ഫോക്സ്‌വാഗൻ ടൈഗൂൺ വിപണിയിൽ, വില 10.50 ലക്ഷം മുതൽ
Mail This Article
ഫോക്സ്‌വാഗന്റെ കോംപാക്ട് എസ്‌യുവി ടൈഗൂൺ വിപണിയിൽ. രണ്ട് പെട്രോൾ എൻജിൻ വകഭേദങ്ങളുമായി എത്തുന്ന വാഹനത്തിന്റെ എക്സ്ഷോറൂം വില 10.50 ലക്ഷം രൂപ മുതൽ 17.50 ലക്ഷം രൂപ വരെയാണ്. അവതരണത്തിനു മുന്നോടിയായി ഈ മാസം ആദ്യം മുതൽ ഫോക്സ്‌വാഗൻ ടൈഗൂണിനുള്ള ബുക്കിങ് ആരംഭിച്ചിരുന്നു. കടുത്ത മത്സരത്തിനു സാക്ഷ്യം വഹിക്കുന്ന ഇന്ത്യൻ കോംപാക്ട് എസ്‌യുവി വിപണിയിൽ ഹ്യുണ്ടേയ് ക്രേറ്റ, കിയ സെൽറ്റോസ്, ടാറ്റ ഹാരിയർ, എംജി ഹെക്ടർ പ്ലസ് തുടങ്ങിയവയ്ക്കൊപ്പം സ്കോഡ കുശക്കിനെയും ടൈഗൂണിനു നേരിടേണ്ടി വരും.
ഇന്ത്യയ്ക്കായി ഫോക്സ്‌വാഗൻ ആവിഷ്കരിച്ച ഇന്ത്യ 2.0 തന്ത്രത്തിന്റെ ഭാഗമായി അവതരിപ്പിക്കുന്ന ടൈഗൂൺ പുണെയ്ക്കടുത്ത് ചക്കനിലുള്ള ശാലയിൽ നിന്നാണു നിരത്തിലെത്തുന്നത്. എംക്യുബി ആർക്കിടെക്ചറിന്റെ വകഭേദമായ എംക്യുബി എ സീറോ ഐ എൻ പ്ലാറ്റ്ഫോം അടിത്തറയാകുന്ന ടൈഗൂൺ ഫോക്സ്‌വാഗന്റെ ഉന്നത നിർമാണ നിലവാരം നിലനിർത്തുമ്പോഴും ഇന്ത്യൻ ഉപയോക്താക്കൾക്കായി സവിശേഷമായി രൂപകൽപ്പന ചെയ്തതാണെന്നാണു കമ്പനിയുടെ പക്ഷം.
രണ്ട് ടിഎസ്ഐ പെട്രോൾ എൻജിൻ മോഡലുകളോടെയാണ് ടൈഗൂണിന്റെ വരവ്. 1 ലീറ്ററും 1.5 ലീറ്ററും. ഒരു ലിറ്റർ എൻജിനു കൂട്ടായി മാനുവൽ, ആറു സ്പീഡ് ഓട്ടമാറ്റിക് ഗീയർബോക്സുകൾ എത്തും. അതേസമയം 1.5 ലീറ്റർ എൻജിനൊപ്പം ആറു സ്പീഡ് മാനുവൽ, ഏഴു സ്പീഡ് ഡി എസ് ജി ഓട്ടമാറ്റിക് ഗീയർബോക്സുകളാണു ട്രാൻസ്മിഷൻ സാധ്യതകൾ. വൃത്തിയുള്ള മുൻ ഗ്രില്ലും ക്രോമിയത്തിന്റെ പകിട്ടും 17 ഇഞ്ച് അലോയ് വീലും സ്ട്രെച്ഡ് ഔട്ട് എൽ ഇ ഡി ടെയിൽ ലൈറ്റുമൊക്കെയായിട്ടാവും ‘ടൈഗുണി’ന്റെ വരവ്. അകത്തളത്തിലാവട്ടെ വയർലെസ് ആൻഡ്രോയ്ഡ് ഓട്ടോ/ആപ്പ്ൾ കാർ പ്ലേ കണക്ടിവിറ്റി, സൺ റൂഫ്, 10 ഇഞ്ച് ഇൻഫൊടെയ്ൻമെന്റ് സ്ക്രീൻ, ഡ്രൈവർക്കായി എട്ട് ഇഞ്ച് ഡിജിറ്റൽ ഡിസ്പ്ലേയുമുണ്ട്.
English Summary: Volkswagen Taigun to Launched