മോട്ടോ ജിപി സൗന്ദര്യത്തിൽ ജിക്സർ എസ്എഫ്
Mail This Article
സുസുക്കിയുടെ ജിക്സർ എസ്എഫ് മോട്ടോ ജിപി എഡീഷൻ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തി. 1.11 ലക്ഷം രൂപയാണു ബൈക്കിനു ഡൽഹി ഷോറൂം വില. പേരു സൂചിപ്പിക്കും പോലെ സുസുക്കിയുടെ റേസിങ് ബ്ലൂ നിറക്കൂട്ടിലാണ് ഈ ജിക്സർ എസ്എഫിന്റെ വരവ്. മോട്ടോ ജി പിയിൽ സുസുക്കിക്കായി മത്സരിക്കുന്ന ജി എസ്എക്സ് – ആർ ആറിൽ നിന്നാണു ജിക്സർ എസ്എഫ് മോട്ടോ ജിപി എഡീഷന്റെ പ്രചോദനം. റേസ് ട്രാക്കിനെ പുളകം കൊള്ളിക്കുന്ന നിറത്തിനായി സാധാരണ ജിക്സർ എസ്എഫിനെ അപേക്ഷിച്ച് 800 രൂപയാണു സുസുക്കി ഈ പ്രത്യേക പതിപ്പിന് അധിക വില ഈടാക്കുന്നത്.
മുൻതലമുറ മോഡലുകളുടെ മോട്ടോ ജി പി എഡീഷനുകളെ പോലെ ഇക്കുറിയും തിളക്കമാർന്ന നീല നിറത്തിനൊപ്പം എക്സ്റ്റാർ ഡികാൽ, ഫ്ളൂറസന്റ് റിം ടേപ് എന്നിവ സുസുക്കി ഈ പ്രത്യേക പതിപ്പിലും ലഭ്യമാക്കുന്നുണ്ട്. ഇതിനപ്പുറം രൂപകൽപ്പനയിലോ സാങ്കേതിക വിഭാഗത്തിലോ സാധാരണ ‘ജിക്സർ എസ് എഫും’ ‘ജിക്സർ എസ് എഫ് മോട്ടോ ജി പി എഡീഷ’നുമായി മാറ്റമൊന്നുമില്ല.
കാഴ്ചയിൽ കാര്യമായ പരിഷ്കാരങ്ങളുമായി ‘ജിക്സർ എസ് എഫി’ന്റെ ‘2019 പതിപ്പ്’ സുസുക്കി പുറത്തിറക്കിയിട്ട് അധികകാലമായിട്ടില്ല. പുത്തൻ ഫെയറിങ്ങിനൊപ്പം എൽ ഇ ഡി ഹെഡ്ലാംപും ബൈക്കിൽ സുസുക്കി ലഭ്യമാക്കുന്നുണ്ട്. വിഭജിച്ച സീറ്റ്, ചാർജിങ് സോക്കറ്റ്, സ്മോക്ക്ഡ് വൈസർ, ഇന്ധന ടാങ്കിലെ പുത്തൻ ഗ്രാഫിക്സ്, ക്ലിപ്് ഓൺ ഹാൻഡ്ൽ ബാർ തുടങ്ങിയവയാണു ബൈക്കിലെ പരിഷ്കാരങ്ങൾ. ബൈക്കിനു കരുത്തേകുന്നത് നേരത്തെയുള്ള 154.9 സി സി, സിംഗിൾ സിലിണ്ടർ എയർകൂൾഡ് എൻജിൻ തന്നെ. 8,000 ആർ പി എമ്മിൽ 14.1 പി എസോളം കരുത്തും 6,000 ആർ പി എമ്മിൽ 14 എൻ എം വരെ ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. ഗ്ലാസ് സ്പാർക്ക്ൾ ബ്ലാക്ക്, മെറ്റാലിക് സോണിക് സിൽവർ നിറങ്ങളിലാണു ബൈക്ക് വിപണിയിലുള്ളത്.