സൂപ്പർ താരമാകാൻ സിബി 300 ആർ, വില 2.41 ലക്ഷം രൂപ
Mail This Article
ജാപ്പനീസ് ഇരുചക്രവാഹന നിർമാതാക്കളായ ഹോണ്ടയുടെ പുതിയ സിബി 300 ആർ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തി. ഇറക്കുമതി വഴി വിൽപ്പനയ്ക്കെത്തുന്ന ഈ സ്പോർട്സ് നേക്കഡ് ബൈക്കിന് 2.41 ലക്ഷം രൂപയാണു ഷോറൂം വില. പ്രീമിയം ബൈക്ക് വിൽപ്പനയ്ക്കായി ഹോണ്ട തുറന്ന 22 വിങ് വേൾഡ് ഔട്ട്ലെറ്റുകളിലൂടെയാണ് സി ബി 300 ആർ വിപണിയിലെത്തുക.
രാജ്യാന്തര തലത്തിൽ ഹോണ്ട വിൽക്കുന്ന നിയോ സ്പോർട്സ് കഫെ സ്റ്റൈൽ മോഡലുകളിലെ വില കുറഞ്ഞ ഭാഗത്താണ് സി ബി 300 ആർ ഇടംപിടിക്കുന്നത്. ഇന്ത്യയിൽ പഴമയുടെ സ്പർശമുള്ള റിട്രോ സ്റ്റൈലിങ്ങിൽ സി ബി 1000 ആർ പ്ലസും സി ബി 300 ആറും മാത്രമാണു ഹോണ്ട ലഭ്യമാക്കുന്നത്. എൽ ഇ ഡി ഹെഡ്‌ലൈറ്റ്, ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്ലസ്റ്റർ, ഇരട്ട ചാനൽ എ ബി എസ്, മുൻ — പിൻ ബ്രേക്ക് ഇന്റർവെൻഷൻ മെച്ചപ്പെടുത്താൻ ഇനേർഷ്യൽ മെഷർമെന്റ് യൂണിറ്റ്(ഐ എം യു) തുടങ്ങിയവയൊക്കെയായാണ് ബൈക്കിന്റെ വരവ്.
ബൈക്കിനു കരുത്തേകുന്നത് 286 സി സി, ലിക്വിഡ് കൂൾഡ്, നാലു വാൽവ്, സിംഗിൾ സിലിണ്ടർ, ഡി ഒ എച്ച് സി എൻജിനാണ്; 8,000 ആർ പി എമ്മിൽ 30.4 ബി എച്ച് പിയോളം കരുത്തും 6,500 ആർ പി എമ്മിൽ 27.4 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. ആറു സ്പീഡ് ഗീയർബോക്സാണു ട്രാൻസ്മിഷൻ. മുന്നിൽ അപ്സൈഡ് ഡൗൺ ഫോർക്കും പിന്നിൽ പ്രീലോഡ് അഡ്ജസ്റ്റ്ബ്ൾ മോണോ ഷോക്കുമാണു സസ്പെൻഷൻ. നാലു പിസ്റ്റൻ കാലിപ്പറാണു സി ബി 300 ആറിലെ മുൻ ബ്രേക്ക്; പിന്നിൽ സിംഗിൾ പിസ്റ്റൻ യൂണിറ്റും.