ഓഫ് റോഡ് ബൈക്ക് പ്രേമികളേ ഇതാ എത്തി കെടിഎം 250 അഡ്വഞ്ചർ; വില 2.48 ലക്ഷം
Mail This Article
കെ ടി എം പുതിയ ബൈക്കായ കെ ടി എം 250 അഡ്വഞ്ചർ പുറത്തിറക്കി. 2,48,256 രൂപയാണു കെ ടി എം 250 അഡ്വഞ്ചറിന് ഡൽഹിയിലെ ഷോറൂം വില. പുതിയ ബൈക്കിനുള്ള ബുക്കിങ് രാജ്യത്തെ കെ ടി എം ഷോറൂമുകൾ സ്വീകരിച്ചു തുടങ്ങി. അഡ്വഞ്ചർ മോട്ടോർ സൈക്കിൾ വിഭാഗത്തിലെ വിപണന സാധ്യത മുതലെടുക്കാൻ ലക്ഷ്യമിട്ടാണു കെ ടി എം ‘250 അഡ്വഞ്ചർ’ അവതരിപ്പിച്ചത്. അഡ്വഞ്ചർ ബൈക്കിങ് മേഖലയിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്നവരെ സംബന്ധിച്ചിടത്തോളം മികച്ച തുടക്കമാണു ‘250 അഡ്വഞ്ചർ’ വാഗ്ദാനം ചെയ്യുന്നതെന്നും കെ ടി എം വ്യക്തമാക്കി.
ബൈക്കിനു കരുത്തേകുന്നതു ബി എസ് ആറ് നിലവാരമുള്ള, 248.8 സി സി, സിംഗിൾ സിലിണ്ടർ, ലിക്വിഡ് കൂൾഡ് എൻജിനാണ്; ‘ഡ്യൂക്ക് 250’ ബൈക്കിലുമുള്ള ഈ എൻജിന് പരമാവധി 30 ബി എച്ച് പിയോളം കരുത്തും 23 എൻ എം വരെ ടോർക്കും സൃഷ്ടിക്കാനാവും. ആറു സ്പീഡ് ഗീയർബോക്സാണു ട്രാൻസ്മിഷൻ. ബോഷിൽ നിന്നുള്ള ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റ(എ ബി എസ്)ത്തോടെയാണ് ‘250 അഡ്വഞ്ചറി’ന്റെ വരവ്. ഡാഷ്ബോഡിലെ ബട്ടൻ വഴി പ്രവർത്തനക്ഷമമാക്കാവുന്ന ഓഫ് റോഡ് മോഡും ബൈക്കിന്റെ സവിശേഷതയാണ്.
അലോയ് വീൽ, ടി എഫ് ടി ഡിസ്പ്ലേ സ്ക്രീൻ എന്നിവയോടെയെത്തുന്ന ‘250 അഡ്വഞ്ചറി’ൽ എൽ ഇ ഡി ഡേടൈം റണ്ണിങ് ലാംപ് സഹിതം ഹാലജൻ ഹെഡ്‌ലൈറ്റും ലഭ്യമാണ്. അതേസമയം ക്വിക് ഷിഫ്റ്റർ, ക്വിക് കോണറിങ് എ ബി എസ്, ട്രാക്ഷൻ കൺട്രോൾ എന്നിവ ഈ ബൈക്കിലില്ല. 200 എം എം ഗ്രൗണ്ട് ക്ലിയറൻസോടെ എത്തുന്ന ബൈക്കിന്റെ മുൻസസ്പെൻഷൻ 170 എം എം സഞ്ചാരശേഷിയുള്ള, 43 എം എം ഡബ്ല്യു പി അപെക്സ് അപ്സൗഡ് ഡൗൺ ഫോർക്കാണ്. പിൻഷോക് അബ്സോബറിനും 177 എം എം സഞ്ചാര ശേഷിയുണ്ട്.
മുന്നിൽ 320 എം എം, പിന്നിൽ 230 എം എം ബ്രെംബൊ ഡിസ്ക് ബ്രേക്കുകളാണു ‘250 അഡ്വഞ്ചറി’ലുള്ളത്. 14.5 ലീറ്ററാണു ബൈക്കിലെ ഇന്ധന ടാങ്കിന്റെ സംഭരണശേഷി. ഈ വർഷം ആദ്യം അവതരിപ്പിച്ച ‘കെ ടി എം 390 അഡ്വഞ്ചറി’ന് മികച്ച സ്വീകര്യതയാണു ലഭിച്ചതെന്നു ബജാജ് ഓട്ടോ പ്രസിഡന്റ്(പ്രോബൈക്കിങ്) സുമീത് നാരംഗ് അവകാശപ്പെട്ടു. ഈ വിജയമാണ് ‘250 അഡ്വഞ്ചർ’ പുറത്തിറക്കാൻ ആത്മവിശ്വാസം പകരുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
‘കെ ടി എം 390 അഡ്വഞ്ചർ’ പ്ലാറ്റ്ഫോം അടിത്തറയാക്കുന്ന ‘കെ ടി എം 250 അഡ്വഞ്ചറി’നെ ലോകമെമ്പാടുമുള്ള റൈഡർമാരെ ആകർഷിക്കാൻ പര്യാപ്തമായ ട്രാവൽ എൻഡ്യൂറൊ മോട്ടോർ സൈക്കിളാണെന്നും നാരംഗ് അഭിപ്രായപ്പെട്ടു.
English Summary: KTM 250 Adventure launch: Price, other details