ഡ്യുകാറ്റി 2021 സ്ട്രീറ്റ് ഫൈറ്റർ വി ഫോർ ഇന്ത്യയില്, വില 19.99 ലക്ഷം രൂപ
Mail This Article
ഇറ്റാലിയൻ പ്രീമിയം മോട്ടോർ സൈക്കിൾ നിർമാതാക്കളായ ഡ്യുകാറ്റിയുടെ ഹൈപ്പർ നേക്കഡ് ബൈക്കായ 2021 സ്ട്രീറ്റ് ഫൈറ്റർ വി ഫോർ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തി. നീണ്ട കാത്തിരിപ്പിനൊടുവിൽ ഇന്ത്യൻ വിപണിയിലെത്തിയ സ്ട്രീറ്റ് ഫൈറ്ററിന്റെ അടിസ്ഥാന മോഡലിന് 19.99 ലക്ഷം രൂപയും മുന്തിയ പതിപ്പായ ‘സ്ട്രീറ്റ് ഫൈറ്റർ വി ഫോർ എസി’ന് 22.99 ലക്ഷം രൂപയുമാണു ഷോറൂം വില.
പനിഗേൽ വി ഫോറിൽ നിന്നു ഡെസ്മൊസെഡിസി സ്ട്രൈഡേൽ വി ഫോറിനായി ഒരുക്കിയ എൻജിൻ തന്നെയാണ് സ്ട്രീറ്റ് ഫൈറ്ററിനും കരുത്തേകുന്നത്. 1,103 സി സി, നാലു സിലിണ്ടർ(വി ഫോർ), ലിക്വിഡ് കൂൾഡ് എൻജിന് 12,750 ആർ പി എമ്മിൽ 205 ബി എച്ച് പി വരെ കുത്തും 11,500 ആർ പി എമ്മിൽ 123 എൻ എമ്മോളം ടോർക്കും സൃഷ്ടിക്കാനാവും. സ്ലിപ്പർ, അസിസ്റ്റ് ക്ലച്ചും ക്വിക് ഷിഫ്റ്ററും സഹിതമുള്ള ആറു സ്പീഡ് ഗീയർബോക്സാണു ട്രാൻസ്മിഷൻ.
എൽ ഇ ഡി ഹെഡ്ലൈറ്റ്, പൂർണമായും ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്ലസ്റ്റർ, ഏറോഡൈനമിക് വിങ്ലെറ്റ് തുടങ്ങിയവയെല്ലാം സഹിതമാണു ബൈക്കുകളുടെ വരവ്. അടിസ്ഥാന പതിപ്പിൽ ഷോവയുടെ വലിയ പിസ്റ്റൻ സഹിതമുള്ള മുൻ ഫോർക്കും പിന്നിൽ സാക്സ് മോണോ ഷോക്കും ഇടംപിടിക്കുന്നു. സാക്സ് സ്റ്റീയറിങ് ഡാംപ്നറും ബൈക്കിലുണ്ട്. അതേസമയം, പ്രീമിയം ‘എസ്’ പതിപ്പിൽ ഇലക്ട്രോണിക്കലി അഡ്ജസ്റ്റബ്ൾ ഒലിൻസ് എൻ ഐ എക്സ് 30 മുൻ ഫോർക്കും പിന്നിൽ ഒലിൻസ് ടി ടി എക്സ് 36 മോണോ ഷോക്കുമാണ് സസ്പെൻഷൻ. സ്റ്റീയറിങ് ഡാംപ്നറും ഒലിൻസിന്റെ തന്നെ.
ഇരു വകഭേദങ്ങളിലും മുന്നിൽ ഇരട്ട 330 എം എം ഡിസ്ക് ബ്രേക്കും പിന്നിൽ ഒറ്റ 245 എം എം ഡിസ്ക് ബ്രേക്കുമാണു ഘടിപ്പിച്ചിരിക്കുന്നത്. രണ്ടു നിറങ്ങളിലാണ് ‘സ്ട്രീറ്റ് ഫൈറ്റർ’ വിൽപ്പനയ്ക്കുള്ളത്: ഡാർക് സ്റ്റെൽത്ത്, ഡ്യുകാറ്റി റെഡ്. ഡാർക് സ്റ്റെൽത്ത് നിറത്തിലുള്ള ബൈക്കിനു വില 23.19 ലക്ഷം രൂപയാണ്. രാജ്യാന്തര വിപണികളിൽ കെ ടി എം ‘1200 സൂപപ്്ര ഡ്യൂക്ക് ആർ’, യമഹ ‘എം ടി 10’, കാവസാക്കി ‘സീ എച്ച് ടു’, ഏപ്രിലിയ ‘ടൂണൊ വി ഫോർ’, ബി എം ഡബ്ല്യു ‘എസ് 1000 ആർ’ തുടങ്ങിയവയോടാണ് ‘സ്ട്രീറ്റ് ഫൈറ്ററി’ന്റെ പോരാട്ടം.
English Summary: 2021 Ducati Streetfighter V4 Launched In India