ലെവൽ 1 ഓട്ടണമസ് സാങ്കേതിക വിദ്യയുമായി എംജി ഗ്ലോസ്റ്റർ, വില 28.98 ലക്ഷം മുതൽ
Mail This Article
എംജി മോട്ടർ ഇന്ത്യയുടെ പ്രീമിയം എസ്‌യുവി ഗ്ലോസ്റ്റർ വിപണിയിൽ. നാലു വകഭേദങ്ങളിലായി ആറ്, ഏഴ് സീറ്റ് കോൺഫിഗറേഷനിൽ ലഭിക്കുന്ന കാറിന് 28.98 ലക്ഷം രൂപ മുതലാണ് എക്സ്ഷോറൂം വില. അടിസ്ഥാന വകഭേദമായ സൂപ്പർ (7 സീറ്റിന്) 28.98 ലക്ഷം രൂപയും സ്മാർട്ട് (6 സീറ്റിന്) 30.98 ലക്ഷം രൂപയും ഷാർക്ക് (7 സീറ്റിന്) 33.68 ലക്ഷം രൂപയും ഷാർപ്പ് (6 സീറ്റിന്) 33.98 ലക്ഷം രൂപയും സേവി (6 സീറ്റിന്) 35.38 ലക്ഷം രൂപയുമാണ് വില.
സൂപ്പർ, സ്മാർട് എന്നീ വേരിയന്റുകൾ 163 പിഎസ് കരുത്തോടെ 2–ലീറ്റർ ടർബോ ഡീസൽ എൻജിനോടെയും ഷാർപ്, സേവി എന്നീ പതിപ്പുകൾ 218 പിഎസ് കരുത്തുള്ള 2–ലീറ്റർ ട്വിൻ ടർബോ ഡീസൽ എൻജിനോടെയുമാണു ലഭിക്കുക. ടർബോ മോഡൽ 2–വീൽ ഡ്രൈവും ട്വിൻ ടർബോ 4–വീൽ ഡ്രൈവുമാണ്.
സെഗ്‌മെന്റിൽ ആദ്യമായി ലെവൽ 1 ഓട്ടണമസ് സാങ്കേതിക വിദ്യയുമായാണ് എംജി ഗ്ലോസ്റ്റർ വിപണിയിലെത്തുക. പുറത്തിറക്കുന്നതിന്റെ മുന്നോടിയായി ഗ്ലോസ്റ്റിന്റെ ബുക്കിങ്ങും കമ്പനി ആരംഭിച്ചിട്ടുണ്ട്. 1 ലക്ഷം രൂപ നൽകി ഗ്ലോസ്റ്ററിന്റെ ബുക്കിങ് സ്വീകരിച്ചു തുടങ്ങിയിരുന്നു. ഫ്രണ്ട് കൊളിഷൻ ഡിറ്റക്ഷൻ സിസ്റ്റം, അഡാപ്റ്റീവ് ക്രൂസ് കൺട്രോൾ സിസ്റ്റം, ഓട്ടോ പാർക്കിങ് തുടങ്ങി ലക്ഷ്വറി സെഗ്‌മെന്റുകളിൽ മാത്രം കാണുന്ന നിരവധി ഫീച്ചറുകൾ ഗ്ലോസ്റ്ററിലുണ്ട്.
ഈ വർഷം ഫെബ്രുവരിയിൽ നടന്ന ന്യൂഡൽഹി ഓട്ടോഷോയിലാണ് ഗ്ലോസ്റ്ററിനെ എംജി ആദ്യമായി പ്രദർശിപ്പിച്ചത്. 5 മീറ്ററിനു മുകളിൽ നീളമുള്ള വാഹനം ചൈനയിൽ നിലവിലുള്ള മാക്സസ് ഡി90 എന്ന എസ്‌യുവിയുടെ ഇന്ത്യൻ പതിപ്പാണ്. ടൊയോട്ടാ ലാൻഡ് ക്രൂയിസറിനെക്കാൾ നീളമുണ്ട് ഇൗ വാഹനത്തിന്. മാക്സസ് ഡി90–യുമായി താരതമ്യപ്പെടുത്തുമ്പോൾ ഗ്രിൽ, വീലുകൾ, ക്രോം ഹൈലൈറ്റുകൾ എന്നിവയുടെ രൂപത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്.
മൂന്നു നിര സീറ്റുകളുള്ള വാഹനത്തിന്റെ അകത്തളവും മികച്ചതാണ്. ത്രീ സോൺ എസി, വെന്റിലേറ്റഡ് സീറ്റുകൾ, എട്ട് ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് സ്ക്രീൻ, 12.3 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം തുടങ്ങിയ ഫീച്ചറുകളും ബ്ലൈൻഡ് സ്പോട്ട് മോനിറ്റർ, ട്രാക്ഷൻ കൺട്രോൾ, മൂന്നു റോ സീറ്റുകൾക്കുമുള്ള കർട്ടൻ എയർബാഗുകൾ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളും പുതിയ വാഹനത്തിലുണ്ട്.
English Summary: MG Gloster Launched In India