456 കി.മീ റേഞ്ചുമായി എക്സ്‌യുവി 400; വില 15.99 ലക്ഷം മുതൽ
Mail This Article
ഇലക്ട്രിക് എസ്‍യുവി, എക്സ്‍യുവി 400യുടെ വില പ്രഖ്യാപിച്ച് മഹീന്ദ്ര. മൂന്നു വ്യത്യസ്ത മോഡലുകളിലുള്ള ഇലക്ട്രിക് എസ്‍യുവിയുടെ അടിസ്ഥാന വകഭേദമായി ‘എക്സ്ഇ’യുടെ വില 15.99 ലക്ഷം രൂപയും രണ്ടാമത്തെ എക്സ്‌ഇ 7.2 kW ചാർജർ വകഭേദത്തിന്റെ വില വില 16.49 ലക്ഷം രൂപയും ഉയർന്ന വകഭേദമായ എക്സ് എല്ലിന്റെ വില 18.99 ലക്ഷം രൂപയുമാണ്.
ആദ്യം ബുക്ക് ചെയ്യുന്ന 5000 പേർക്കാണ് ഈ പ്രാരംഭ വിലയിൽ വാഹനം ലഭിക്കുക. രാജ്യത്തിന്റെ 34 നഗരങ്ങളിൽ ആദ്യ ഘട്ടത്തിൽ എക്‌സ്‌യുവി 400 ലഭ്യമാക്കും എന്നാണ് മഹീന്ദ്ര അറിയിക്കുന്നത്. ഒരു വർഷത്തിനുള്ളിൽ 20000 യൂണിറ്റുകൾ വിതരണം ചെയ്യാനാണ് ശ്രമിക്കുന്നതെന്നും മഹീന്ദ്ര അറിയിക്കുന്നു.
എക്സ്‌സി വകഭേദം 375 കിലോമീറ്റർ റേഞ്ച് നൽകുന്ന 34.5 kWh ബാറ്ററി ഉപയോഗിക്കുമ്പോൾ എക്സ്‌എൽ വകഭേദം 39.4 kWh ബാറ്ററി പാക്ക് ഉപയോഗിക്കുന്നു. എക്സ്‌സി 3.3 kW, 7.2 kW എന്നീ ചാർജർ ഓപ്ഷനുകളിൽ ലഭിക്കുമ്പോൾ എക്സ്എൽ 7.2 kW ചാർജറിൽ മാത്രം ലഭിക്കും. ഒറ്റ ചാർജിൽ 456 കിലോമീറ്റർ എക്സ് എൽ വകഭേദം സഞ്ചരിക്കും എന്നാണ് കമ്പനി പറയുന്നത്.
ഇരു ബാറ്ററി പാക്ക് മോഡലുകൾക്കും 150 എച്ച്പി കരുത്തും 310 എൻഎം ടോർക്കുമുള്ള ഇലക്ട്രിക് മോട്ടറാണ് ഉപയോഗിക്കുന്നത്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത്തിലെത്താൻ വെറും 8.3 സെക്കൻഡ് മാത്രം മതി എക്സ്‍യുവിക്ക്. വാഹനത്തിന് മൂന്നു വർഷവും ബാറ്ററിക്കും മോട്ടറിനും എട്ടു വർഷം അല്ലെങ്കിൽ 1.60 ലക്ഷം കിലോമീറ്ററും വാറന്റിയും നൽകുന്നുണ്ട്.
50 കിലോവാട്ട് ഡിസി ചാർജർ ഉപയോഗിച്ചാൽ എൺപത് ശതമാനം വരെ 50 മിനിറ്റില്‍ ചാർജ് ചെയ്യാൻ സാധിക്കും. 7.2 കിലോവാട്ട് ചാർജിങ് സോക്കറ്റിലൂടെ വാഹനം പൂർണ ചാർജിലെത്താൻ 6 മണിക്കൂർ 30 മിനിറ്റും 3.3 കിലോവാട്ട് ഡൊമസ്റ്റിക് ചാർജറിലൂടെ 13 മണിക്കൂറും വേണ്ടിവരും. ഫൺ, ഫാസ്റ്റ്, ഫിയർലെസ് എന്നി മോഡുകളുണ്ട് എസ്‍യുവിക്ക്. റീജനറേറ്റീവ് ബ്രേക്കിങ്ങുമുണ്ട്.
എക്സ്‌യുവി 300യെക്കാൾ 205 എംഎം നീളമുണ്ടെങ്കിലും (4200എംഎം) 2600 തന്നെയാണ് എക്സ്‌യുവി 400യുടെ വീൽബെയ്സ്. എക്സ്‌യുവി 300ന് സമാനമായ ഹെഡ്‌ലാംപ് കൺസോള്‍. മഹീന്ദ്രയുടെ പുതിയ ലോഗോയും ക്ലോസ്ഡായ ഗ്രില്ലുമാണ്. ബംബറിൽ ബ്രോൺസ് ഫിനിഷും നൽകിയിട്ടുണ്ട്. പിൻഭാഗത്തിന് എക്സ്‍യുവി 300നോട് തന്നെയാണ് സാമ്യം. 16 ഇഞ്ചാണ് അലോയ് വീലുകൾ.
കറുപ്പിൽ കുളിച്ച ഇന്റീരിയറാണ്. എക്സ്‍യുവി 300യുമായി വളരെ അധികം സാമ്യം. സ്വിച്ചുകൾക്കും എസി വെന്റുകൾക്കും ബ്രോൺസ് ഫിനിഷ്. ഡിജിറ്റർ എംഐഡിയുള്ള അനലോഗ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 7 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റമാണ്. കൂടായെ ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, സൺറൂഫ്, ക്രൂസ് കൺട്രോൾ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർ പ്ലേ, ഓവർ ദ എയർ അപ്ഡേറ്റുകളുള്ള കണക്റ്റഡ് കാർ ടെക്ക് എന്നിവയുണ്ട്. ഐപി67 സുരക്ഷ റേറ്റിങ്ങുള്ള ബാറ്ററി പാക്കാണ് വാഹനത്തിന് കൂടാതെ 6 എയർബാഗുകൾ, നാലുവീലുകളിലും ഡിസ്ക് ബ്രേക്ക് എന്നിവയുണ്ട്.
English Summary: Mahindra XUV400 EV launched at Rs 15.99 Lakh