461 കി.മീ. റേഞ്ച്; ഇലക്ട്രിക് കാറുകള്ക്ക് പുതുമാനം നൽകി എംജി സിഎസ്
Mail This Article
എംജിയുടെ ഇലക്ട്രിക് എസ്‍യുവി സിഎസിന്റെ പുതിയ പതിപ്പ് വിപണിയിൽ. എക്സൈറ്റ്, എക്സ്ക്ലൂസിവ് എന്നീ വകഭേദങ്ങളിൽ പുറത്തിറങ്ങിയ വാഹനത്തിന്റെ വില 21.99 ലക്ഷം രൂപയും 25.88 ലക്ഷം രൂപയുമാണ്. ഒറ്റ ചാർജിൽ 461 കിലോമീറ്റർ റേഞ്ച് നൽകുന്ന 50.3 കിലോവാട്ട് ബാറ്ററിയാണ് വാഹനത്തിന്റെ ഏറ്റവും വലിയ മാറ്റം. 176 ബിഎച്ച്പി കരുത്തും 353 എൻഎം ടോർക്കും നൽകും സിഎസിന്റെ മോട്ടർ.
കഴിഞ്ഞ വർഷം രാജ്യാന്തര വിപണിയിൽ പുറത്തിറങ്ങിയ എസ്‍യുവി വലിയ മാറ്റങ്ങളില്ലാതെയാണ് ഇന്ത്യൻ വിപണിയിലെത്തിയത്. ആദ്യ തലമുറയിലെ 44.5 കിലോവാട്ട് ബാറ്ററിയാണ് 50.3 കിലോവാട്ട് ബാറ്ററിക്ക് വഴിമാറിയത്. റേഞ്ച് 42 കിലോമീറ്റർ വർധിച്ച് 461 കിലോമീറ്റായി മാറി.
അടുത്തിടെ ഇന്ത്യൻ വിപണിയിലെത്തിയ സിഎസിന്റെ പെട്രോൾ പതിപ്പായ ആസ്റ്ററുമായി വളരെ അധികം സാമ്യമുണ്ട് പുതിയ ഇല്ക്ട്രിക് എസ്‍യുവിക്ക്. ചെറിയ ഹെഡ്‌ലാംപും ഡേടൈം റണ്ണിങ് ലാംപുകളും എൽഇഡി ടെയിൽ ലാംപുകളും ആസ്റ്റിന് സമാനം. മുന്നിൽ ഇലക്ട്രിക് ഒൺലി ഗ്രില്ലാണ്. മുൻ ലോഗോയ്ക്ക് പിന്നിൽ ഒളിപ്പിച്ചിരിക്കുന്ന ചാർജിങ് പോർട്ട്. 17 അലോയ് വീലുകളാണ് വാഹനത്തിന് ഉപയോഗിക്കുന്നത്.
ഇന്റീരിയറിയലും മാറ്റങ്ങളുണ്ട്. വലിയ 10.1 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റമാണ്. കൂടാതെ 7 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും നൽകിയിരിക്കുന്നു. 360 ഡിഗ്രി ക്യാമറ ഡ്രൈവ് അസിസ്റ്റ് ഫീച്ചറുകളായ ലൈൻ കീപ്പ് അസിസ്റ്റ്, ബ്ലൈൻഡ് സ്പോട്ട് ഡിക്റ്റഷൻ തുടങ്ങിയവയുമുണ്ട്. കൂടാതെ പനോരമിക് സൺറൂഫ്, ഡിജിറ്റൽ ബ്ലൂടൂത്ത് കീ, ആറ് എയർബാഗുകൾ, ഹിൽ ഡിസന്റ് കൺട്രോൾ, ടിപിഎംഎസ്, ഇഎസ്‌സു തുടങ്ങിയ ഫീച്ചറുകളും പുതിയ സിഎസിലുണ്ട്.
English Summary: Updated MG ZS EV Launched In India