അമെയ്സിന് പ്രത്യേക പതിപ്പുമായി ഹോണ്ട; വില 7 ലക്ഷം
Mail This Article
നവരാത്രി, ദീപാവലി ഉത്സവകാലം പ്രമാണിച്ച് എൻട്രി ലവൽ സെഡാനായ അമെയ്സി’ന്റെ പ്രത്യേക പതിപ്പുമായി ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട കാഴ്സ് ഇന്ത് ലിമിറ്റഡ്(എച്ച് സി ഐ എൽ). ഇടത്തരം വകഭേദമയ എസ് അടിത്തറയാക്കിയാണു ഹോണ്ട അമെയ്സ് സ്പെഷൽ എഡീഷൻ സാക്ഷാത്കരിച്ചിരിക്കുന്നത്. പെട്രോൾ, ഡീസൽ എൻജിനുകൾക്കൊപ്പം മാനുവൽ, ഓട്ടാറ്റിക് ട്രാൻസ്മിഷനുകളോടെ ഈ പ്രത്യേക പതിപ്പ് വിൽപ്പനയ്ക്കുണ്ട്.
അമെയ്സ് സ്പെഷൽ എഡീഷൻ പെട്രോൾ എംടിക്ക് ഏഴു ലക്ഷം രൂപയആണു ഡൽഹിയിലെ ഷോറൂം വില. പെട്രോൾ എൻജിനൊപ്പം സിവിടി ഗീയർബോക്സ് കൂടിയെത്തുന്നതോടെ വില 7.90 ലക്ഷം രൂപയായി ഉയരും. ഡീസൽ എൻജിനും മാനുവൽ ട്രാൻസ്മിഷനുമുള്ള അമെയ്സ് സ്പെഷൽ എഡീഷന് 8.30 ലക്ഷം രൂപയാണു ഷോറൂം വില. ഡീസൽ എൻജിനു കൂട്ടായി സി വി ടി ഗീയർബോക്സ് എത്തുന്നതോടെ കാർ വില 9.10 ലക്ഷം രൂപയാവും. അമെയ്സിന്റെ ഇടത്തരം വകഭേദത്തെ അപേക്ഷിച്ച് 12,000 രൂപയോളം അധികമാണ് ഈ പ്രത്യേക പതിപ്പിന്റെ വില. ആപ്പ്ൾ കാർപ്ലേ, ആൻഡ്രോയ്ഡ് ഓട്ടോ സഹിതം ഏഴ് ഇഞ്ച് ഇൻഫൊടെയൻമെന്റ് സിസ്റ്റം, സവിശേഷ സീറ്റ് കവർ, മുന്നിൽ സ്ലൈഡിങ് ആം റസ്റ്റ്, ഡോറിൽ പുതിയ ബോഡി ഗ്രാഫിക്സ്, സ്പെഷൽ എഡീഷൻ ബാഡ്ജ് എന്നിവയാണ് ഈ വകഭേദത്തിലെ അധിക സൗകര്യങ്ങൾ.
ഇരട്ട എയർബാഗ്, ഇ ബി ഡി സഹിതം എ ബി എസ്, പിന്നിൽ പാർക്കിങ് സെൻസർ, ടേൺ ഇൻഡിക്കേറ്ററുള്ള പവർ അഡ്ജസ്റ്റബ്ൾ – ഫോൾഡബിൾ ഒ വി ആർ എം, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, സ്റ്റീയറിങ്ങിൽ ഘടിപ്പിച്ച ഓഡിയോ കൺട്രോൾ, ഷാർക് ഫിൻ ആന്റിന, വീൽ കവർ തുടങ്ങിയവയുമുണ്ട്. കാറിനു കരുത്തേകുന്നത് 1.2 ലീറ്റർ, നാലു സിലിണ്ടർ, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എൻജിനാണ്; 90 ബി എച്ച് പി വരെ കരുത്തും 110 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. അതേസമയം, കാറിലെ 1.5 ലീറ്റർ, നാലു സിലിണ്ടർ, ടർബോ ഡീസൽ എൻജിന് 100 ബി എച്ച് പി കരുത്തും 200 എൻ എം വരെ ടോർക്കുമാണു സൃഷ്ടിക്കാനാവുക. ഇരു എൻജിനു കൂട്ടായി മാനുവൽ, സി വി ടി ഗീയർബോക്സുകൾ ലഭ്യമാണ്. ഓട്ടമാറ്റിക് ഗീയർബോക്സ് എത്തുന്നതോടെ ഡീസൽ എൻജിൻ സൃഷ്ടിക്കുന്ന പരമാവധി കരുത്ത് 80 ബി എച്ച് പിയായും ടോർക്ക് 160 എൻ എമ്മായും കുറയും.
ഇന്ത്യയിൽ മാരുതി സുസുക്കി ‘ഡിസയർ’, ഹ്യുണ്ടേയ് ‘ഓറ’, ഫോഡ് ‘ആസ്പയർ’, ടാറ്റ ‘ടിഗൊർ’ തുടങ്ങിയവയോടാണ് ‘അമെയ്സി’ന്റെ മത്സരം. അതേസമയം, ‘ഡിസയറി’നും ‘ടിഗൊറി’നും ഡീസൽ വകഭേദങ്ങൾ ലഭ്യമല്ലെന്ന വ്യത്യാസമുണ്ട്.
English Summary: Honda Amaze Special Edition