ജയിംസ് ബോണ്ടിന് മാത്രമല്ല, നമുക്കും സ്വന്തമാക്കാം ലാൻഡ് റോവർ ഡിഫൻഡർ, വില 73.98 ലക്ഷം മുതൽ
Mail This Article
ലാൻഡ് റോവറിന്റെ ഐതിഹാസിക മോഡൽ ഡിഫൻഡറിന്റെ പുതിയ പതിപ്പ് വിപണിയിൽ. മൂന്നു ഡോർ (ഡിഫൻഡർ 90), അഞ്ച് ഡോർ (ഡിഫൻഡർ 110) വകഭേദങ്ങളിലായി വിപണിയിലെത്തുന്ന വാഹനത്തിന് 73.98 ലക്ഷം രൂപയും 79.94 ലക്ഷം രൂപയുമാണ് വില. തുടക്കത്തിൽ 110 മോഡലും അടുത്ത വർഷം ആദ്യ 90 മോഡലും ഇന്ത്യയിൽ വിൽപനയ്ക്കെത്തും.
നീണ്ട 67 വർഷത്തെ സേവനം അവസാനിപ്പിച്ച് 2016ൽ വിടവാങ്ങിയ ഡിഫൻഡറിന്റെ പുതിയ പതിപ്പ് കഴിഞ്ഞ വർഷമാണ് രാജ്യാന്തര വിപണിയിൽ എത്തിയത്. 2016ൽ വിൽപന അവസാനിപ്പിച്ച ഐതിഹാസിക ഡിഫൻഡറിന്റെ സവിശേഷതകൾ നഷ്ടപ്പെടാതെയും ആധുനിക സൗകര്യങ്ങൾ കൂട്ടിയിണക്കിയുമാണ് പുതിയ ഡിഫൻഡർ എത്തുന്നത്. പ്രീമിയം 4x4 വാഹനം ആദ്യമെത്തുന്നത് 5 ഡോർ പതിപ്പിലാണ് – ഡിഫൻഡർ 110. ഒതുക്കമുള്ളതും ചെറിയ വീൽബേസോടു കൂടിയതുമായ 3 ഡോർ പതിപ്പാണ് ഡിഫൻഡർ 90.
ലാൻഡ് റോവറിന്റെ ഐതിഹാസിക മോഡലുകളിലൊന്നായിരുന്നു ഡിഫൻഡർ. ഒർജിനൽ ലാൻഡ് റോവർ സീരിസിൽ നിന്ന് വികസിപ്പിച്ച ഡിഫൻഡർ 1983 ലാണ് പുറത്തിറങ്ങുന്നത്. കുറഞ്ഞ ഫ്രണ്ട്, റിയർ ഓവർഹാങ് ആണു പുതിയ ഡിഫൻഡറിനും. ഇവ മികച്ച അപ്രോച്ച്, ഡിപ്പാർച്ചർ ആംഗിളുകൾ ലഭ്യമാക്കുകയും ഓഫ്റോഡിങ് സാഹചര്യങ്ങൾക്ക് തികച്ചും അനുയോജ്യമാക്കുകയും ചെയ്യുന്നു.
291 മില്ലിമീറ്റർ ഗ്രൗണ്ട് ക്ലിയറൻസുണ്ട്. 900 മില്ലിമീറ്റർ വരെ വെള്ളത്തിലൂടെ പോകാനുമാകും. രണ്ടു ലീറ്റർ പെട്രോൾ എൻജിനാണ് വാഹനത്തിന് കരുത്തേകുക. 296 ബിഎച്ച്പി കരുത്തും 400 എൻഎം ടോർക്കും നൽകും ഈ എൻജിൻ. എട്ടു സ്പീഡ് ഓട്ടമാറ്റിക് ഗിയർബോക്സ്.
നേരത്തെ പുതിയ ജയിംസ് ബോണ്ട് ചിത്രമായി നോ ടൈം ടു ഡൈയിൽ ഡിഫൻഡറുടെ അഭ്യാസം പ്രകടനം ആരാധക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ചിത്രം പുറത്തിറങ്ങുന്നതിന് മുമ്പേ ബോണ്ട് ചിത്രത്തിൽ ഡിഫൻഡർ ഉപയോഗിച്ച് ചെയ്യുന്ന സ്റ്റണ്ട് മെയ്ക്കിങ് വിഡിയോ ലാൻഡ് റോവർ പുറത്തു വിട്ടിരുന്നു. ഏകദേശം 30 മീറ്റർ ഉയരത്തിൽ നിന്ന് താഴേക്ക് പതിപ്പിച്ച് ഓടിപ്പോകുന്ന ഡിഫൻഡറിന്റെ ദൃശ്യങ്ങളാണ് അതിൽ പ്രധാനം.
ചിത്രത്തിന് വേണ്ടി പത്തു ഡിഫൻഡറുകളാണ് ലാൻഡ്റോവർ നിർമിച്ചു നൽകിയത്. പ്രശസ്ത സ്റ്റണ്ട് കോർഡിനേറ്റർ ലീ മൊറൈസണും ഓസ്കാർ ജേതാവ് ക്രിസ് കോർബോൾഡും ചേർന്നാണ് ഡിസ്കവറിയുടെ സ്റ്റണ്ട് ഡിസൈൻ ചെയ്തിരിക്കുന്നത്. വാഹനം ഓടിക്കുന്നവരുടെ സുരക്ഷയ്ക്കായി റോഡ് കേജുകൾ സ്ഥാപിച്ചു എന്നല്ലാതെ വിപണിയിൽ ഇറങ്ങുന്ന വാഹനവുമായി വലിയ വ്യത്യാസങ്ങൾ വരുത്തിയിട്ടില്ലെന്നാണ് ലാൻഡ്റോവർ പറയുന്നത്.
English Summary: Land Rover Defender Launched In India