കൂടുതൽ റേഞ്ചുമായി എംജി സിഎസ്, ഒറ്റ ചാർജിൽ 419 കി.മീ മൈലേജ്
Mail This Article
എംജിയുടെ ഇലക്ട്രിക് എസ്‌യുവി സിഎസിന്റെ പുതിയ പതിപ്പ് വിപണിയിൽ. എക്സൈറ്റ്, എക്സ്ക്ലൂസീവ് എന്നീ രണ്ടു വേരിയന്റുകളിൽ ലഭിക്കുന്ന വാഹനത്തിന്റെ വില 20.99 ലക്ഷം രൂപയും 24.18 ലക്ഷം രൂപയുമാണ്. കാഴ്ചയിൽ കാര്യമായ മാറ്റങ്ങളില്ലാതെയാണ് 2021 സിഎസ് എത്തുന്നത്. എന്നാൽ 44.5 കിലോവാട്ട് കപ്പാസിറ്റിയുള്ള പുതിയ ഹൈടെക് ബാറ്ററി ഒരു പ്രാവശ്യം ചാർജു ചെയ്താൽ 419 കിലോമീറ്റർ സഞ്ചരിക്കും.
419 കിലോമീറ്റർ സർട്ടിഫൈഡ് റേഞ്ച് ആണെന്നും ഒട്ടു മിക്ക സാഹചര്യങ്ങളിലും വാഹനം 300 മുതൽ 400 കിലോമീറ്റർ വരെ ഓടുമെന്നും കമ്പനി അവകാശപ്പെടുന്നു. പഴയ പതിപ്പിന്റെ റേഞ്ച് 340 കിലോമീറ്ററായിരുന്നു. ഇതുകൂടാതെ വാഹനത്തിന്റെ ഗ്രൗണ്ട് ക്ലിയറൻസ് 177 എംഎം ആയി വർദ്ധിപ്പിച്ചു. മുമ്പ് ഇത് 161 എംഎം ആയിരുന്നു.
എക്‌സൈറ്റ് മോഡലിന് മുന്‍ മോഡലിനെക്കാള്‍ 11,000 രൂപയും എക്‌സ്‌ക്ലൂസീവ് വേരിയന്റിന് 66,000 രൂപയും ഉയർന്നിട്ടുണ്ട്. രാജ്യത്തെ ആദ്യ ഇന്റർനെറ്റ് ഇലക്ട്രിക് എസ്‌യുവിയായി എത്തിയ എംജി സിഎസിൽ ഐ-സ്മാര്‍ട്ട് ഇവി 2.0 സംവിധാനത്തിലുള്ള എട്ട് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റുമുണ്ട്. കൂടാതെ ഡ്യുവല്‍ പാന്‍ പനോരമിക് സണ്‍റൂഫ്, റെയിന്‍ സെന്‍സിങ്ങ് വൈപ്പറുകള്‍, ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോ ഹെഡ്‌ലാമ്പ്, പുഷ് സ്റ്റാര്‍ട്ട്-സ്റ്റോപ്പ് സംവിധാനം തുടങ്ങി നിരവധി ഫീച്ചറുകളുണ്ട്.
44.5 കിലോവാട്ട് ഹൈടെക് ബാറ്ററിയാണ് ഈ വാഹനത്തില്‍. പരമാവധി 143 ബിഎച്ച്പി. പവറും 353 എന്‍എംടോര്‍ക്കും നൽകുന്ന ഇലക്ട്രിക് മോട്ടോറും നല്‍കിയിട്ടുണ്ട്. ഡിസി ഫാസ്റ്റ് ചാർജർ ഉപയോഗിച്ചാൽ 80 ശതമാനം 50 മിനിറ്റിൽ ചാർജാകും. എസി ചാർജർ മോഡലിൽ 6 മുതല്‍ 9 മണിക്കൂർ വരെയാണ് ചാർജിങ് സമയം. ഇതുകൂടാതെയാണ് പോർട്ടബിൾ ചാർജറുമുണ്ട്.
English Summary: 2021 MG ZS EV Launched at Rs 20.99 Lakh