജാജ് പുതിയ ചേതക്കിനു നൽകിയിട്ടുണ്ട്. 3.2 കിലോവാട്ട് അവറിന്റെ ഹബ് മൗണ്ടഡ് മോട്ടറാണ്. െഎപി 67 റേറ്റിങ്ങുണ്ട് ബാറ്ററിക്കും മോട്ടറിനും.

രണ്ടു വേരിയന്റുകൾ

അർബൻ, പ്രീമിയം എന്നിങ്ങനെ രണ്ടു വേരിയന്റുകളുണ്ട്. അർബൻ വേരിയന്റിനു 113 കിമീയാണ് റേഞ്ച്. കൂടിയ വേഗം 63 കിമീ. ഇക്കോ റൈഡ് മോഡ്, കോൾ മാനേജ്മെന്റ്, ഒാഫ് ബോർഡ് ചാർജർ, കളർ ടിഎഫ്ടി ഡിസ്പ്ലേ എന്നിവ സ്റ്റാൻഡേർഡ് ഫീച്ചറുകൾ. ഇതിനൊപ്പം 8000 രൂപ നൽകി ടെക്‌പാക് എടുത്താൽ കൂടിയ വേഗം 73 കിമീ കിട്ടും. ഒപ്പം സ്പോർട് മോഡ്, റിവേഴ്സ് മോഡ്, മ്യൂസിക് ചേഞ്ച്, കോൾ മാനേജ്മെന്റ്, ഒാഫ്ബോർഡ് ചാർജർ എന്നിവയും ലഭിക്കും. 

bajaj-chetak-2

ടെസ്റ്റ് റൈഡ് ചെയ്ത മോഡൽ പ്രീമിയം വേരിയന്റിന്റെ ടെക്‌പാക് മോഡലാണ്. പ്രീമിയം വേരിയന്റിന്റെ ബേസ് മോഡലിൽ ഇക്കോ മോഡും റിവേഴ്സ് മോഡും ഒാൺബോർഡ് ചാർജറും മാത്രമേയുള്ളൂ. റേഞ്ചിലും കൂടിയ വേഗത്തിലുമൊന്നും മാറ്റമില്ല. 126 കിമീയാണ് റേഞ്ച്. കൂടിയ വേഗം മണിക്കൂറിൽ 73 കിമീ. സ്പോർട് മോഡും റിവേഴ്സ് മോഡും കോൾ മാനേജ്മെന്റും മ്യൂസിക് ചേഞ്ചും ഹിൽഹോൾഡുമെല്ലാം 9000 രൂപ കൂടുതൽ നൽകി ടെക്‌പാക് എടുത്താലേ കിട്ടൂ.

കിടിലൻ ഡിസൈൻ

ക്യൂട്ട് ഡിസൈനാണ് ചേതക്കിന്റെ ഹൈലൈറ്റ്. സ്കൂട്ടറിന്റെ തനതു രൂപം ചോരാതെ മോഡേൺ ലുക്കും ഫീച്ചറുകളും സമന്വയിപ്പിച്ച രൂപം പ്രായഭേദമെന്യേ ഏവരെയും ആകർഷിക്കുന്നതാണ്. ഫെൻഡറും സൈഡ് പാനലുമടക്കം ഫുള്ളി മെറ്റൽ ബോഡിയാണ്. ‘തൊട്ടാൽ’ ചളുങ്ങുമെന്നു പേടിക്കണ്ട. ക്വാളിറ്റിയുള്ള ഘടകങ്ങൾ. സ്വിച്ചുകളും മറ്റും നോക്കിയാൽ അതു മനസ്സിലാകും. സെൽഫ് ക്യാൻസലിങ് ഇൻഡിക്കേറ്ററുണ്ട്. സ്മാർട് കീയാണ്. പോക്കറ്റിലിട്ടാൽ മതി. വാഹനത്തിന്റെ 1.5 മീറ്റർ ചുറ്റളവിൽ ഇതിനു റേഞ്ച് കിട്ടും. ബൂട്ട് തുറക്കാനും മുന്നിലെ ഗ്ലവ് ബോക്സ് തുറക്കാനുമൊക്കെ സ്വിച്ച് ഞെക്കിയാൽ മതി. സീറ്റിനടിയിലെ ലഗേജ് ഹുക്ക്‌വ‌രെ പ്രീമിയം സെറ്റപ്പിലും ഫിനിഷിലുമാണു നിർമിച്ചിരിക്കുന്നത്. ഒാൺബോർഡ്–ഒാഫ് ബോർഡ് ചാർജറുകളുണ്ട്. പ്രീമിയം മോഡലിൽ ഒാൺബോർഡ് ചാർജറാണ്. 15 ആംപിയർ സോക്കറ്റിൽ കുത്തി ചാർജ് ചെയ്യാം. വാഹനത്തിന്റെ മുന്നിലെ ഗ്ലവ് ബോക്സിൽ ഫിറ്റായി ഇരിക്കത്തക്കവിധത്തിലാണ് പാക്കിങ്.

bajaj-chetak-2

വില

₨1.15 ലക്ഷമാണ് അർബൻ മോഡലിന്റെ എക്സ്ഷോറൂം വില. പ്രീമിയത്തിന് ₨1.35 ലക്ഷവും.

ഫൈനൽ ലാപ്

2019ലാണ് വിഖ്യാതമായ ചേതക് എന്ന പേരിൽ ഇലക്ട്രിക് സ്കൂട്ടർ ബജാജ് രംഗത്തിറക്കുന്നത്. 2023ലെ കണക്കുപ്രകാരം ഒരു ലക്ഷം ചേതക്കുകൾ നിരത്തിലിറങ്ങിയിട്ടുണ്ട്. 162 ചേതക് ഡീലർഷിപ്പുകൾ രാജ്യത്തുടനീളമുണ്ടുതാനും. ആദ്യകാലത്ത് മെട്രോ‌സിറ്റികളിൽ മാത്രമായിരുന്നു ഡീലർഷിപ്പുകൾ ഉണ്ടായിരുന്നത്. ഇപ്പോൾ ചെറിയ നഗരങ്ങളിലേക്കും ബജാജ് ഡീലർഷിപ്പുകൾ തുടങ്ങിയിട്ടുണ്ട്.  കുറഞ്ഞ വില, നിർമാണ മികവ് എന്നിവയായിരുന്നു ചേതക്കിന്റെ ഹൈലൈറ്റുകൾ. റേഞ്ചും ഫീച്ചേഴ്സിന്റെ കുറവും പോരായ്മകളായിരുന്നു. അക്കാര്യത്തിന് ഇപ്പോൾ തീരുമാനമായി. ഒപ്പം ഡീലർഷിപ്പ് വർധിപ്പിച്ചതും നേട്ടമാകും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com