ട്രൈബർ എഎംടി, ഏഴു സീറ്റിലെ ഓട്ടമാറ്റിക് വിപ്ലവം: വില 6.18 ലക്ഷം മുതൽ
Mail This Article
റെനൊയുടെ ചെറു എംപിവി ട്രൈബറിന്റെ ഓട്ടമാറ്റിക് പതിപ്പ് വിപണിയിൽ. ആർഎക്സ്എൽ (6.18 ലക്ഷം), ആർഎക്സ്ടി (6.68 ലക്ഷം), ആർഎക്സ്ഇസഡ് (7.22 ലക്ഷം) എന്നീ വകഭേദങ്ങളിലാണ് പുതിയ ട്രൈബർ ഓട്ടമാറ്റിക്ക് വിപണിയിലെത്തിയത്. അഞ്ചു സ്പീഡ് എഎംടി ഗിയർബോക്സ് വന്നതൊഴിച്ചാൽ വാഹനത്തിൽ കാര്യമായ മാറ്റങ്ങളൊന്നും തന്നെയില്ല.
വില പ്രഖ്യാപിച്ചതോടെ ട്രൈബർ ഈസി ആർ എഎംടിയുടെ ബുക്കിങ്ങും ആരംഭിച്ചു എന്നാണ് കമ്പനി അറിയിക്കുന്നത്. ബിഎസ് 6 നിലവാരത്തിലുള്ള 1 ലീറ്റർ എൻജിനാണ് വാഹനത്തിന് കരുത്തേകുന്നത്. കഴിഞ്ഞ വർഷം ജൂണിലാണ് റെനൊ ട്രൈബർ വിപണിയിലെത്തിക്കുന്നത്. ഏഴു സീറ്റുള്ള ചെറു വാഹനം പെട്ടെന്നു തന്നെ സൂപ്പർഹിറ്റായി മാറി. വ്യത്യസ്ത സീറ്റ് കോൺഫിഗറേഷനിൽ എത്തുന്ന ട്രൈബർ ഈസിഫിക്സ് സീറ്റുകളുമായി ആദ്യമായി എത്തുന്ന വാഹനം കൂടിയാണ്.
ക്വിഡിനെപ്പോലെ തന്നെ ട്രൈബറിനും സെഗ്‌മെന്റിലെ ഏറ്റവും മികച്ച ലുക്ക് നൽകാനാണ് റെനൊ ശ്രമിച്ചിരിക്കുന്നത്. വലിയ ബോണറ്റ്. എൽഇഡി ഡേടൈം റണ്ണിങ് ലൈറ്റുകൾ, വലിയ ഗ്രിൽ, ഭംഗിയുള്ള പിൻഭാഗം എന്നിവയുണ്ട്. ഡ്യുവൽ ടോൺ ഇന്റീരിയർ, ടച്ച്സ്ക്രീൻ ഇൻഫോടൈൻമെന്റ് സിസ്റ്റം റിയർ പാർക്കിങ് സെൻസറുകൾ, റിവേഴ്സ് ക്യാമറ എന്നിവയും പ്രധാന ആകർഷണങ്ങളാണ്. സുരക്ഷയ്ക്കായി ഡ്യുവൽ എയർബാഗ് കൂടാതെ സൈഡ് എയർബാഗുകളും സ്പീഡ് വാണിങ് സിസ്റ്റവുമുണ്ട്.
English Summary: Renault Triber AMT Launched In India