ഹെഡ്സ്അപ് ഡിസ്പ്ലെ, ഹൈടെക് ഫീച്ചറുകൾ; പുതിയ ഗ്ലാൻസ വിപണിയിൽ, വില 6.39 ലക്ഷം മുതല്‍
Mail This Article
പുതിയ ടൊയോട്ട ഗ്ലാൻസ വിപണിയിൽ. നാലു വകഭേദങ്ങളിലായി മാനുവൽ, ഓട്ടമാറ്റിക്ക് മോഡലുകളിൽ ലഭിക്കുന്ന വാഹനത്തിന്റെ വില 6.39 ലക്ഷം മുതൽ 9.69 ലക്ഷം രൂപവരെയാണ്. മാരുതി സുസുക്കി ബലേനൊയുടെ ടൊയോട്ട പതിപ്പ് ഗ്ലാൻസയുടെ ബുക്കിങ് കമ്പനി നേരത്തെ ആരംഭിച്ചിരുന്നു. മാനുവൽ, എജിഎസ് ട്രാൻസ്മിഷനുകളിലായി ഇ, വി, ജി, എസ് എന്നീ നാലു വേരിയന്റുകളിലായാണ് പുതിയ വാഹനം വിപണിയിലെത്തുന്നത്.
മികച്ച സ്റ്റൈൽ
പുതിയ ബലേനൊയുടെ ബാഡ്ജ് എൻജിനിയേറിങ് പതിപ്പാണെങ്കിലും മാറ്റങ്ങൾ കൊണ്ടുവരാൻ ടൊയോട്ട ശ്രമിച്ചിട്ടുണ്ട്. പുതിയ ക്രാംറിയിലേതുപോലുള്ള മുൻ ഗ്രില്ലാണ് അതിൽ പ്രധാനം. ബലേനോയ്ക്ക് സമാനമായി മാറ്റങ്ങൾ പുതിയ ബലേനോയിലും വന്നിട്ടുണ്ട്. സ്പോർട്ടിയറായ പുതിയ മുൻബംബർ, എൽഇഡി ഡേറ്റൈം റണ്ണിങ് ലാംപുകൾ എന്നിവയുണ്ട്. ഇന്റീരിയറിൽ കറുപ്പും ബീജും നിറങ്ങളും നൽകിയിട്ടുണ്ട്.
വകഭേദങ്ങളും ഫീച്ചറുകളും
നേരത്തെ ബലേനൊയുടെ സീറ്റ, ആൽഫ രണ്ടു വേരിയന്റുകളുടെ ബാഡ്ജ് എൻജിനിയേറിങ് മോഡൽ മാത്രമായിരുന്നു ഗ്ലാൻസയിലുണ്ടായിരുന്നത്. എന്നാൽ പുതിയ പതിപ്പിൽ ബലേനൊയുടെ അടിസ്ഥാന വകഭേദം മുതലുണ്ട്. ഹായ് ടൊയോട്ട വോയിസ് അസിസ്റ്റന്റ്, ഹെഡ് അപ്പ് ഡിസ്‌പ്ലേ, 360 ഡിഗ്രി ക്യാമറ, സ്മാർട്ട് ഫോണിലൂടെ ( ആപ്പിൾ & ആൻഡ്രോയിഡ്) നിയന്ത്രിക്കാവുന്ന 9 ഇഞ്ച് ഇൻഫോടെയ്ൻമെൻറ് സിസ്റ്റം, 6 എയർ ബാഗുകള്‍ എന്നിവയുമുണ്ട്. മൂന്നു വർഷം അല്ലെങ്കിൽ 1 ലക്ഷം കിലോമീറ്റർ നോർമൽ വാറന്റിയും അഞ്ചുവർഷം അല്ലെങ്കിൽ 2.20 ലക്ഷം കിലോമീറ്റർ അധിക വാറന്റിയും ടൊയോട്ട നൽകുന്നുണ്ട്.
എൻജിൻ
പുതിയ ബലേനൊയിലെ കെ സീരിസ് എൻജിൻ തന്നെയാണ് ഗ്ലാൻസയിലും. 1.2 ലീറ്റർ ശേഷിയുള്ള ഡ്യുവൽ ജെറ്റ് പെട്രോൾ എൻജിൻ 90 ബിഎച്ച്പി കരുത്തുണ്ട്. അഞ്ച് സ്പീഡ് മാനുവൽ , എഎംടി ഗിയർബോക്സുകളാണ് കാറിൽ.
English Summary: Toyota Glanza New Model Launched in India