പൾസർ 125 നിയോണുമായി ബജാജ്; വില 64,000 രൂപ മുതൽ
Mail This Article
പുണെ ആസ്ഥാനമായ ഇരുചക്രവാഹന നിർമാതാക്കളായ ബജാജ് ഓട്ടോ ലിമിറ്റഡ് പൾസറിന്റെ പുതിയ പതിപ്പ് പുറത്തിറക്കി. 125 സി സി എൻജിനുള്ള പൾസർ 125 നിയോൺ രണ്ടു വകഭേദങ്ങളിലാണു വിൽപ്പനയ്ക്കുണ്ടാവുക. മുന്നിൽ ഡിസ്ക് ബ്രേക്കുള്ള വകഭേദത്തിന് 66,618 രൂപയും ഡ്രം ബ്രേക്കുള്ള അടിസ്ഥാന വകഭേദത്തിന് 64,000 രൂപയുമാണു ഡൽഹി ഷോറൂമിലെ വില. രൂപകൽപ്പനയിലടക്കം ശേഷിയേറിയ എൻജിനുള്ള ‘പൾസർ 150 നിയോൺ’ ആണു പൾസർ 125 നിയോണിനു മാതൃക.
ബൈക്കിനു കരുത്തേകുന്നത് 124.38 സി സി, സിംഗിൾ സിലിണ്ടർ, ഇരട്ട വാൽവ്, എയർ കൂൾഡ്, ഡി ടി എസ് ഐ എൻജിനാണ്. 8,500 ആർ പി എമ്മിൽ 12 ബി എച്ച് പിയോളം കരുത്തും 6,500 ആർ പി എമ്മിൽ 11 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. അതേസമയം വിദേശ വിപണികളിൽ വിൽപ്പനയ്ക്കെത്തുന്ന ‘എൻ എസ് 125’ ബൈക്കിൽ നാലു വാൽവുള്ള 124.45 സി സി എൻജിനാണ് ബജാജ് ഘടിപ്പിക്കുന്നത്; പക്ഷേ ആ എൻജിന്റെ പ്രകടനം ഈ 124.38 സി സി എൻജിനോടു സമമവുമാണ്.
കാഴ്ചയിൽ സ്പോർട്ടി പ്രതീതിക്കായി ക്ലിപ് ഓൺ ഹാൻഡ്ൽ ബാറോടെ എത്തുന്ന ബൈക്കിൽ പ്രൈമറി കിക്ക് സഹിതമുള്ള അഞ്ചു സ്പീഡ് ഗീയർ ബോക്സാണു ട്രാൻസ്മിഷൻ; ഇതോടെ ക്ലച് അമർത്തിയാൽ ഏതു ഗീയറിൽ നിന്നും ബൈക്ക് സ്റ്റാർട്ടാക്കാനാവുമെന്ന നേട്ടമുണ്ട്.
ബൈക്കിന്റെ നിറത്തോടു ചേർന്നു പോകുന്ന പൾസർ ലോഗോയും ഗ്രാബ് റയിലും പിൻ കൗളിൽ ത്രിമാന ലോഗോ, കറുത്ത് അലോയിൽ നിയോൺ സ്പർശം തുടങ്ങിയവയും പൾസർ 125 നിയോണിന്റെ സവിശേഷതകളാണ്. മുന്നിൽ ടെലിസ്കോപിക് ഫോർക്കും പിന്നിൽ ഇരട്ട ഷോക് അബ്സോബറും സസ്പെൻഷനാവുന്ന പൾസർ 125 നിയോണിൽ പൾസർ 150 നിയോണിലെ പോലെ 17 ഇഞ്ച് വീലാണു ബജാജ് ലഭ്യമാക്കുന്നത്. അതേസമയം, സുരക്ഷാ മാനദണ്ഡങ്ങളിലെ ഇളവ് പ്രയോജനപ്പെടുത്തി ഈ 125 സി സി ബൈക്കിൽ ആന്റി ലോക്ക് ബ്രേക്ക് സംവിധാനത്തിനു പകരം കോംബി ബ്രേക്ക് സംവിധാന(സി ബി എസ്)മാണു ബജാജ് നടപ്പാക്കിയത്.150 സി സി പൾസറിനു 144 കിലോഗ്രാം ഭാരമുള്ളപ്പോൾ 125 സി സി വകഭേദത്തിന്റെ ഭാരം 139.50 കിലോഗ്രാമാണ്.
മൂന്നു നിറങ്ങളിലാണു പൾസർ 125 നിയോൺ വിപണിയിലുള്ളത്: നിയോൺ ബ്ലൂ, സോളാർ റെഡ്, പ്ലാറ്റിനം സിൽവർ. സിംഗിൾ സീറ്റോടെ എത്തുന്ന ബൈക്കിൽ 150 നിയോണിനെ പോലെ ഇന്ധന ടാങ്ക് എക്സ്റ്റൻഷനും ബെല്ലി പാനുമൊക്കെ ബജാജ് ഒഴിവാക്കിയിട്ടുണ്ട്.