ADVERTISEMENT

ക്രോസോവറായ ഡബ്ല്യു ആർ-വിയുടെ പരിഷ്കരിച്ച പതിപ്പ് ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 8.50 ലക്ഷം രൂപ മുതലാണു പരിഷ്കരിച്ച ഡബ്ല്യു ആർ - വിയുടെ ഷോറൂം വില. ഡീസൽ എൻജിനുള്ള, ഉയർന്ന വകഭേദത്തിന് 11 ലക്ഷം രൂപയാണു ഷോറൂം വില.  പെട്രോൾ എൻജിനുള്ള ഉയർന്ന വകഭേദത്തിന് 9.70 ലക്ഷം രൂപയും ഡീസൽ അടിസ്ഥാന പതിപ്പിന് 9.80 ലക്ഷം രൂപയുമാണു ഷോറൂം വില.

മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് ആറ്(ബി എസ് ആറ്) നിലവാരം പാലിക്കുന്ന രണ്ട് എൻജിൻ സാധ്യതകളോടെയാണ് പരിഷ്കരിച്ച ഡബ്ല്യു ആർ – വിയുടെ വരവ്. കാറിലെ 1.2 ലീറ്റർ, ഐ വി ടെക് പെട്രോൾ എൻജിൻ 90 പി എസ് വരെ കരുത്തും 110 എൻ എം ടോർക്കുമാണു സൃഷ്ടിക്കുക. അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സാണ് ഈ എൻജിനു കൂട്ട്.  പുതിയ സിറ്റിക്കു കരുത്തേകുന്ന 1.5 ലീറ്റർ, ഐ ഡി ടെക് ഡീസൽ എൻജിനോടെയും ഡബ്ല്യു ആർ–വി ലഭ്യമാണ്. 100 പി എസ് വരെ കരുത്തും 200 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. പെട്രോൾ എൻജിന് ലീറ്ററിന് 16.7 കിലോമീറ്ററും ഡീസൽ എൻജിന് 23.7 കിലോമീറ്ററുമാണ് ഓട്ടമോട്ടീവ് റിസർച് അസോസിയേഷൻ ഓഫ് ഇന്ത്യ(എ ആർ എ ഐ) സാക്ഷ്യപ്പെടുത്തിയ ഇന്ധനക്ഷമത. 

പുതിയ ഗ്രില്ലും ഹെഡ്‌ലാംപ് ക്രമീകരണവുമാണു പരിഷ്കരിച്ച ഡബ്ല്യു ആർ – വിയുടെ ബാഹ്യഭാഗത്തെ പ്രധാന മാറ്റം. മുകളിൽ കട്ടിയുള്ള ക്രോം സ്ലാറ്റ് സഹിതമുള്ള ത്രിമാന, ഹോറിസോണ്ടലി സ്ലാറ്റഡ് ഗ്രില്ലാണു കാറിൽ; ക്രോമിന്റെ പാർശ്വത്തിലാണ് എൽ ഇ ഡി ഹെഡ്‌ലാംപുകളുടെ സ്ഥാനം. ആകൃതിയിൽ കാര്യമായ മാറ്റമില്ലെങ്കിലും ഡേ ടൈം റണ്ണിങ് ലാംപ് കൂടി ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഡിഫ്യൂസ് ചെയ്ത, ‘സി’ ആകൃതിയുള്ള ലൈറ്റ് ഗൈഡ് സഹിതം ടെയിൽ ലാംപും പരിഷ്കരിച്ചു.

ക്ലൈമറ്റ് കൺട്രോളിന് ടച് പാനൽ, സൺ റൂഫ്, നാവിഗേഷനായി ഏഴ് ഇഞ്ച് ഇൻഫൊടെയ്ൻമെന്റ് സംവിധാനം, കീ രഹിത എൻട്രിയും സ്റ്റാർട്ടും, ടിൽറ്റ് — ടെലിസ്കോപിക് സ്റ്റീയറിങ്, ക്രൂസ് കൺട്രോൾ തുടങ്ങിയവയാണ് അകത്തളത്തിലെ പരിഷ്കാരം. രണ്ട് എയർബാഗും റിയർവ്യൂ കാമറയും സ്റ്റാൻഡേഡ് വ്യവസ്ഥയിൽ ലഭ്യമാണ്. പെട്രോൾ, ഡീസൽ എൻജിനുകൾ സഹിതം ‘എസ് എക്സ്’, ‘വി എക്സ്’ വകഭേദങ്ങളിലാണു ‘ഡബ്ല്യു ആർ — വി’ വിൽപ്പനയ്ക്കുള്ളത്. ഇന്ത്യയിൽ ടാറ്റ ‘നെക്സൻ’, മഹീന്ദ്ര ‘എക്സ് യു വി 300’, ഫോഡ് ‘ഇകോസ്പോർട്’, മാരുതി സുസുക്കി ‘വിറ്റാര ബ്രേസ’, ‘ഹ്യുണ്ടേയ് ‘വെന്യു’ തുടങ്ങിയവയോടാണ് ‘ഡബ്ല്യു ആർ – വി’യുടെ പോരാട്ടം.

English Summary: Honda WR-V Facelift Launched In India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com