ADVERTISEMENT

ബുള്ളറ്റിന്റെ ആറു പുതു വകഭേദങ്ങൾ റോയൽ എൻഫീൽഡ് പുറത്തിറക്കി. ബുള്ളറ്റ് 350, ബുള്ളറ്റ് 350 ഇഎസ് എന്നിവയിലായി അവതരിപ്പിച്ച പുത്തൻ വകഭേദങ്ങൾക്ക് 1.12 ലക്ഷം രൂപയാണു ഷോറൂം വില. പുതിയ ബൈക്കുകൾക്കുള്ള ബുക്കിങ് ആരംഭിച്ചതായും കമ്പനി അറിയിച്ചു. പുതിയ ഗ്ലോസ് നിറക്കൂട്ടുകളും പരിഷ്കരിച്ച ഗ്രാഫിക്സും സമകാലികമായ ബ്ലാക്ക് ഔട്ട് ഡിസൈൻ തീമുമാണു ബുള്ളറ്റിന്റെ പുതു വകഭേദങ്ങളിലെ പ്രധാന മാറ്റം.   നിലവിലുള്ള കറുപ്പ് നിറത്തിനു പുറമെ ബുള്ളറ്റ് സിൽവർ, സഫയർ ബ്ലൂ, ഒനിക്സ് ബ്ലാക്ക് വർണങ്ങളിൽ കൂടി ബുള്ളറ്റ് 350 വിൽപ്പനയ്ക്കെത്തും. ബുള്ളറ്റ് 350 ഇഎസ് ആവട്ടെ ജെറ്റ് ബ്ലാക്ക്, റീഗൽ റെഡ്, റോയൽ ബ്ലൂ നിറങ്ങളിലും ഇനി വിപണിയിലുണ്ടാവും. നിലവിൽ മറൂൺ, സിൽവർ നിറങ്ങളിലാണു ബൈക്ക് വിൽപ്പനയ്ക്കുള്ളത്. 

ബുള്ളറ്റിന്റെ പുതു വകഭേദം അവതരിപ്പിച്ചതിനു പുറമെ രാജ്യത്ത് 250 റീട്ടെയ്ൽ സ്റ്റുഡിയോ സ്റ്റോറുകളും റോയൽ എൻഫീൽഡ് തുറന്നു. കരസേനയിൽ നിന്നു വിരമിച്ച ഉദ്യോഗസ്ഥരായിരുന്നു പുതുതായി ആരംഭിച്ച ടച് പോയിന്റുകളുടെയെല്ലാം ഉദ്ഘാടകർ. കൂടാതെ അടുത്ത മൂന്നു മാസത്തിനിടെ 250 സ്റ്റുഡിയോ സ്റ്റോറുകൾ കൂടി തുറക്കാനും റോയൽ എൻഫീൽഡിനു പദ്ധതിയുണ്ട്. രാജ്യത്ത് മൊത്തം 930 ഡീലർ ടച് പോയിന്റുകളാണ് ഇപ്പോൾ റോയൽ എൻഫീൽഡിനുള്ളത്. കൂടാത തൊള്ളായിരത്തിലേറെ അംഗീകൃത വർക് ഷോപ്പുകളിലായി 8,800 സർവീസ് ബേകളും കമ്പനി സജ്ജീകരിച്ചിട്ടുണ്ട്. വരും നാളുകളിൽ രാജ്യത്തെ രണ്ടാം നിര, മൂന്നാം നിര നഗരങ്ങളിലും പട്ടണങ്ങളിലും സാന്നിധ്യം ശക്മാക്കാനാണു കമ്പനി ലക്ഷ്യമിട്ടിരിക്കുന്നത്. 

കാഴ്ചയിലെ പുതുമയ്ക്കപ്പുറം ബുള്ളറ്റിന്റെ സാങ്കേതിക വിഭാഗത്തിൽ മാറ്റമൊന്നും റോയൽ എൻഫീൽഡ് വരുത്തിയിട്ടില്ല. ബൈക്കിലെ 346 സി സി, എയർ കൂൾഡ്, ഫോർ സ്ട്രോക്ക് എൻജിന് 5,250 ആർ പി എമ്മിൽ 20 പി എസ് വരെ കരുത്തും 4,000 ആർ പി എമ്മിൽ 28 എൻ എം ടോർക്കും സൃഷ്ടിക്കാനാവും. നിലവിലുള്ള അഞ്ചു സ്പീഡ് ഗീയർബോക്സിനും മാറ്റമൊന്നുമില്ല. അതേസമയം പുതിയ സുരക്ഷാ മാനദണ്ഡം പാലിച്ച് സിംഗിൾ ചാനൽ ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനം ലഭ്യമാക്കിയിട്ടുണ്ട്. മുന്നിൽ ടെലിസ്കോപിക് ഫോർക്കും പിന്നിൽ ഇരട്ട ഷോക് അബ്സോബറുമാണു സസ്പെൻഷൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com