ADVERTISEMENT

ഹ്യുണ്ടേയ്‌യുടെ മി‍ഡ് സൈസ് സെഡാൻ വെർനയുടെ പുതിയ വകഭേദം വിപണിയിൽ. 1.5 ലീറ്റർ പെട്രോൾ എംടി, 1.5 ലീറ്റർ പെട്രോൾ ഓട്ടമാറ്റിക്ക്, 1.5 ലീറ്റർ ടർബോ പെട്രോൾ മാനുവൽ, 1.5 ലീറ്റർ ടർബോ പെട്രോൾ ഓട്ടമാറ്റിക്ക് എന്നീ എൻജിൻ വകഭേദങ്ങളിൽ ലഭിക്കുന്ന കാറിന്റെ എക്സ്ഷോറൂം വില 10.89 ലക്ഷം മുതൽ 17.37 ലക്ഷം രൂപ വരെയാണ്. പുറത്തിറക്കലിന് മുന്നോടിയായി കഴിഞ്ഞ മാസം ഹ്യുണ്ടേയ് വെർനയുടെ ബുക്കിങ് സ്വീകരിച്ചു തുടങ്ങിയിരുന്നു. ഇതുവരെ 8000 ബുക്കിങ്ങുകൾ വെർനയ്ക്ക് ലഭിച്ചു എന്നാണ് ഹ്യുണ്ടേയ് പറയുന്നത്. 

 

വലിയ വെർന

Hyundai Verna
Hyundai Verna

 

സെഗ്‌മെന്റിലെ ഏറ്റവും വലിയ വാഹനങ്ങളിലൊന്നാണ് വെർന. 4535 എംഎം നീളവും 1765 എംഎം വീതിയും 2670 എംഎം വീൽബേസും, സെഗ്മെന്റിലെ ഏറ്റവും വലിയ  528 ലീറ്റർ ബൂട്ട് സ്പെയ്സുമുണ്ട്.

 

hyundai-verna

സ്റ്റൈലിഷ് വെര്‍ന

 

പുറം കാഴ്ചയില്‍ത്തന്നെ അതീവ സ്റ്റൈലിഷായ വെര്‍നയെയാണ് ഹ്യുണ്ടേയ് അവതരിപ്പിച്ചിരിക്കുന്നത്. സ്പ്ലിറ്റ് ഹെഡ് ലാംപുകളും ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ നീണ്ട എല്‍ഇഡി ലാംപുകളും ആദ്യ കാഴ്ചയില്‍ത്തന്നെ ആകര്‍ഷിക്കും. കാറിന്റെ വീതി പൂര്‍ണമായും ഉപയോഗിച്ചുള്ള ഗ്രില്ലുകള്‍ക്ക് ട്യൂസോണിനോടാണ് കൂടുതല്‍ സാമ്യം. ആരോ ഹെഡ് ഡിസൈനാണ് ബംപറുകളുടെ വശങ്ങളില്‍ നല്‍കിയിരിക്കുന്നത്. 

 

hyundai-verna-1

കൂടുതല്‍ ഫ്‌ളാറ്റായ ബോണറ്റ് പുതിയ വെര്‍നയെ ഒരു മസില്‍കാറാക്കുന്നുണ്ട്. ഡയമണ്ട് കട്ട് അലോയ് വീലും വീല്‍ ആര്‍ക്കുകളോട് ചേര്‍ന്നു നില്‍ക്കുന്ന ഡോറുകളുമാണ് വെര്‍നക്കുള്ളത്. മുഴുനീള എല്‍ഇഡി ലൈറ്റ് ബാറുകളും രത്‌നങ്ങള്‍ നിറച്ചുവച്ചതുപോലുള്ള ടെയില്‍ ലാംപുകളുമുണ്ട്.

 

ഫീച്ചറുകൾ നിറച്ച ഇന്റീരിയർ

 

ഡ്യുവൽ ടോൺ ബീജ് ആൻഡ് ബ്ലാക് ഇന്റീരിയറാണ് വാഹനത്തിന്. ഡാഷ് ബോർഡിനും ഡോർ ട്രിമ്മുകൾക്കും സോഫ്റ്റ് ടച്ച് മെറ്റീരിയൽ നൽകിയിരിക്കുന്നു. ഡാഷ് ബോർഡിലും ഡോർ ട്രിമ്മുകളിലുമുള്ള 64 കളർ ആംബിയന്റ് ലൈറ്റ് സ്ട്രിപ്പ് വെർനയുടെ മറ്റൊരു പ്രത്യേകതയാണ്. ഡാഷ് ബോർഡിൽ ഇന്റഗ്രേറ്റ് ചെയ്തിരിക്കുന്ന എസി വെന്റുകൾ, ഹിറ്റഡും വെറ്റിലേറ്റഡുമായ സീറ്റുകൾ, ക്ലൈമറ്റ് കൺട്രോൾ, ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോൾ, ഹിറ്റ് സ്റ്റാർട് അസിസ്റ്റ്, മുൻ പാർക്കിങ് സെൻസർ എന്നിവയുണ്ട്. ഹ്യുണ്ടേയ് വാഹനങ്ങളിൽ ഇന്നുവരെ കാണാത്ത തരം സ്റ്റിയറിങ് വീലാണ് കാറിൽ. ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർ പ്ലെ എന്നിവയുള്ള 10.25 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, വോയിസ്കമന്റ് എന്നിവയുണ്ട്.  

 

രണ്ട് പവര്‍ട്രെയിന്‍

 

നിലവിലെ 1.5 ലീറ്റര്‍ 115 ബിഎച്ച്പി എൻജിന് പുറമേ 160 ബിഎച്ച്പി പെട്രോള്‍ എൻജിൻ ഓപ്ഷനും ഇനി മുതല്‍ വെര്‍ന ഉപഭോക്താക്കള്‍ക്ക് ലഭിക്കും. 1.5 ലീറ്റര്‍ 160 ബിഎച്ച്പി എൻജിനില്‍ 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 7 സ്പീഡ് ഓട്ടമാറ്റിക് ഗിയര്‍ബോക്‌സായിരിക്കും ഉണ്ടാവുക. 115 ബിഎച്ച്പി എൻജിനില്‍ 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ സിവിടി ഗിയര്‍ബോക്‌സായിരിക്കും ഉണ്ടാവുക. പുതിയ വെര്‍നയിൽ ഡീസല്‍ എൻജിൻ ഉണ്ടാവില്ല. 

 

സുരക്ഷ

 

സുരക്ഷയ്ക്കായി ആറ് എയർബാഗുകൾ, എബിഎസ്, ഇബിഡി എന്നിവ അടിസ്ഥാന വകഭേദം മുതൽ നൽകിയിട്ടുണ്ട്. ഉയർന്ന ഡിസിടി വകഭേദത്തിൽ നാല് ഡിസ്ക് ബ്രേക്കുകളും നൽകിയിയിരിക്കുന്നു. ചില വകഭേങ്ങളിൽ എഡിഎഎസ് ഫീച്ചറുകളുമുണ്ട്. 

 

ഇന്ത്യയില്‍ നിര്‍മാണം

 

രാജ്യാന്തരവിപണിയില്‍ പുറത്തിറങ്ങുന്ന പുത്തന്‍ വെര്‍ന ഇന്ത്യയിലാണ് നിര്‍മിക്കുന്നത്. സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലെ പ്ലാന്റിന്റെ പ്രവര്‍ത്തനം റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തെ തുടര്‍ന്ന് നിര്‍ത്തിവച്ചതോടെയാണ് വെര്‍നയുടെ നിര്‍മാണം ഇന്ത്യയിലേക്കെത്തിയത്. വര്‍ഷത്തില്‍ 70,000 യൂണിറ്റുകള്‍ വരെ ചെന്നൈയിലെ പ്ലാന്റില്‍ നിര്‍മിക്കാനാണ് ദക്ഷിണകൊറിയന്‍ കമ്പനിയുടെ തീരുമാനം.

 

എതിരാളികള്‍

 

ഫോക്‌സ്‌വാഗണ്‍ വെര്‍ട്ടസ്, സ്‌കോഡ സ്ലാവിയ, പുത്തന്‍ തലമുറ ഹോണ്ട സിറ്റി, മുഖം മിനുക്കിയെത്തുന്ന മാരുതി സുസുകി സിയാസ് എന്നിവയാണ് വെര്‍നയുടെ പ്രധാന എതിരാളികള്‍. ഈ മോഡലുകള്‍ക്കെല്ലാം ഡീസല്‍ എൻജിനുകളില്ലെന്നതും ശ്രദ്ധേയമാണ്. ഹോണ്ട സിറ്റിയുടെ ഡീസല്‍ എൻജിന്‍ മോഡല്‍ പുതിയ മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ മുന്നില്‍ കണ്ട് പിന്‍വലിക്കുകയും ചെയ്തു.

 

English Summary: New  Hyundai Verna Launched In India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com