കരുത്തു തെളിയിക്കാൻ പുതിയ ഗ്രാൻഡ് ഐ10 നിയോസ്, വില 4.99 ലക്ഷം മുതൽ
Mail This Article
ഹ്യുണ്ടേയ്‌യുടെ ചെറു കാർ ഗ്രാൻഡ് ഐ10 ന്റെ പുതിയ മോഡൽ നിയോസ് വിപണിയിൽ. പെട്രോൾ, ഡീസൽ എൻജിനുകളിലായി പത്തു വകഭേദങ്ങളിൽ ലഭിക്കുന്ന കാറിന് 4.99 ലക്ഷം മുതൽ 7.99 ലക്ഷം രൂപ വരെയാണ് വില. പുറത്തിറക്കലിന് മുന്നോടിയായി വാഹനത്തിന്റെ ബുക്കിങ് ഹ്യുണ്ടേയ് ആരംഭിച്ചിരുന്നു. 11000 രൂപയ്ക്ക് പുതിയ വാഹനം വെബ് സൈറ്റിലൂടെയോ ഡീലർഷിപ്പ് വഴിയോ ബുക്കുചെയ്യാം.
'ദ അത്ലറ്റിക്ക് മിലേനിയൽ' എന്ന ടാഗ് ലൈനോടെ പുറത്തിറക്കുന്ന വാഹനത്തിന് സ്റ്റൈലൻ ലുക്കാണ് നൽകിയിരിക്കുന്നത്. വലിയ ഗ്രിൽ, പ്രൊജക്ടർ ഹെഡ്‌ലാംപ്, വലിയ ടച്ച് സ്ക്രീൻ ഇൻഫോടൈൻമെന്റ് സിസ്റ്റം തുടങ്ങിയ മാറ്റങ്ങളുണ്ട്. നിലവിലുള്ള മോഡലിലെ സൗകര്യങ്ങളും സംവിധാനങ്ങളും നിലനിർത്തുന്നതിനൊപ്പം ഇന്റീരിയറിന്റെയും എക്സ്റ്റിരിയറിന്റെയും രൂപകൽപ്പനയിലെ പുതുമകളുമായാണ് പുതിയ ഗ്രാൻഡ് ഐ10 നിയോസ് എത്തുന്നത്.
ഭാഗികമായി ഡിജിറ്റലും അനലോഗുമായ ഇൻസ്ട്രമെന്റ് ക്ലസ്റ്ററിനൊപ്പം പുത്തൻ ഡാഷ് ബോഡ് ലേ ഔട്ട് ഗ്രാൻഡ് ഐ10ന് കൂടുതല്ഡ ഭംഗി പകരുന്നു. ആൻഡ്രോയ്ഡ് ഓട്ടോ–ആപ്ൾ കാർ പ്ലേ കംപാറ്റിബിലിറ്റിയുള്ള 8 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സിസ്റ്റമാണ്. സെഗ്മെന്റില്‍ ആദ്യമായി വയർലെസ് ഫോൺ ചാർജിങ്ങും നിയോസിലുണ്ട്.
1.2 ലീറ്റർ, പെട്രോൾ എൻജിനും 1.2 ലീറ്റർ ഡീസൽ എൻജിനുമാണ് പുതിയ ഗ്രാൻഡ് ഐ 10ൽ. പെട്രോൾ എൻജിന് 83 പിഎസ് കരുത്തും 11.6 കെജിഎം ടോർക്കുമുണ്ട്. ഡീസൽ എൻജിന് 75 പിഎസ് കരുത്തും 19.4 എൻഎം ടോർക്കുമുണ്ട്. ഇരു എൻജിനുകളിലും 5 സ്പീഡ് മാനുവൽ ഗിയർബോക്സും എഎംടി ഗിയർബോക്സുമുണ്ട്. പെട്രോൾ മോഡലിന് ലീറ്ററിന് 20.7 മൈലേജും ഡീസൽ മോഡലിന് ലീറ്ററിന് 26.2 മൈലേജുമാണ് ഹ്യുണ്ടേയ് വാഗ്ദാനം ചെയ്യുന്നത്.